Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വാവരുപള്ളിയില്‍ സ്ത്രീകളെ കയറ്റാന്‍ ഒരുങ്ങിയത് രഹ്നയെ എത്തിച്ചപ്പോള്‍: അര്‍ജുന്‍ സമ്പത്ത്‌

arjun-sampath അർജുൻ സമ്പത്ത്

തിരുവനന്തപുരം∙ തമിഴ്നാട്ടിലെ ചില ഹിന്ദു സംഘടനകള്‍ ശബരിമലയിലേക്കും വാവരു പള്ളിയിലേക്കും സ്ത്രീകളെ അയയ്ക്കാന്‍ പദ്ധതിയിടുന്നുണ്ടെന്നു കാട്ടി ശബരിമലയിലെ സുരക്ഷാ ചുമതലയുള്ള എഡിജിപി അനില്‍കാന്ത് ഈ മാസം മൂന്നിനാണ് പത്തനംതിട്ട, കോട്ടയം എസ്പിമാര്‍ക്കും നിലയ്ക്കലെയും പമ്പയിലെയും സന്നിധാനത്തെയും സ്പെഷ്യല്‍ ഓഫിസര്‍മാര്‍ക്കും അതീവ രഹസ്യ സ്വഭാവമുള്ള റിപ്പോര്‍ട്ട് കൈമാറിയത്.

തമിഴ്നാട്ടിലെ ഹിന്ദു മക്കള്‍ കക്ഷിക്കും അതിന്റെ സംസ്ഥാന അധ്യക്ഷന്‍ അര്‍ജുന്‍ സമ്പത്തിനും നേരെയാണ് ആരോപണങ്ങള്‍ നീണ്ടത്. 1993ലാണ് ഹിന്ദു മക്കള്‍ കക്ഷി രൂപീകരിക്കുന്നത്. തോക്കുപയോഗിച്ച് വീട്ടില്‍ ആയുധപൂജ നടത്തിയതിനും വര്‍ഗീയ പ്രസംഗങ്ങള്‍ നടത്തിയതിന്റെ പേരിലും അര്‍ജുന്‍ സമ്പത്തിനെതിരെ തമിഴ്നാട് പൊലീസ് നേരത്തെ കേസ് എടുത്തിട്ടുണ്ട്. പലതവണ വധശ്രമവും അര്‍ജുന്‍ സമ്പത്തിനുനേരേ ഉണ്ടായിട്ടുണ്ട്. ശബരിമലയിലെ സാഹചര്യങ്ങളെക്കുറിച്ച് അര്‍ജുന്‍ സമ്പത്ത് മനോരമ ഓണ്‍ലൈനോട്:

∙ വാവര്‍ പള്ളിയില്‍ 40 സ്ത്രീകളെ പ്രവേശിപ്പിക്കാന്‍ ‘ഹിന്ദു മക്കള്‍ കക്ഷി’ ശ്രമിക്കുന്നതായാണ് ശബരിമലയിലെ സുരക്ഷാ ചുമതലയുള്ള എഡിജിപി അനില്‍കാന്തിന്റെ റിപ്പോര്‍ട്ട്. ഇതു ശരിയാണോ? എന്തിനാണ് സംഘടന പ്രതിഷേധം സംഘടിപ്പിക്കുന്നത്?

ശബരിമലയില്‍ രഹ്‌ന ഫാത്തിമയെന്ന യുവതി ദര്‍ശനത്തിനെത്തിയ സമയത്ത് സംഘടന പല പ്രതിഷേധ പരിപാടികളും ആലോചിച്ചിരുന്നു. ചെന്നൈയ്ക്കടുത്ത് തിരുവള്ളൂര്‍ എന്ന സ്ഥലത്ത് സംഘടനയുടെ വനിതാ പ്രവര്‍ത്തകര്‍ പ്രതിഷേധ സമരം നടത്തി. മറ്റുള്ള സ്ഥലങ്ങളിലും പ്രതിഷേധ സമരങ്ങള്‍ നടന്നു. പിണറായി സര്‍ക്കാര്‍ ഇതര മതസ്ഥരായ യുവതികളെ ശബരിമലയിലേക്ക് കൊണ്ടുപോകാന്‍ സഹായിക്കുന്ന നിലപാടെടുക്കുമ്പോള്‍ ഹിന്ദുക്കള്‍ക്കും ഇതര മതസ്ഥരുടെ ആരാധനാലയത്തില്‍ കയറാനുള്ള അവകാശമുണ്ട്. അതു കൊണ്ടാണ് വാവര്‍പള്ളിയില്‍ സംഘടനയിലെ വനിതാ പ്രവര്‍ത്തകര്‍ കയറി പ്രതിഷേധിക്കാന്‍ തീരുമാനമെടുത്തത്. രഹ്‌ന ഫാത്തിമയുടെ വിഷയമുണ്ടായപ്പോള്‍ എടുത്ത തീരുമാനത്തെക്കുറിച്ച് ഇപ്പോള്‍ ഇന്റലിജന്‍സ് റിപ്പോര്‍ട്ട് നല്‍കുന്നത് എന്തിനാണെന്നു മനസിലാകുന്നില്ല. പാര്‍ട്ടിയുടെ പ്രതിച്ഛായ മോശമാക്കാനാണ് പൊലീസിന്റെ ശ്രമം.

