Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഗിസ പിരമിഡിനു മുകളിൽ നഗ്നരായി ദമ്പതികൾ; അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി

Giza Pyramid ദമ്പതികൾ പിരമിഡിനു മുകളിൽ വച്ചെടുത്ത ചിത്രം. കടപ്പാട്: ഇൻസ്റ്റഗ്രാം

കയ്റോ∙ ഈജിപ്തിൽ ഗിസയിലെ പ്രശസ്ത കുഫു പിരമിഡിൽ കയറുകയും നഗ്നരായി ചിത്രമെടുക്കുകയും ചെയ്ത ഡാനിഷ് ദമ്പതികൾക്കെതിരെ പ്രതിഷേധം ശക്തമാകുന്നു. ഇവർ പിരമിഡിൽ കയറുന്നതിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചതോടെയാണ് എതിർപ്പുമായി ഒട്ടേറെപ്പേർ രംഗത്തെത്തിയത്.

ഗിസ പിരമിഡിൽ ദമ്പതികൾ കയറുന്നതിന്റെ മൂന്നു മിനിറ്റുള്ള വിഡിയോയാണു പ്രചരിച്ചത്. രാത്രിയിലാണിത് ചിത്രീകരിച്ചിരിക്കുന്നതെന്നു രാജ്യാന്തരമാധ്യമമായ സിഎൻഎൻ റിപ്പോർട്ടു ചെയ്യുന്നു. പിരമിഡിന്റെ മുകളില്‍ എത്തുന്നതോടെ യുവതി തന്റെ ഷർട്ട് ഊരുകയും സെൽഫി എടുക്കുകയും ചെയ്യുന്നിടത്താണു വിഡിയോ അവസാനിക്കുന്നത്.

സംഭവത്തിൽ അന്വേഷണം നടത്താൻ ആന്റിക്വിറ്റിസ് മന്ത്രി ഖാലെദ് അൽ–അനാനി പ്രോസിക്യൂട്ടർ ജനറലിന് നിർദേശം നൽകി. വിദേശികളായ രണ്ടു പേർ രാത്രിയിൽ പിരമിഡിനു മുകളിലേക്കു കയറുന്നതിന്റെ വിഡിയോയും ചിത്രവുമെടുത്തതു സദാചാരം ലംഘിക്കുന്നതാണ്. അതിൽ കൃത്യമായ അന്വേഷണത്തിലൂടെ സത്യം കണ്ടെത്തി നടപടിയെടുക്കണമെന്ന് നിർദേശിച്ചതായി മന്ത്രി പറഞ്ഞു.

ന്യൂഡ് ആർട്ടിസ്റ്റായ ഡാനിഷ് ഫോട്ടോഗ്രാഫർ ആൻഡ്രിയാസ് ഹവിദാണ് വി‍ഡിയോ യൂട്യൂബിൽ പോസ്റ്റു ചെയ്തതെന്ന് ഈജിപ്തിലെ അഹ്റം ഓണ്‍ലൈൻ റിപ്പോർട്ടു ചെയ്യുന്നു. ലോകത്തിലെ പ്രശസ്തമായ പല സ്ഥലങ്ങളിലും ഇദ്ദേഹം നഗ്നഫോട്ടോകൾ എടുത്തിട്ടുണ്ട്. പിരമിഡിൽ കയറുന്നതും നഗ്നരായി ഫോട്ടോ എടുക്കുന്നതും ഈജിപ്തിൽ കുറ്റകരമാണ്.