Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കേന്ദ്രമന്ത്രി ഉപേന്ദ്ര കുശ്വാഹ രാജിവച്ചു; പ്രതിപക്ഷ കക്ഷികളുടെ യോഗത്തിൽ പങ്കെടുത്തില്ല

upendra-kushwaha കേന്ദ്രമന്ത്രി ഉപേന്ദ്ര കുശ്വാഹ

ന്യൂഡൽഹി ∙ കേന്ദ്ര മാനവശേഷി വികസന സഹമന്ത്രി  ഉപേന്ദ്ര കുശ്വാഹ രാജിവച്ചു. ബിഹാറിലെ ലോക്സഭാ സീറ്റ് വിഭജനത്തെ സംബന്ധിച്ചുള്ള തർക്കത്തെ തുടർന്നാണ് രാജി. എൻഡിഎയുടെ യോഗത്തിൽ പങ്കെടുക്കില്ലെന്നു രാഷ്ട്രീയ ലോക്സമതാ പാർട്ടി(ആർഎൽഎസ്പി) നേതാവായ ഉപേന്ദ്ര കുശ്വാഹ അറിയിച്ചിരുന്നു.

വൈകിട്ടു വിശാല പ്രതിപക്ഷ കക്ഷികളുടെ യോഗത്തിൽ കുശ്വാഹ പങ്കെടുക്കുമെന്നു സൂചനകളുണ്ടായിരുന്നെങ്കിലും അദ്ദേഹം പങ്കെടുത്തില്ല. പാർലമെന്റിന്റെ ശീതകാല സമ്മേളനം തുടങ്ങാൻ ഒരു ദിവസം മാത്രം ബാക്കിനിൽക്കെ ആർഎൽഎസ്പിയുടെ നീക്കം ബിജെപിയെ പ്രതിരോധത്തിലാക്കി.

2014ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ ആർഎൽഎസ്പി ബിഹാറിൽ 3 സീറ്റുകളിൽ വിജയിച്ചിരുന്നു. എന്നാൽ മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ ജെഡിയു എൻഡിഎയിലേക്ക് തിരിച്ചെത്തിയതോടെ അടുത്ത വർഷം നടക്കുന്ന ലോക്സഭാ തിരഞ്ഞെടുപ്പിൽ 2 സീറ്റുകൾ മാത്രമേ നൽകുകയുള്ളുവെന്നാണ് ബിജെപി നേതൃത്വം അറിയിച്ചിരിക്കുന്നത്. ഇതാണ് എൻഡിഎ വിടാൻ ആർഎൽഎസ്പിയെ പ്രേരിപ്പിച്ചത്.

ജെഡിയു വിട്ട ശരദ് യാദവിന്റെ ലോക്താന്ത്രിക് ജനതാദൾ പാര്‍ട്ടിയുമായി ലയിക്കാനും നീക്കങ്ങൾ ഉണ്ടെന്നാണ് ആർഎൽഎസ്പി നേതൃത്വം നൽകുന്ന സൂചനകൾ. വിശാല പ്രതിപക്ഷ സഖ്യത്തിൽ കൂടുതൽ സീറ്റുകൾ ലഭിക്കാൻ ഇതിലൂടെ സാധിക്കുമെന്നാണ് കണക്കുകൂട്ടൽ. ലാലു പ്രസാദിന്റെ ആർജെഡി, കോണ്‍ഗ്രസ് എന്നിവരുമായും ചർച്ചകൾ നടക്കുന്നുണ്ടെന്നാണ് സൂചനകൾ.