Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അറസ്റ്റ്: പിന്നാലെ രഹ്ന ഫാത്തിമയെ ബിഎസ്എൻഎൽ സസ്പെൻഡ് ചെയ്തു

കൊച്ചി ∙ ശബരിമല ദർശനത്തിനെത്തി വിവാദത്തിൽപ്പെട്ട ആക്ടിവിസ്റ്റ് രഹ്ന ഫാത്തിമ അറസ്റ്റിൽ. മതവികാരം വ്രണപ്പെടുത്തുന്ന രീതിയിൽ സമൂഹമാധ്യമങ്ങളിലൂടെ പ്രചാരണം നടത്തിയെന്ന കേസിലാണ് അറസ്റ്റ്.

പത്തനംതിട്ട ടൗൺ സിഐയുടെ നേതൃത്വത്തിലുള്ള പൊലീസ് കൊച്ചിയിൽ രഹ്ന ജോലി ചെയ്യുന്ന ബിഎസ്എൻഎൽ ഓഫിസിൽ എത്തിയാണ് അറസ്റ്റ് ചെയ്തത്. രഹ്നയെ പത്തനംതിട്ട സ്റ്റേഷനിൽ എത്തിച്ചു. പൊലീസ് നടപടിയെ തുടർന്നു രഹ്നയെ ബിഎസ്എൻഎൽ സസ്പെൻഡ് ചെയ്തു. 

മതവികാരം വ്രണപ്പെടുത്തുന്ന രീതിയിൽ രഹ്ന സമൂഹമാധ്യമങ്ങളിൽ പ്രചാരണം നടത്തുന്നതു ബോധ്യപ്പെട്ടതിനെ തുടർന്ന് ഈ കേസിൽ ഹൈക്കോടതി മുൻകൂർ ജാമ്യം തള്ളിയിരുന്നു. തുടർന്നു രഹ്ന സുപ്രീംകോടതിയിൽ അപ്പീൽ നൽകി. കഴിഞ്ഞ ദിവസം കൊച്ചിയിൽ ‘ആർപ്പോ ആർത്തവം’ പരിപാടിയിൽ ഇവർ പങ്കെടുത്തിരുന്നു. രഹ്നയെ കണ്ടിട്ടും പൊലീസ് നോക്കിനിന്നെന്നും ഒളിവിലാണെന്ന പൊലീസ് ഭാഷ്യം നുണയാണെന്നും വിമർശനം ഉയർന്നിരുന്നു.

rehana-fathima-arrest

ശബരിമലയിൽ യുവതീപ്രവേശം അനുവദിച്ചു സുപ്രീംകോടതി ഉത്തരവ് വന്നതിനു തൊട്ടുപിന്നാലെ അയ്യപ്പവേഷത്തിൽ ഫെയ്സ്ബുക്കിൽ രഹ്ന ചിത്രമിട്ടിരുന്നു. ശരീരഭാഗങ്ങൾ കാണുന്ന തരത്തിലുള്ള ചിത്രത്തിനെതിരെ കോട്ടയം തൃക്കൊടിത്താനം സ്വദേശി ആർ.രാധാകൃഷ്ണ മേനോൻ പൊലീസിൽ പരാതി നൽകി.

വൻ പൊലീസ് അകമ്പടിയോടെയാണ് രഹ്ന ശബരിമല ദർശനത്തിനെത്തിയത്. ഭക്തരുടെ പ്രതിഷേധത്തെ തുടർന്ന് നടപ്പന്തലിൽനിന്നു തിരിച്ചുപോരേണ്ടി വന്നു. ഇതിനു പിന്നാലെ, ഇവർ താമസിച്ചിരുന്ന ബിഎസ്എൻഎൽ ക്വാർട്ടേഴ്സിനു നേരെ ആക്രമണമുണ്ടായി. തുടർന്നു ക്വാർട്ടേഴ്സിനു പൊലീസ് കാവൽ ഏർപ്പെടുത്തിയിരുന്നു.