Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഓഹരി വിപണിയിൽ സമ്മിശ്ര പ്രതികരണം; മാറ്റമില്ലാതെ രൂപ, വില കുറഞ്ഞ് എണ്ണ

INDIA BSE

കൊച്ചി ∙ ഓഹരി വിപണി ഇന്നു വ്യാപാരം ആരംഭിക്കുമ്പോൾ മുതൽ വലിയ കയറ്റിയിറക്കങ്ങളില്ലാത്ത സമ്മിശ്ര പ്രവണതയാണ് പ്രകടമാക്കുന്നത്. ഇന്ന് തുടക്കത്തിൽ നിഫ്റ്റി ഇടിവോടെ വ്യാപാരം ആരംഭിച്ചെങ്കിലും നേരിയ തിരിച്ചു വരവ് രേഖപ്പെടുത്തിയിട്ടുണ്ട്. ഐടി ഓഹരികളും എഫ്എംസിജി, ഫാർമ ഓഹരികളും പോസിറ്റീവ് പ്രവണത പ്രകടമാക്കുന്നുണ്ട്. ഇന്നലെ 10628.60 ന് ക്ലോസ് ചെയ്ത നിഫ്റ്റി ഇന്നു രാവിലെ 10621.45 ന് ഓപ്പൺ ചെയ്തു. 35354.08 ന് കഴിഞ്ഞ ദിവസം ക്ലോസ് ചെയ്ത സെൻസെക്സാകട്ടെ നേരിയ വർധനവിൽ 35394.77നാണ് വ്യാപാരം ആരംഭിച്ചത്. തുടർന്ന് സെൻസെക്സും നേരിയ പോസിറ്റീവ് പ്രവണതയിലാണുള്ളത്. നിഫ്റ്റി ഇന്ന് ഉയർന്ന നിലയിൽ 10645–10682 നിലയിൽ റെസിസ്റ്റൻസ് നേരിടാൻ സാധ്യതയുണ്ടെന്ന് ചോയ്സ് ബ്രോക്കിങ് വൈസ്പ്രസിഡന്റ് ബിനു ജോസഫ് വിലയിരുത്തുന്നു. 

വിപണിയിൽ ആറ് സെക്ടറുകൾ പോസിറ്റീവായും അഞ്ച് സെക്ടറുകൾ നഷ്ടത്തിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്. റിയൽറ്റി, ഐടി, ബാങ്ക്, ഫിനാൻഷ്യൽ സർവീസസ് സെക്ടറുകളാണ് ഏറ്റവും മികച്ച നിലയിലുള്ളത്. അതേസമയം മെറ്റൽ, ഫാർമ, എഫ്എംസിജി, മീഡിയ ഇൻഡെക്സുകൾ നഷ്ടത്തിലാണ്. ഇന്നലെ യുഎസ് വിപണിയിൽ ടെക്നോളജി ഓഹരികൾ മികച്ച നിലയിലേക്കു തിരിച്ചു വന്നിരുന്നു. ഇത് ഐടി സ്റ്റോക്കുകൾക്ക് മികച്ച നില നൽകിയിട്ടുണ്ട്. അതേസമയം ഇന്ന് മെറ്റൽ ഇൻഡെക്സിൽ രണ്ടു ശതമാനം ഇടിവാണ് രേഖപ്പെടുത്തിയിട്ടുള്ളത്. മോർഗൻ സ്റ്റാൻലിയുടെ റിപ്പോർട്ട് പ്രകാരം മെറ്റൽ ഓഹരികൾ നിലവിൽ ഉയർന്ന വാല്യുവേഷനിലാണ് വ്യാപാരം പുരോഗമിക്കുന്നത്. മാത്രമല്ല, മെറ്റൽ കമ്പനികളുടെ ഉൽപന്നങ്ങൾക്ക് ഇന്ത്യയിൽ നിന്നുള്ള ആഭ്യന്തര ആവശ്യം കുറയാൻ സാധ്യതയുണ്ടെന്നും റിപ്പോർട്ടുണ്ട്. ഇതെല്ലാം മെറ്റൽ ഓഹരികളെ നെഗറ്റീവായി ബാധിച്ചിട്ടുണ്ട്. നിലവിൽ 839 സ്റ്റോക്കുകൾ പോസിറ്റീവായും 756 സ്റ്റോക്കുകൾ നഷ്ടത്തിലുമാണുള്ളത്. ഇൻഫോസിസ്‍, യെസ്ബാങ്ക്, എച്ച്സിഎൽ ടെക്, ബജാജ് ഫിനാൻഷ്യൽ സർവീസസ് സ്റ്റോക്കുകളാണ് ഉയർന്ന നിലയിലുള്ളത്. നഷ്ടത്തിലുള്ള സ്റ്റോക്കുകൾ സൺ ഫാർമ, ജെഎസ്ഡബ്ലിയു സ്റ്റീൽ, ഹീറോ മോട്ടോർസ് എന്നിവയാണ്. 

