Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ശബരിമല സന്നിധാനം തിരക്കിലേക്ക്; ശനിയാഴ്ച വൈകിട്ട് വരെ 60108 പേർ എത്തി

sabarimala-temple ഫയൽ ചിത്രം

ശബരിമല∙ നിരോധനാജ്ഞ വീണ്ടും നീട്ടിയെങ്കിലും സന്നിധാനം തിരക്കിലേക്ക്. ഇന്ന് വൈകിട്ട് 6.30 വരെയുള്ള കണക്കനുസരിച്ച് 60108 പേർ മലചവിട്ടി. തീർഥാടനം തുടങ്ങിയ ശേഷം ശനിയാഴ്ച വരെ 9 ലക്ഷം തീർഥാടകർ ദർശനം നടത്തിയതായി ദേവസ്വം ബോർഡ് അറിയിച്ചു.

അയ്യപ്പന്മാർ നിരോധനാജ്ഞ കാര്യമായി എടുക്കുന്നില്ല. പൊലീസും അയഞ്ഞിട്ടുണ്ട്. യുവതികൾ വന്നാൽ അവരെ കാര്യം പറഞ്ഞു മനസ്സിലാക്കി നിലയ്ക്കലിൽനിന്നു തിരിച്ചയയ്ക്കാനാണ് പൊലീസ് ഉദ്ദേശിക്കുന്നത്. തീർഥാടകരെ നിയന്ത്രിയ്ക്കാനായി വാവരുനട‌യ്ക്കും മഹാകാണിയ്ക്കയ്ക്കും മുൻപിൽ പൊലീസ് വലിച്ചു കെട്ടിയ വടം നീക്കി. അതേസമയം വടക്കേനട മുതൽ വാവരുനട വരെ സ്ഥാപിച്ചിട്ടുളള ബാരിക്കേഡ് നീക്കിയിട്ടില്ല. ഇതു നീക്കണമെന്ന ദേവസ്വത്തിന്റെ ആവശ്യം പൊലീസ് പരിഗണിച്ചിട്ടില്ല.

മണ്ഡല കാലം ആരംഭിച്ചതിനുശേഷമുള്ള വലിയ തിരക്കാണ് വെള്ളിയാഴ്ചയും ശനിയാഴ്ച രാവിലെയും അനുഭവപ്പെട്ടത്. വെള്ളിയാഴ്ച എത്തിയത് 85,126 പേർ. ശനിയാഴ്ച ഉച്ചപൂജ കഴിഞ്ഞു നട അടച്ച ശേഷം തീർഥാടകരെ പതിനെട്ടാംപടി കയറാൻ അനുവദിച്ചില്ല. അതിനാൽ വൈകിട്ട് 3ന് നടതുറന്നപ്പോൾ വലിയ നടപ്പന്തലിൽ 2 വരിയിൽ പടികയറാനുളള ക്യു ഉണ്ടായിരുന്നു. ആദ്യമായാണ് വലിയ നടപ്പന്തലിൽ ക്യു കാണുന്നത്. ഞായറാഴ്ച അവധി ദിവസമായതിനാൽ തിരക്കു കൂടുമെന്നാണു കണക്കുകൂട്ടൽ.

ഇതരസംസ്ഥാനങ്ങളിൽ നിന്നുളളവരാണ് തീർഥാടകരിൽ ഏറെയും. മലയാളികൾ തീരെ കുറവാണ്. നെയ്യഭിഷേക ടിക്കറ്റിലും വലിയ വർധന ഉണ്ടായിട്ടുണ്ട്. അപ്പം, അരവണ വിൽപനയിലും മാറ്റം വന്നിട്ടുണ്ട്. അന്നദാന മണ്ഡപത്തിൽ ഭക്ഷണം കഴിക്കാൻ എത്തുന്നവരുടെ എണ്ണവും വർധിച്ചു.  വെള്ളിയാഴ്ച മാത്രം നിലയ്ക്കലിൽനിന്ന് പമ്പയിലേക്ക് കെഎസ്ആർടിസി 1057 ട്രിപ്പുകൾ ഓടിച്ചു. പത്തനംതിട്ട,ചെങ്ങന്നൂർ, കോട്ടയം, എറണാകുളം, കുമളി എന്നിവിടങ്ങളിലേക്കാണു പ്രധാനമായും ദീർഘദൂര സർവീസുകൾ നടത്തിയത്.