Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ചൊവ്വയിലെ കാറ്റാണു കാറ്റ്; ചെവിയോര്‍ക്കാം; കാറ്റിന്റെ മൂളൽ പകർത്തി ഇൻസൈറ്റ്

Insight

താംബ (യുഎസ്)∙ മനുഷ്യർക്ക് അന്യമായ ചൊവ്വയുടെ ശബ്ദം പുറത്തുവിട്ട് അമേരിക്കൻ ബഹിരാകാശ ഏജൻസിയായ നാസ. ചുവന്ന ഗ്രഹത്തിലെ കാറ്റിന്റെ ശബ്ദം പുറത്തുവിട്ടത് നാസയുടെ ഇൻസൈറ്റ് ലാൻഡറാണ്. മണിക്കൂറിൽ 15 മൈൽ വേഗത്തിൽ വീശുന്ന കാറ്റിന്റെ ശബ്ദമാണിത്.

അമേരിക്കൻ സമയം വൈകീട്ട് അഞ്ചു മണിക്ക് തെക്കുകിഴക്കു ഭാഗത്തുനിന്നും വടക്കുകിഴക്ക് ഭാഗത്തേക്കു സഞ്ചരിച്ച കാറ്റിന്റെ ശബ്ദമാണു പകർത്തിയതെന്ന് ഇൻസൈറ്റ് പ്രിന്‍സിപ്പൽ ഇൻവെസ്റ്റിഗേറ്ററായ ബ്രൂസ് ബാനെർട് പറഞ്ഞു. ഇൻസൈറ്റിലെ സോളർ പാനലിനു മുകളിലൂടെ കടന്നുപോയപ്പോഴാണു ശബ്ദം പകർത്തിയത്. നവംബർ 26ന് ആണ് ഇൻസൈറ്റ് ചൊവ്വയിലിറങ്ങിയത്.

ലാൻഡറിനുള്ളിലെ എയർപ്രഷർ സെൻസറും ഡെക്കിലെ സെയ്സ്മോമീറ്ററുമാണ് ശബ്ദം പകർത്തിയത്. ചെറിയൊരു പതാക കാറ്റത്ത് വീശുന്നതുപോലെയായിരുന്നു ശബ്ദമെന്ന് ലണ്ടനിലെ ഇംപീരിയൽ കോളജ് ലീഡ് ഇൻവെസ്റ്റിഗേറ്റർ തോമസ് പൈക് പറഞ്ഞു. 15 മിനിറ്റ് ദൈർഘ്യമാണ് ഈ ശബ്ദരേഖയ്ക്കുള്ളത്.

ചൊവ്വയുടെ ഉപരിതലത്തിനടിയിലെ രഹസ്യങ്ങൾ കണ്ടെത്തുക ലക്ഷ്യമിട്ടാണു ഇൻസൈറ്റ് ലാൻഡർ നാസ വിക്ഷേപിച്ചത്. മേയ് അഞ്ചിനാണു ഇൻസൈറ്റ് പറന്നുയർന്നത്.