Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ബുലന്ദ്ശഹറിൽ പൊലീസുകാരൻ കൊല്ലപ്പെട്ടത് ആൾക്കൂട്ട ആക്രമണത്തിലല്ല: യോഗി ആദിത്യനാഥ്

Yogi Adiyanath

ന്യൂഡൽഹി∙ ബുലന്ദ്ശഹറിൽ പൊലീസുകാരൻ കൊല്ലപ്പെട്ടത് ആൾക്കൂട്ട ആക്രമണത്തിലല്ല, ആകസ്മികമായാണെന്ന് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ആക്രമണം നടന്ന് നാലു ദിവസങ്ങൾക്കുശേഷമാണു വിഷയത്തിൽ മുഖ്യമന്ത്രി പ്രതികരിക്കുന്നത്. പശുവിന്റെ ജഡാവശിഷ്ടങ്ങൾ കണ്ടെത്തിയതിനു പിന്നാലെ പൊട്ടിപ്പുറപ്പെട്ട ആൾക്കൂട്ട ആക്രമണം നിയന്ത്രിക്കാനെത്തിയ ഇൻസ്പെക്ടർ സുബോധ് കുമാറിനെയും സംഘത്തെയും ജനക്കൂട്ടം ആക്രമിക്കുകയായിരുന്നു. തിങ്കളാഴ്ചയായിരുന്നു സംഭവം. തലയ്ക്കു വെടിയേറ്റാണു സിങ് കൊല്ലപ്പെട്ടത്.

ഹിന്ദു തീവ്ര സംഘടനകളിലെ പ്രവർത്തകരാണ് ആക്രമണത്തിൽ പങ്കെടുത്തതെന്നാണ് പൊലീസ് എഫ്ഐആറിൽ രേഖപ്പെടുത്തിയിരിക്കുന്നത്. പരുക്കേറ്റ ഇൻസ്പെക്ടറുമായി പോയ വാഹനം തടഞ്ഞ് ആൾക്കൂട്ടം അദ്ദേഹത്തിനു ചികിത്സ നിഷേധിക്കുകയും ചെയ്തു. സംഭവത്തിൽ 90 പേർക്കെതിരെ കേസെടുത്തിട്ടുണ്ട്. 28 പേരുടെ പേര് ഉൾപ്പെടുത്തിയാണ് കുറ്റപത്രം തയാറാക്കിയിരിക്കുന്നത്. യുവമോർച്ച, വിഎച്ച്പി, ബജ്റംഗ്ദൾ പ്രവർത്തകരാണ് ഇവർ.

ആൾക്കൂട്ട ആക്രമണത്തെ അപലപിക്കാതെ തെലങ്കാനയിലും രാജസ്ഥാനിലും തിരഞ്ഞെടുപ്പു റാലിയെ അഭിസംബോധന ചെയ്ത യോഗി ആദിത്യനാഥിന്റെ നടപടി വിമർശനവിധേയമായിരുന്നു. പിന്നാലെ ഗോരഖ്പുറിലെ ലേസർ ഷോയിലും അദ്ദേഹം പങ്കെടുത്തു. ഇതിനെല്ലാം ശേഷമാണ് സുരക്ഷാ അവലോകനയോഗം അദ്ദേഹം വിളിച്ചുചേർത്തത്.

പശുവിനെ കൊന്നവരെ കണ്ടെത്തുന്നതിനു പ്രാധാന്യം നൽകണമെന്നാണ് അദ്ദേഹം യോഗത്തിൽ ആവശ്യപ്പെട്ടത്. ഇൻസ്പെക്ടറുടെ കൊലയെക്കുറിച്ചു മുഖ്യമന്ത്രി നിശബ്ദത പാലിച്ചതും വലിയ വിമർശനമാണ് ഉണ്ടാക്കിയത്. വിമർശനങ്ങൾ ഉണ്ടായതിനുപിന്നാലെ വ്യാഴാഴ്ചയാണ് ഇൻസ്പെക്ടറുടെ കുടുംബത്തെ മുഖ്യമന്ത്രി കണ്ടത്.

മാത്രമല്ല, ഇന്റലിജന്‍സ് എഡിജിപി എസ്.ബി. ശിരോദ്കറിന്റെ റിപ്പോർട്ടിന്റെ തള്ളിപ്പറയുന്ന നിലപാടാണ് മുഖ്യമന്ത്രി ഇന്നു സ്വീകരിച്ചതും. കൊലപാതകം വലിയൊരു ഗൂഢാലോചനയുടെ ഭാഗമാണെന്നാണു റിപ്പോർട്ടിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ബുലന്ദ്ശഹർ – ഗർഹ്മുക്ത്വേശ്വർ സംസ്ഥാന പാതയിലൂടെ പോയ മുസ്‌ലിം ജാഥയ്ക്കു നേരെ ആക്രമണം നടത്താനും പദ്ധതിയുണ്ടായിരുന്നുവെന്നാണു റിപ്പോർട്ടിലെ ഉള്ളടക്കം. അതേസമയം, ഈ റിപ്പോർട്ട് മുഖ്യമന്ത്രി ഇതുവരെ കണ്ടിട്ടില്ലെന്നാണു സൂചന.