Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ചിത്തിര ആട്ട വിശേഷം: സംഘര്‍ഷത്തിനു പിന്നില്‍ ഡിവൈഎഫ്‌ഐ സംഘമെന്നു സുരേന്ദ്രന്‍

k-surendran-press-meet-after-bail കെ.സുരേന്ദ്രൻ മാധ്യമങ്ങളോടു സംസാരിക്കുന്നു.

തിരുവനന്തപുരം∙ ചിത്തിര ആട്ടവിശേഷത്തിനിടെ ശബരിമലയിൽ ഉണ്ടായ സംഘർഷത്തിനു പിന്നിൽ തൃശൂരിൽ നിന്നുള്ള ഡിവൈഎഫ്ഐ സംഘമാണെന്നു ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി കെ.സുരേന്ദ്രൻ. ദൃശ്യങ്ങളിൽ കാണുന്നത് ആരുടെ പ്രവർത്തകരാണെന്നു സർക്കാർ വെളിപ്പെടുത്തണം.

സന്നിധാനത്തു തീര്‍ഥാടകയെ തടയുന്നതിനിടയില്‍ 'അവളെ കൊല്ലെടാ' എന്ന് ആരോ ആക്രോശിക്കുന്നത് ഓഡിയോയില്‍ വ്യക്തമാണ്. ഇതാരാണെന്ന് സര്‍ക്കാര്‍ വെളിപ്പെടുത്തണമെന്നും സുരേന്ദ്രന്‍ പറഞ്ഞു. ചിത്തിര ആട്ടവിശേഷത്തിനിടെ കുട്ടിയുടെ ചോറൂണിനെത്തിയ സ്ത്രീയെ തടഞ്ഞെന്ന കേസില്‍ ജാമ്യത്തിലിറങ്ങിയ സുരേന്ദ്രൻ, മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു.

ശബരിമല വിഷയത്തിൽ സർക്കാർ പരാജയപ്പെട്ടുവെന്ന് സുരേന്ദ്രന്‍ ആരോപിച്ചു. യുവതീപ്രവേശത്തിൽ സർക്കാരിന്റെ നിലപാട് എന്താണെന്നു വ്യക്തമാക്കണം. വനിതാ മതിൽ യുവതീപ്രവേശത്തിനുള്ള ബോധവൽക്കരണമാണോയെന്നു സർക്കാർ പറയണം. സുപ്രീം കോടതി ഉത്തരവ് നടപ്പാക്കുന്നതു സംബന്ധിച്ച് സിപിഎമ്മിനുള്ളിൽ തന്നെ ഭിന്നതയുണ്ടായിരുന്നു. മുഖ്യമന്ത്രിയുടെ പിടിവാശിയാണ് കാര്യങ്ങൾ വഷളാക്കിയത്. യുവതീപ്രവേശം സാധ്യമാക്കുമെന്ന് പറഞ്ഞ പിണറായി വിജയൻ എന്തുകൊണ്ട് അതിൽനിന്നു പിന്നിലേക്ക് പോയെന്നു വ്യക്തമാക്കണം. വിശ്വാസികളുടെ പ്രതിഷേധം കണക്കിലെടുത്താണെങ്കിൽ അതു തുറന്നു പറയണമെന്നും അദ്ദേഹം പറഞ്ഞു.

മുൻകരുതൽ എന്ന പേരിൽ അറസ്റ്റ് െചയ്ത തന്റെ പേരിൽ‌ പിന്നീട് അഞ്ച് കള്ളക്കേസുകൾ ചുമത്തി. കടുത്ത മനുഷ്യാവകാശ ലംഘനമാണ് പൊലീസിന്റെ ഭാഗത്തു നിന്നുണ്ടായത്. കേസുകൾ നിയമപരമായും രാഷ്ട്രീയപരമായും നേരിടും. തനിക്ക് ചായ വാങ്ങിച്ച് തന്നതിന്റെ പേരിലാണ് ഒരു പൊലീസ് ഉദ്യോഗസ്ഥനെ സസ്പെൻഡ് ചെയ്തത്. ടിപി വധക്കേസിലെ പ്രതികൾക്ക് സർക്കാർ എന്തൊക്കെ ഒത്താശകളാണ് ചെയ്യുന്നതെന്ന് ജനങ്ങൾക്ക് അറിയാമെന്നു സുരേന്ദ്രൻ പറഞ്ഞു.

എൻഎസ്എസ്സും തന്ത്രി കുടുംബവും പന്തളം കൊട്ടാരവും സമരമുഖത്തേയ്ക്ക് വന്നതിൽ പിന്നെയാണ് സമരത്തിന് ജനകീയ സ്വാഭവം വന്നതെന്നും സുരേന്ദ്രൻ മാധ്യമങ്ങളുടെ ചോദ്യത്തിന് ഉത്തരമായി പറഞ്ഞു.