Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അറവുശാലയിൽ ഞെട്ടിപ്പിക്കുന്ന രഹസ്യങ്ങൾ; ഉരുളക്കിഴങ്ങ് നീല മഷിയിൽ മുക്കിയൊരു സീൽ!

Slaughter House

മാംസാഹാരം കഴിക്കുന്നവരാരും വിശ്വസിക്കില്ല ഇത്. നമ്മുടെ തീൻമേശയിലെത്തുന്ന ഇറച്ചി ഏറെയും അനധികൃത അറവുശാലകളിൽനിന്നു വരുന്നു എന്നർഥം. തദ്ദേശ സ്ഥാപനങ്ങളോ മൃഗസംരക്ഷണ, ഭക്ഷ്യസുരക്ഷാ വകുപ്പുകളോ ഇക്കാര്യത്തിൽ ശക്തമായ നടപടിക്കു മുതിരുന്നില്ല. പാലക്കാട് ജില്ലയിൽ ലൈസൻസ് ഉള്ള ഏക അറവുശാല പാലക്കാട് നഗരസഭയിലാണ്. അവിടെ സ്ഥിരമായി ഒരു വെറ്ററിനറി ഡോക്ടറുടെ തസ്തികയില്ല. പരാതി ഉയർന്നപ്പോൾ താൽക്കാലികമായി ഒരു ഡോക്ടറുടെ സേവനം തേടി. 

കശാപ്പുശാലകളിൽ ഒരു ഡോക്ടർ നിർബന്ധമായും വേണം. കശാപ്പിനു മുൻപും ശേഷവും പരിശോധന നിർബന്ധമാണ്. കശാപ്പു കഴിഞ്ഞ് കടകളിലേക്കു മാംസം കൊണ്ടു പോകുമ്പോൾ ഏതു മൃഗത്തിന്റേതാണെന്നു തിരിച്ചറിയാൻ തല പ്രദർശിപ്പിക്കണം. തോലിൽ നീലമഷിയിൽ ഡോക്ടറുടെ സീൽ പതിക്കണം. ഇതൊക്കെ നിയമം. ഇറച്ചിക്കടക്കാരൻ തന്നെ സീൽ പതിപ്പിക്കുകയാണ് പലയിടത്തും. ഉരുളക്കിഴങ്ങ് രണ്ടായി മുറിച്ചു നീല മഷിയിൽ മുക്കി സീൽ പതിപ്പിക്കുന്ന അറവുശാലകൾ നമ്മുടെ നാട്ടിലുണ്ട്. അറവുശാലകളുടെ മേൽനോട്ടം തദ്ദേശ സ്ഥാപനങ്ങൾക്കാണ്. അവരാണ് ലൈസൻസ് നൽകേണ്ടത്.

പാലക്കാട് ജില്ലയിലേക്ക് സൂനാമി ഇറച്ചി

ഡിണ്ടിഗൽ, ഈറോഡ്, സേലം, പൊള്ളാച്ചി തുടങ്ങിയ സ്ഥലങ്ങളിൽനിന്നു പാലക്കാട് ജില്ലയുടെ പല ഭാഗങ്ങളിലേക്കും സൂനാമി ഇറച്ചി വ്യാപകമായെത്തുന്നു. പുലർച്ചെ അഞ്ചരയോടെ പൊള്ളാച്ചിയിൽനിന്നും കോയമ്പത്തൂരിൽനിന്നും പാലക്കാട്ടെത്തുന്ന ബസുകളിലാണു സൂനാമി ഇറച്ചിയെത്തുന്നത്.

എങ്ങനെയാകണം നവീന അറവുശാലകൾ?

നവീന അറവുശാല എങ്ങനെയായിരിക്കണമെന്നു മൃഗങ്ങളോടുള്ള ക്രൂരത തടയൽ ചട്ടം(2001) വ്യക്തമാക്കുന്നു. 

∙ അറവുശാലയിൽ എത്തിക്കുന്ന മൃഗത്തിന് അറവിനു മുൻപുള്ള 24 മണിക്കൂർ വിശ്രമം ആവശ്യം. 

∙ വെറ്ററിനറി സർജൻ മണിക്കൂറിൽ 12 മൃഗങ്ങളിൽ കൂടുതൽ പരിശോധിക്കാൻ പാടില്ല. 

∙ രോഗമുള്ള മൃഗങ്ങളെ പാർപ്പിക്കാൻ പ്രത്യേക മുറി വേണം. 

∙ കശാപ്പ് മറ്റു മൃഗങ്ങൾ കാണാതിരിക്കാൻ മറ നിർബന്ധം. 

∙ തോല്, എല്ല്, രക്തം, കൊഴുപ്പ് ശേഖരിച്ചു സൂക്ഷിക്കാൻ സ്റ്റോർ മുറി വേണം. 

∙ അറവു കഴിഞ്ഞാൽ തറയിൽ തൊടാതെ തൊലി നീക്കുന്നതിനും രക്തം കളയുന്നതിനും കൊഴുപ്പ് വേർതിരിക്കുന്നതിനും സൗകര്യം

∙ ശരീരഭാഗങ്ങൾ തരംതിരിക്കുന്നതിനും വയറിലുള്ള ആഹാരാവശിഷ്ടങ്ങൾ മാറ്റുന്നതിനും പ്രത്യേക സൗകര്യം. 

∙ രക്തം കലർന്ന ജലം സംസ്കരിച്ച് ഒഴുക്കിവിടുന്നതിന് ഓടകൾ ക്രമീകരിക്കണം. 

∙ മാലിന്യ സംസ്കരണം- എയ്റോബിക് കംപോസ്റ്റ് യൂണിറ്റ്, ബയോ ഗ്യാസ് പ്ലാന്റ് തുടങ്ങിയ സംവിധാനങ്ങൾ വേണം. 

