Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ശബരിമല നിരീക്ഷക സമിതി: സര്‍ക്കാര്‍ ആവശ്യം തള്ളി; ഉടന്‍ വാദം കേള്‍ക്കില്ലെന്നു സുപ്രീംകോടതി

Sabarimala

ന്യൂഡല്‍ഹി∙ ശബരിമലയില്‍ ഹൈക്കോടതി നിയോഗിച്ച നിരീക്ഷക സമിതിക്കെതിരേ സംസ്ഥാന സര്‍ക്കാര്‍ സമര്‍പ്പിച്ച ഹര്‍ജി ഉടന്‍ പരിഗണിക്കാനാവില്ലെന്നു സുപ്രീംകോടതി. ഹര്‍ജിയില്‍ ഉടന്‍ വാദം കേള്‍ക്കണമെന്ന സര്‍ക്കാരിന്റെ ആവശ്യം സുപ്രീംകോടതി തള്ളി. ഹൈക്കോടതിയിലെ ഹര്‍ജികള്‍ ഉടന്‍ സുപ്രീം കോടതിയിലേക്കു മാറ്റില്ല. സര്‍ക്കാരിന്റെ ഈ ആവശ്യവും കോടതി അംഗീകരിച്ചില്ല. 

ഡിസംബര്‍ 15 മുതല്‍ കോടതി അവധിയാണ്. ശബരിമല യുവതീപ്രവേശം സംബന്ധിച്ച റിവ്യു ഹര്‍ജികളില്‍ ജനുവരി 23-നു വാദം കേള്‍ക്കുമെന്നാണ് സുപ്രീംകോടതി അറിയിച്ചിരിക്കുന്നത്. നിരീക്ഷക സമിതി സംബന്ധിച്ച സര്‍ക്കാര്‍ ഹര്‍ജി അതിനു മുമ്പു വാദം കേള്‍ക്കുമോ എന്നു വ്യക്തമല്ല.

ഹൈക്കോടതി നടപടി സ്‌റ്റേ ചെയ്യണമെന്നാവശ്യപ്പെട്ടാണ് സര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിച്ചിരിക്കുന്നത്. ജസ്റ്റിസ് പി.ആര്‍. രാമന്‍, ജസ്റ്റിസ് എസ്. സിരിജഗന്‍, ഡിജിപി എ.ഹേമചന്ദ്രന്‍ എന്നിവരാണ് നിരീക്ഷക സമിതിയിലുള്ളത്. സമിതി കഴിഞ്ഞ ദിവസം ശബരിമല സന്നിധാനം സന്ദര്‍ശിച്ചിരുന്നു.

ഹൈക്കോടതി നടപടി പൊലീസിനും എക്‌സിക്യൂട്ടീവിനും മേലുള്ള കടന്നുകയറ്റമാണെന്നും ശബരിമലയിലെ പൊലീസിന്റെ പ്രവര്‍ത്തനത്തെ ഇതു ബാധിക്കുന്നുവെന്നും സര്‍ക്കാര്‍ ചൂണ്ടിക്കാട്ടുന്നു. സുപ്രീം കോടതി വിധി നടപ്പിലാക്കാന്‍ ഹൈക്കോടതിയല്ല മേല്‍നോട്ടം വഹിക്കേണ്ടതെന്ന വാദമാണ് സര്‍ക്കാര്‍ ഉയര്‍ത്തുന്നത്. ആവശ്യമാണെങ്കില്‍ സുപ്രീം കോടതിക്ക് മേല്‍നോട്ട സമിതിയെ നിയോഗിക്കാമെന്നും സര്‍ക്കാര്‍ നിലപാടെടുക്കുന്നു.