Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മതസൗഹാർദത്തിന്റെ മധുരകഥ; ക്ഷേത്രത്തിലെ പാൽപായസത്തിനു മുസ്‍ലിം തറവാട്ടിലെ പഞ്ചസാര

panakkad-munavvar-ali-shihab-thangal പയ്യന്നൂർ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രം സന്ദർശിച്ച യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് മുനവറലി ശിഹാബ് തങ്ങൾക്കു ചന്ദനവും പുഷ്പവുമടങ്ങിയ പ്രസാദം നൽകിയപ്പോൾ. ചിത്രം: മനോരമ

പയ്യന്നൂർ ∙ മധുരം തൂവുന്ന മതസൗഹാർദത്തിന്റെ കഥയാണിത്; ക്ഷേത്രത്തിലെ പുത്തരി ദിവസം പെരുമാൾക്കു നിവേദിക്കേണ്ട പാൽപായസത്തിലും ഭക്തർക്കു നൽകേണ്ട പുത്തരിയുണ്ടയായ ആഗ്രാണത്തിലും ചേർക്കേണ്ട പഞ്ചസാര കാലങ്ങളായി നൽകുന്ന മുസ്‍ലിം തറവാടിന്റെ സ്നേഹകഥ. പയ്യന്നൂർ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രവും കേളോത്ത് തറവാടുമാണ് ഈ സൗഹാർദത്തിൽ കൈകോർക്കുന്നത്.

ക്ഷേത്രത്തിലെ ഉത്സവ കാലമാണിത്. സുബ്രഹ്മണ്യ സ്വാമി ക്ഷേത്രവുമായി മുസ്‍ലിം തറവാടിന് ആചാരബന്ധമുണ്ട്. പുത്തരി മുഹൂർത്തത്തിനു മുൻപു കേളോത്ത് തറവാട്ടിലെ കാരണവരും മരുമക്കളും പുതിയ മൺകലത്തിൽ പഞ്ചസാര നിറച്ചു വായ് പൊതിഞ്ഞുകെട്ടി ക്ഷേത്രമതിൽക്കകത്തെ ബലിക്കല്ലിനു സമീപം സമർപ്പിക്കുന്ന ചടങ്ങുണ്ട്.

പൂർവികർ കാട്ടിത്തന്ന ഈ പാരമ്പര്യത്തെ ഊട്ടിയുറപ്പിക്കാൻ പാണക്കാട് സയ്യിദ് മുനവറലി ശിഹാബ് തങ്ങളുടെ നേതൃത്വത്തിൽ നടത്തുന്ന യൂത്ത് ലീഗ് യുവജന യാത്രയുടെ നേതാക്കൾ പയ്യന്നൂർ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിലെത്തി. നൂറ്റാണ്ടുകൾക്കു മുൻപ് തുടങ്ങിയ മതസാഹോദര്യത്തിന്റെ സംസ്കാരം ഊട്ടിയുറപ്പിക്കുക എന്നതു ലക്ഷ്യമിട്ടായിരുന്നു സന്ദർശനം.

വർഗീയമുക്ത ഭാരതം എന്ന മുദ്രാവാക്യമുയർത്തി നടത്തുന്ന ജാഥ പയ്യന്നൂർ വഴി കടന്നു പോകുമ്പോൾ ഈ ക്ഷേത്രത്തിലേക്കുള്ള വരവിന് ഏറെ പ്രസക്തിയുണ്ടെന്നു യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് കൂടിയായ ജാഥാ നായകൻ മുനവറലി ശിഹാബ് തങ്ങൾ പറഞ്ഞു. ക്ഷേത്രം കലവറ സൂക്ഷിപ്പുകാരൻ ക്ഷേത്ര മേൽശാന്തിയിൽനിന്നു ചന്ദനവും പുഷ്പവുമടങ്ങിയ പ്രസാദം ഇലയിൽ വാങ്ങി മുനവറലി ശിഹാബ് തങ്ങൾക്കു നൽകി.

Payyanur-Temple പയ്യന്നൂർ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രം സന്ദർശിച്ച യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് മുനവറലി ശിഹാബ് തങ്ങൾക്കു ചന്ദനവും പുഷ്പവുമടങ്ങിയ പ്രസാദം നൽകിയപ്പോൾ. ചിത്രം: മനോരമ

ട്രസ്റ്റി ബോർഡ് അംഗം അനിൽ പുത്തലത്ത്, ആഘോഷ കമ്മിറ്റി ജനറൽ കൺവീനർ കെ.ശിവകുമാർ എന്നിവരുടെ നേതൃത്വത്തിൽ നേതാക്കളെ സ്വീകരിച്ചു. ജാഥാ നായകൻ സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ.ഫിറോസ്, മുസ്‌ലിം ലീഗ് ജില്ലാ സെക്രട്ടറി കെ.ടി.സഹദുല്ല, കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് ഡി.കെ.ഗോപിനാഥ് തുടങ്ങിയവർ ഒപ്പമുണ്ടായിരുന്നു.

related stories