Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ആർത്തവം അശുദ്ധമല്ല: മനുഷ്യാവകാശ ദിനത്തിൽ സ്ത്രീകളുടെ 'സധൈര്യം മുന്നോട്ട്'

KK Shylaja കെ.കെ.ശൈലജ

തിരുവനന്തപുരം ∙ ആർത്തവം അശുദ്ധമല്ലെന്നും പൗരാവകാശം സംരക്ഷിക്കണമെന്നുമുള്ള സന്ദേശവുമായി 10നു മനുഷ്യാവകാശ ദിനത്തിൽ സെൻട്രൽ സ്റ്റേഡിയത്തിൽ സംഘടിപ്പിക്കുന്ന 'സധൈര്യം മുന്നോട്ട്' മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. ആയിരക്കണക്കിനു വനിതകൾ പങ്കെടുക്കും. മന്ത്രി കെ.കെ.ശൈലജയുടെ നേതൃത്വത്തിൽ സെക്രട്ടേറിയറ്റിൽ കൂടിയ വനിതാ ശിശുവികസന വകുപ്പ് ഉദ്യോഗസ്ഥരുടെയും വനിതാ സംഘടനകളുടെയും യോഗത്തിലാണു തീരുമാനം.

ഡിസംബർ 10 മുതൽ വനിതാ ദിനമായ മാർച്ച് 8 വരെ നീളുന്ന വിപുലമായ പ്രചാരണ പരിപാടികളാണ് എല്ലാ ജില്ലകളിലും ക്യാംപസുകളിലുമായി നടത്തുന്നത്. പോസ്റ്റർ രചനാ മത്സരം, പോസ്റ്റർ പ്രദർശനം, ഷോർട് ഫിലിം നിർമാണം, കലാ സൃഷ്ടികളുടെ അവതരണം, ഓപ്പൺ ഫോറം, സിംപോസിയം എന്നിവ നടത്തും. സ്ത്രീ ശാക്തീകരണവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളാണു സധൈര്യം മുന്നോട്ട് പരിപാടിയിൽ ഉൾപ്പെടുത്തുന്നതെന്നു മന്ത്രി ശൈലജ പറഞ്ഞു.

സ്ത്രീശരീരം അശുദ്ധമല്ലെന്നും ആർത്തവം പാവനമായ ജൈവ സവിശേഷതയാണെന്നും മനുഷ്യവർഗത്തിന്റെ നിലനിൽപ്പുതന്നെ സ്ത്രീകളിലെ സവിശേഷമായ ഈ പ്രതിഭാസത്തെ ആശ്രയിച്ചാണു നിൽക്കുന്നതെന്നും സമൂഹത്തെ ഒരിക്കൽകൂടി ബോധ്യപ്പെടുത്തേണ്ടതുണ്ട്.

പൊതുകാര്യങ്ങളിൽ സ്വതന്ത്രമായി അഭിപ്രായം പ്രകടിപ്പിക്കാനും വിശ്വാസങ്ങൾ സൂക്ഷിക്കാനുമുള്ള സ്വാതന്ത്ര്യം നഷ്ടപ്പെടുന്ന ഘട്ടമാണു വന്നുകൊണ്ടിരിക്കുന്നത്. അതിനാലാണു 'സ്ത്രീ-ആർത്തവം-പൗരാവകാശം' എന്ന വിഷയത്തിൽ പ്രചാരണം നടത്താൻ തീരുമാനിച്ചതെന്നു മന്ത്രി പറഞ്ഞു.

വനിതാ ശിശു വികസന വകുപ്പ് സെക്രട്ടറി ഡോ. ഷർമിള മേരി ജോസഫ്, ഡയറക്ടർ ഷീബ ജോർജ്, നിർഭയ സെൽ സ്റ്റേറ്റ് കൺവീനർ നിശാന്തിനി, ജെൻഡർ അഡ്വൈസർ ടി.കെ.ആനന്ദി, വനിതാ സംഘടനാ പ്രതിനിധികൾ, യൂണിവേഴ്‌സിറ്റി യൂണിയൻ ചെയർമാൻമാർ എന്നിവർ യോഗത്തിൽ പങ്കെടുത്തു.