Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പ്രതിപക്ഷ സഖ്യത്തെ ഒറ്റകക്ഷിയായി പരിഗണിക്കണം: തെലങ്കാനയിൽ കരുനീക്കം

Telangana കെ.ചന്ദ്രശേഖർ റാവു (ഫയൽ ചിത്രം)

ഹൈദരാബാദ് ∙ തെലങ്കാന നിയമസഭാ തിരഞ്ഞെടുപ്പിൽ ആർക്കും കേവല ഭൂരിപക്ഷം ലഭിക്കാത്ത സാഹചര്യമുണ്ടായാൽ കോൺഗ്രസ് നേതൃത്വം നൽകുന്ന വിശാല പ്രതിപക്ഷ സഖ്യത്തെ സർക്കാരുണ്ടാക്കാൻ ആദ്യം ക്ഷണിക്കണമെന്നു മുന്നണി നേതാക്കൾ ഗവർണർ ഇ.എസ്.എൽ.നരസിംഹനെ കണ്ട് ആവശ്യപ്പെട്ടു. ഫലപ്രഖ്യാപനത്തിന്റെ തലേന്നാണു പ്രതിപക്ഷ കക്ഷികളുടെ അപ്രതീക്ഷിത കരുനീക്കം.

തൂക്കുനിയമസഭയുണ്ടാകുകയും വിശാല പ്രതിപക്ഷസഖ്യം കൂടുതൽ സീറ്റുകൾ നേടുകയും ചെയ്യുന്ന സാഹചര്യമുണ്ടായാൽ വിശാല സഖ്യത്തെ ഏറ്റവും വലിയ ഒറ്റകക്ഷിയായി കണക്കാക്കി സർക്കാരുണ്ടാക്കാൻ ആദ്യം ക്ഷണിക്കണമെന്നാണു നേതാക്കൾ ആവശ്യപ്പെട്ടത്. വിശാലസഖ്യം കൂടുതൽ സീറ്റുകൾ നേടിയാലും പാർട്ടി അടിസ്ഥാനത്തിൽ പരിഗണിക്കുമ്പോൾ തെലങ്കാന രാഷ്ട്രസമിതി (ടിആർഎസ്) കൂടുതൽ സീറ്റുകൾ നേടിയിട്ടുള്ളതെങ്കിൽ അവരെ സർക്കാരുണ്ടാക്കാൻ ആദ്യം ക്ഷണിക്കരുതെന്നാണ് ആവശ്യം.

തിരഞ്ഞെടുപ്പിനു മുൻപേ സഖ്യം രൂപീകരിച്ചതിന്റെ രേഖകളും സഖ്യത്തിന്റെ പൊതുമിനിമം പരിപാടിയും ഗവർണർക്കു നേതാക്കൾ കൈമാറി. തിരഞ്ഞെടുപ്പിനു മുൻപേ രൂപീകരിച്ച സഖ്യത്തെ ഒറ്റകക്ഷിയായി കണക്കിലെടുക്കാമെന്ന സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തിലാണു ഗവർണറെ സന്ദർശിച്ചു രേഖകൾ കൈമാറിയതെന്നു കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ എൻ.ഉത്തംകുമാർ റെഡ്ഡി വ്യക്തമാക്കി. തിരഞ്ഞെടുപ്പിൽ വിജയിക്കുന്ന സ്ഥാനാർഥികൾക്കു സുരക്ഷയൊരുക്കാൻ നടപടി സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

പ്രധാന പ്രതിപക്ഷമായ കോൺഗ്രസ്, തെലുങ്കു ദേശം പാ‍ർട്ടി (ടിഡിപി), തെലങ്കാന ജനസമിതി (ടിജെഎസ്), സിപിഐ എന്നിവ ചേർന്നാണു വിശാലസഖ്യം രൂപീകരിച്ചിട്ടുള്ളത്. തെലങ്കാനയിൽ ആറിൽ മൂന്ന് എക്സിറ്റ് പോളുകൾ ഭരണകക്ഷിയായ ടിആർഎസിന് കേവലഭൂരിപക്ഷം പ്രവചിക്കുന്നു. മൂന്നെണ്ണം നേരിയ സീറ്റുകളുടെ വ്യത്യാസത്തിൽ കേവലഭൂരിപക്ഷം നഷ്ടപ്പെടുമെങ്കിലും വലിയ ഒറ്റക്കക്ഷിയാകുമെന്നാണു സാധ്യത കൽപിക്കുന്നത്.