∙ നഗരസഭാ പരിധിയിലെങ്കിൽ മലിനജല സംസ്കരണ പ്ലാന്റും ആവശ്യം.

Cattle

കാലിക്കടത്തിനുമുണ്ട് ചില നിയമങ്ങൾ

∙ പശുവിനും എരുമയ്ക്കും വാഹനത്തിൽ 2 ചതുരശ്ര മീറ്റർ നിൽക്കാൻ ഇടം വേണം. 

∙ കാലിക്കടത്തിനുപയോഗിക്കുന്ന വാഹനം മറ്റു കാര്യങ്ങൾക്കായി ഓടരുത്. 

∙ വാഹനത്തിൽ കയറ്റുന്നതിനു 12 മണിക്കൂർ മുൻപ് ഡോക്ടർ പരിശോധിച്ച് സർട്ടിഫിക്കറ്റ് നൽകിയിരിക്കണം. 

∙ സർട്ടിഫിക്കറ്റിൽ പകർച്ചവ്യാധിയോ രോഗമോ ഇല്ലെന്നു സാ‌ക്ഷ്യപ്പെടുത്തണം. 

∙ പരുക്കോ മുറിവോ രോഗമോ ഉള്ള മൃഗങ്ങളെ വാഹനത്തിൽ കയറ്റി കൊണ്ടു പോകരുത്. 

∙ 28 മണിക്കൂർ തുടർച്ചയായി കന്നുകാലികളുമായി യാത്ര ചെയ്യരുത്. 

∙ 28 മണിക്കൂർ കഴിഞ്ഞാൽ ഓരോ 5 മണിക്കൂറിലും നിലത്തിറക്കി വെള്ളവും പുല്ലും നൽകണം. 

∙ കുളമ്പുരോഗം അടക്കമുള്ളവയ്ക്കു പുറപ്പെടും മുൻപു വാക്സിനേഷൻ നൽകണം. 

∙ റാംപിലൂടെ മാത്രമേ വാഹനത്തിൽ കയറ്റിയിറക്കാവൂ. 

∙ ഗർഭിണികളായ മൃഗങ്ങളെ മറ്റുളളവയ്ക്കൊപ്പം കൊണ്ടു പോകരുത്. 

∙ ഒരു മൃഗത്തിന് 5 ലീറ്റർ തോതിൽ വാഹനത്തിൽ വെള്ളവും ആവശ്യത്തിനു പുല്ലും കരുതണം. 

∙ വായു സഞ്ചാരം വാഹനത്തിൽ നിർബന്ധം. 

∙ വാഹനത്തിൽ എൻജിന്റെ ഭാഗത്തേക്കു നോക്കി നിൽക്കുന്ന മട്ടിലേ നിർത്താവൂ. 

∙ വാഹനത്തിൽ വെറ്ററിനറി ഫസ്റ്റ് എയ്ഡ് ബോക്സ് ഉണ്ടാകണം.

dog-slaughter

ആഹാരമാണ്, ആരോഗ്യമാണ്

ചെന്നൈ എഗ്മൂരിൽ ട്രെയിനിൽനിന്നു അടുത്തിടെ പിടികൂടിയ 2196 കിലോ ഇറച്ചി നായ്ക്കളുടേതാണെന്ന് ആരോപണമുയർന്നിരുന്നു. അതു തെറ്റായ വിവരമെന്നാണു പിന്നീടു കേട്ടത്. സത്യം എന്തു തന്നെയായാലും കേരളത്തിലേക്കും ട്രെയിൻ മാർഗം ശീതീകരിച്ച പെട്ടികളിൽ ഇറച്ചിയെത്തുന്നുണ്ട്. ഇതു പരിശോധിക്കാൻ ഭക്ഷ്യസുരക്ഷ വകുപ്പ് ഒന്നും ചെയ്യുന്നില്ല.

നമ്മുടെ ശരീരത്തിലേക്കു രോഗം അടിച്ചേൽപ്പിക്കുന്നതു തടയാൻ സർക്കാർ തലത്തിൽ വകുപ്പുകളുടെ ഏകോപനം അനിവാര്യമാണ്. മൃഗസംരക്ഷണ വകുപ്പും ഭക്ഷ്യസുരക്ഷാ വകുപ്പും പൊലീസും സംയുക്തമായി ചെക്പോസ്റ്റുകളിൽ പരിശോധന കർശനമാക്കണം. ചെക്പോസ്റ്റുകൾ കാലാനുസൃതമായി നവീകരിക്കണം. ഡോക്ടർമാരെ നിയമിക്കണം. ആവശ്യത്തിനു ജീവനക്കാരെ ലഭ്യമാക്കണം. 

ശാസ്ത്രീയ ഉപകരണങ്ങളും എക്സ്റേ പോലുള്ള സംവിധാനങ്ങളും അതിർത്തി ചെക്പോസ്റ്റുകളിൽ നടപ്പാക്കണം. ചെക്പോസ്റ്റ് കടന്നെത്തുന്ന മാടുകളെ 7 ദിവസത്തോളം അതിർത്തിയിൽ തന്നെ നിരീക്ഷിച്ച ശേഷമേ വിടാവൂ. ചെക്പോസ്റ്റിനടുത്തു തന്നെയാവണം അറവുശാലകളും. മാംസലഭ്യത കൂടുതൽ സുതാര്യമാകുന്ന വിധം കന്നുകാലി വളർത്തൽ പ്രോൽസാഹിപ്പിക്കണം. ആഹാരമാണെന്നും ആരോഗ്യമാണെന്നും ചിന്ത കൂടിയേ തീരൂ.

(പരമ്പര അവസാനിച്ചു)