Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഒന്നു വിളിക്കുവാൻ പോലും ആരും തയാറായില്ല: സന്തോഷമെന്ന് കെ.ബാബു

k-babu കെ. ബാബു

കൊച്ചി∙ കണ്ണൂർ വിമാനത്താവളത്തിന്റെ ഉദ്ഘാടന ചടങ്ങിലേക്കു സംസ്ഥാന സർക്കാരോ, കിയാൽ മാനേജ്മെന്റോ തന്നെ വിളിച്ചില്ലെന്ന് മുൻ മന്ത്രി കെ. ബാബു. അഞ്ചു വര്‍ഷക്കാലം ഈ പദ്ധതിയെ നയിച്ച തന്നെ ഒന്നു വിളിക്കുവാൻ പോലും ആരും തയാറായില്ലെന്ന് ബാബു സമൂഹമാധ്യമത്തിൽ പ്രതികരിച്ചു. യുഡിഎഫ് സർക്കാരിന്റെ കാലത്തു വിമാനത്താവളങ്ങളുടെ ചുമതല ബാബുവിനായിരുന്നു.

ആദ്യമായി മൂർഖൻ പറമ്പിലെത്തിയപ്പോൾ വലിയ കുന്നാണു കാണാന്‍ സാധിച്ചത്. കേന്ദ്രമന്ത്രിയായിരുന്ന വയലാർ രവിയെ കണ്ടാണു സ്ഥലത്തെ അനുയോജ്യമാക്കിയതും ഭൂമി ഏറ്റെടുക്കല്‍ നടപടികള്‍ പൂര്‍ത്തിയാക്കിയതും. പദ്ധതിയിൽ സർക്കാരിന് 35% ഓഹരി വിഹിതം ഉറപ്പാക്കിയത് ഉമ്മൻ ചാണ്ടി സർക്കാരിന്റെ മറ്റൊരു നേട്ടമാണ്. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ നിരന്തരമായ മാര്‍ഗനിര്‍ദേശങ്ങളും മേല്‍നോട്ടവുമാണു സ്വപ്ന പദ്ധതിയെ യാഥാര്‍ഥ്യത്തിലെത്തിച്ചത്.

ഭൂമി ഏറ്റെടുക്കല്‍, നിര്‍മാണ പ്രവര്‍ത്തനങ്ങള്‍, റൺവേ നിര്‍മാണം, പാറപൊട്ടിക്കല്‍ എന്നിവയിൽ അനാവശ്യമായ തടസ്സങ്ങള്‍ സൃഷ്ടിക്കുന്നതില്‍ സ്ഥലം എം എല്‍എയും ഇപ്പോഴത്തെ ഉൽസാഹ കമ്മറ്റിക്കാരും കാണിച്ച ‘ആത്മാര്‍ഥത’ ഓര്‍ക്കുന്നുണ്ടെന്നും ബാബു പ്രതികരിച്ചു. 2016ൽ റൺവേയുടെ നിർമാണം പരിപൂർണമായി പൂർത്തിയാക്കി പരീക്ഷണ പറക്കലും വിജയകരമായി നടത്തിയിരുന്നു. കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തിന്റെ 90 ശതമാനം ജോലികളും നടന്നത് ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്റെ കാലത്തു കേവലം രണ്ട് വർഷം കൊണ്ടാണ്. എന്നാൽ ബാക്കി പത്ത് ശതമാനം നിർമാണ പ്രവർത്തനങ്ങൾ പൂർത്തീകരിക്കുവാൻ എൽഡിഎഫ് സർക്കാരിനു വേണ്ടി വന്നത് രണ്ടര വർഷമാണ്!. സർക്കാർ പദ്ധതി പ്രവർത്തനങ്ങളിൽ പുലർത്തിയ അലംഭാവവും അവധാനതയും താല്പര്യമില്ലായ്മയും ഇതിൽ വ്യക്തമാണ്.

ഇങ്ങനെയൊക്കെ ആണെങ്കിലും ഇതെല്ലാം അറിയാമെങ്കിലും നേരിട്ട് ഒരു ഫോൺ വിളിച്ചു ക്ഷണിക്കുവാനുള്ള സൗമനസ്യം കാണിക്കുവാന്‍ സര്‍ക്കാരോ കിയാൽ മാനേജ്മെന്റോ തുനിഞ്ഞില്ലെന്നത് അത്യന്തം ഖേദകരമാണ്. എങ്കിലും ഞാന്‍ അഭിമാനിക്കുന്നു, സന്തോഷിക്കുന്നു– ബാബു വ്യക്തമാക്കി.