∙ ശബരിമലയിലെത്തി പ്രതിഷേധിക്കാന്‍ ഹിന്ദു മക്കള്‍ കക്ഷിയിലെ വനിതാ നേതാക്കളുടെ നേതൃത്വത്തില്‍ തമിഴ്നാട്ടില്‍ സ്ത്രീകളെ അണിനിരത്തുന്നതായും ആരോപണമുണ്ട്?

തെറ്റാണത്. സംഘടനയുടെ നേതൃത്വത്തില്‍ വിവിധ പ്രതിഷേധ സമരങ്ങള്‍ നടക്കുന്നുണ്ട്. പാര്‍ട്ടിയുടെ വനിതാ വിഭാഗത്തിന്റെ നേതൃത്വത്തില്‍ അഞ്ചു ലക്ഷം കയ്യൊപ്പു ശേഖരിച്ച് കേരള സര്‍ക്കാരിനു നല്‍കും. യുവതീ പ്രവേശത്തിനെതിരായ സമരം തുടരും.

adgp-letter 40 സ്ത്രീകൾ വാവരു പള്ളിയിൽ പ്രവേശിക്കാൻ ശ്രമിച്ചേക്കുമെന്ന ഇന്റലിജൻസ് റിപ്പോർട്ടിന്റെ പകർപ്പ്.

∙ ശബരിമലയിലെ സ്ത്രീപ്രവേശം സംബന്ധിച്ച വിഷയത്തെ എങ്ങനെ കാണുന്നു?

ശബരിമലയില്‍ യുവതികളെ ഒരു കാരണവശാലും പ്രവേശിപ്പിക്കാന്‍ പാടില്ല എന്നാണ് നമ്മുടെ നിലപാട്. എത്രയോ സുപ്രീംകോടതി ഉത്തരവുകള്‍ വന്നിട്ടുണ്ട്. അതെല്ലാം കേരള സര്‍ക്കാര്‍ നടപ്പിലാക്കിയിട്ടുണ്ടോ? ശബരിമലയിലെ ഉത്തരവു നടപ്പിലാക്കാന്‍ മാത്രം എന്താണ് തിടുക്കം. സര്‍ക്കാര്‍ സഹായത്തോടെയാണ് രഹ്‌ന ഫാത്തിമയെന്ന യുവതി ശബരിമലയിലെത്തിയത്.

∙ശബരിമല വിഷയത്തില്‍ ഹിന്ദു മക്കള്‍ കക്ഷി ഏതു രീതിയിലുള്ള പ്രതിഷേധമാണ് സംഘടിപ്പിക്കാന്‍ പോകുന്നത്?

ശബരിമലയിലെ യുവതീപ്രവേശ നീക്കത്തെ എതിര്‍ത്ത് ആദ്യം മുതല്‍ രംഗത്തുവന്ന സംഘടനയാണ് ഞങ്ങളുടേത്. ശബരിമലയിലെ സമരങ്ങള്‍ ശക്തമായി തുടരും. ഈമാസം 16ന്, തമിഴ്നാട് മുന്‍ മുഖ്യമന്ത്രി കരുണാനിധിയുടെ പ്രതിമ ഉദ്ഘാടന ചടങ്ങിനു മുഖ്യമന്ത്രി പിണറായി വിജയന്‍ എത്തുന്നുണ്ട്. അദ്ദേഹത്തെ പാര്‍ട്ടി പ്രവര്‍ത്തകര്‍ കരിങ്കൊടി കാണിക്കും. ‘ഗോബാക്ക്’ വിളിക്കും. തമിഴ്നാട് മൊത്തം പ്രതിഷേധം ഉണ്ടാകും. ശബരിമല വിഷയത്തില്‍ സിപിഎം തമിഴ്നാട് ഘടകത്തിനുള്ളത് ഇരട്ട നിലപാടാണ്.