വിപണി 10600 ന് മുകളിൽ നിൽക്കുന്നതിനാൽ പോസിറ്റീവ് പ്രവണത തുടരുമെന്നു തന്നെയാണ് വിലയിരുത്തൽ. 10650–10700–10750 റെസിസ്റ്റൻസ് ലവലുകളെന്ന് വിലയിരുത്തുന്നതായി സെലിബ്രസ് ക്യാപിറ്റൽ സീനിയർ അനലിസ്റ്റ് ജോസ് മാത്യു പറഞ്ഞു. അതേസമയം ഇടിവ് അനുഭവപ്പെട്ടാൽ 10570–10530 ആയിരിക്കും സപ്പോർട് ലവൽ. ഇന്ത്യൻ രൂപ ഡോളറിനെതിരെ കാര്യമായ വ്യതിയാനമില്ലാതെ നിൽക്കുന്നുണ്ട്. ഇന്നലെ 70.87ൽ ക്ലോസ് ചെയ്ത രൂപ വ്യാപാരം ഇപ്പോൾ 70.86ലാണ് ഇപ്പോൾ പുരോഗമിക്കുന്നത്. ക്രൂഡ് ഓയിൽ വിലയിൽ നേരിയ ഇടിവ് ഇന്നും ഉണ്ടായിട്ടുണ്ട്. അതേസമയം ഒപ്പക്കിന്റെ അടുത്തയാഴ്ച നടക്കുന്ന മീറ്റിങ്ങിനു ശേഷമേ ക്രൂഡോയിൽ ട്രെൻഡ് അറിയാനാകൂ എന്നാണ് വിലയിരുത്തുന്നത്. രാജ്യാന്തര വിപണികൾ ഇന്നലെ പോസിറ്റീവായാണ് ക്ലോസ് ചെയ്തത്. ഏഷ്യൻ മാർക്കറ്റുകളിലും മികച്ച നിലവാരമാണ് ഇപ്പോഴുള്ളത്. 

267 ബില്യൻ ‍ഡോളറിന്റെ ചൈനീസ് ഉത്പന്നങ്ങൾക്ക് അധിക നികുതി ഏർപ്പെടുത്തുമെന്ന അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ പ്രഖ്യാപനം നിലനിൽക്കെ ട്രംപും ചൈനീസ് പ്രസിഡന്റും തമ്മിൽ ഈയാഴ്ച നടത്തുന്ന കൂടിക്കാഴ്ചയെ പ്രതീക്ഷയോടെയാണ് നിക്ഷപകർ നോക്കിക്കാണുന്നത്. യുഎസ് പ്രഖ്യാപനം കഴിഞ്ഞ ഏതാനും ആഴ്ചകളായി ഏഷ്യൻ വിപണികൾക്ക് ഇടിവ് സമ്മാനിച്ചിരുന്നു. ഇതിന്റെ ചുവടു പിടിച്ച് ഇന്ത്യൻ വിപണിയും ഇടിവ് പ്രകടമാക്കിയിരുന്നു.