Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ജോലി തേടി ബന്ധം സ്ഥാപിക്കും; ലഹരി വിൽപനയ്ക്കു പുതുവഴി; സംഘം പിടിയിൽ

drug-arrested പിടിച്ചെടുത്ത മയക്കു മരുന്നുകൾ, പൊലീസ് അറസ്റ്റ് ചെയ്ത പ്രതികള്‍

തൃശൂർ∙ പുതുവര്‍ഷത്തിന് ലഹരി പാര്‍ട്ടിയ്ക്ക് ആളെ കിട്ടാന്‍ ഓണ്‍ലൈന്‍ ബുക്കിങ് ആരംഭിച്ച സംഘം തൃശൂരില്‍ അറസ്റ്റില്‍. കൊച്ചിയിലും ഗോവയിലും ബെംഗളൂരുവിലും ലഹരിമരുന്ന് പാര്‍ട്ടി സംഘടിപ്പിക്കാനായിരുന്നു ഈ സംഘത്തിന്റെ ശ്രമം. ഇവരുടെ പക്കല്‍നിന്ന് ലഹരിമരുന്നുകളും കണ്ടെടുത്തു.

ഗുരുവായൂര്‍ സ്വദേശി ഡോണ്‍ രഞ്ജിത്തും ആലപ്പുഴ സ്വദേശി രഞ്ജിത്തുമാണ് ലഹരിമരുന്ന് സഹിതം പിടിയിലായത്. ഒരു ഗ്രാം എംഡിഎംഎ, 21 ഗ്രാം ഹഷിഷ് ഓയില്‍, എഴുന്നൂറോളം ഗുളികകള്‍ എന്നിവ ഇവരുടെ പക്കല്‍നിന്നു കണ്ടെടുത്തു. കൊച്ചിയാണ് ഇവരുടെ കേന്ദ്രം. വിവിധ ഹോട്ടലുകളില്‍ മുറിയെടുത്തു താമസിക്കും. യുവാക്കളെ പരിചയപ്പെടും. തുടർന്നു ജോലി അന്വേഷകരാണെന്ന വ്യാജേന യുവാക്കളുമായി ചങ്ങാത്തം സ്ഥാപിച്ചാണു ലഹരിവില്‍പന.

ഇവരുടെ കൂട്ടാളിയായ പാവറട്ടി സ്വദേശി ശ്രീരാഗിനെ നേരത്തേ എക്സൈസ് പിടികൂടി കോടതിയില്‍ ഹാജരാക്കിയിരുന്നു. മാനസികാരോഗ്യ ചികില്‍സയ്ക്കായി ഉപയോഗിക്കുന്ന ഗുളികകളാണ് ശ്രീരാഗിന്റെ പക്കല്‍നിന്ന് കണ്ടെടുത്തത്. ലോറി ഡ്രൈവറാണ് ഇയാൾ. പോണ്ടിച്ചേരിയില്‍ നിന്നാണ് ഗുളികകള്‍ വാങ്ങുന്നത്. ലഹരി മരുന്നുകള്‍ സ്ഥിരമായി വാങ്ങുന്നവരുടെ പേരും വിവരങ്ങളും എക്സൈസിന് ലഭിച്ചിട്ടുണ്ട്. ഇതില്‍, വിദ്യാര്‍ഥികളുടെ രക്ഷിതാക്കളെ വിവരമറിയിക്കാനാണ് എക്സൈസിന്റെ ശ്രമം. ആവശ്യമെങ്കില്‍ കൗണ്‍സലിങ്ങ് ക്രമീകരിക്കാനും ആലോചിക്കുന്നുണ്ട്.