Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ശബരിമല: ആയിരത്തോളം സമൂഹമാധ്യമ പ്രൊഫൈലുകള്‍ നിരീക്ഷണത്തിൽ

Social-Media

തിരുവനന്തപുരം ∙ ശബരിമല യുവതീപ്രവേശ വിഷയത്തില്‍ കലാപത്തിന് ആഹ്വാനം ചെയ്ത് സമൂഹ മാധ്യമങ്ങളില്‍ പോസ്റ്റുകളിട്ട ആയിരത്തോളം പേരുടെ പ്രൊഫൈലുകള്‍ പൊലീസ് നിരീക്ഷണത്തില്‍. കലാപ സന്ദേശങ്ങള്‍ കൂടുതലായും പ്രചരിപ്പിക്കുന്നത് യുഎഇയില്‍നിന്നാണെന്നു ഹൈടൈക് സെല്ലിന്റെയും സൈബര്‍ സെല്ലിന്റെയും അന്വേഷണത്തില്‍ കണ്ടെത്തി. പോസ്റ്റുകളുടെ സ്വഭാവത്തിനനുസരിച്ച് ഇവരുടെ പട്ടിക തയാറാക്കുന്ന ജോലികള്‍ പൊലീസ് ആസ്ഥാനത്തെ സോഷ്യല്‍ മീഡിയ സെല്‍ ആരംഭിച്ചു.

ജില്ലകളിലെ സൈബര്‍സെല്‍ വിഭാഗവും സമൂഹ മാധ്യമങ്ങളിൽ വര്‍ഗീയത പ്രചരിപ്പിക്കുന്ന പോസ്റ്റുകള്‍ നിരീക്ഷിക്കുന്നുണ്ട്. പൊതുജനങ്ങള്‍ ശ്രദ്ധയില്‍പ്പെടുത്തുന്ന പോസ്റ്റുകളെക്കുറിച്ചും അന്വേഷണം നടക്കുന്നു. ഇവ പൊലീസ് ആസ്ഥാനത്തെ സെല്ലിനു കൈമാറും. സൈബര്‍ സെല്ലിന്റെയും ഹൈടെക് സെല്ലിന്റെയും പിടിയില്‍നിന്നു രക്ഷപ്പെടാനായി വിദേശ രാജ്യങ്ങളില്‍നിന്നാണ് പോസ്റ്റുകള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്നത്. മിക്ക പ്രൊഫൈലുകളും വ്യാജ പേരിലുള്ളതാണ്. സന്ദേശങ്ങള്‍ കേരളത്തില്‍ തയാറാക്കിയശേഷം വിദേശ രാജ്യങ്ങളിലുള്ള സുഹൃത്തുക്കള്‍ക്ക് വാട്സാപ് മുഖേന അയച്ചു കൊടുക്കുകയും അവര്‍ വ്യാജ അക്കൗണ്ട് വഴി പ്രചരിപ്പിക്കുകയും ചെയ്യുന്ന രീതിയാണ് കണ്ടുവരുന്നതെന്നു പൊലീസ് പറയുന്നു.

കലാപത്തിന് ആഹ്വാനം ചെയ്യുന്ന പോസ്റ്റുകള്‍ പ്രചരിപ്പിച്ചവരുടെ പട്ടിക തയാറാക്കിയശേഷം ഫെയ്സ്ബുക്കിന് അയച്ചു കൊടുക്കും. അതിനുശേഷം ഇവര്‍ ജോലി െചയ്യുന്ന രാജ്യങ്ങളിലെ ഭരണകൂടവുമായി ബന്ധപ്പെട്ട് നാട്ടിലെത്തിക്കാനാണ് നീക്കം. രാജ്യസുരക്ഷയെ ബാധിക്കുന്ന തരത്തില്‍ പ്രവര്‍ത്തനം നടത്തിയെന്നു കാട്ടി ഇന്റര്‍പോള്‍ വഴി ഓരോ രാജ്യത്തെയും പൊലീസിനെ സമീപിക്കും. ജാമ്യമില്ലാ വകുപ്പ് പ്രകാരം ഇവര്‍ക്കെതിരെ കേസെടുക്കാനാണ് പൊലീസ് തീരുമാനം.