Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പള്ളി വിട്ടുകൊടുക്കില്ല; നാളെ സുനഹദോസ് ചേരും: ശ്രേഷ്ഠ കാതോലിക്ക ബാവ

baselius-thomas-1-bava-image-10

കൊച്ചി ∙ പിറവം വലിയപള്ളി വിഷയത്തിൽ നിലപാട് വ്യക്തമാക്കി ശ്രേഷ്ഠ കാതോലിക്കാ ബാവ. പൂർവ പിതാക്കൻമാർ ഉണ്ടാക്കിയ പള്ളി വിട്ടുകൊടുക്കാൻ ഉദ്ദേശിക്കുന്നില്ലെന്ന് കാതോലിക്കാ ബാവ മാധ്യമങ്ങളെ അറിയിച്ചു. പിറവം പള്ളി വിഷയത്തിൽ കോടതി അലക്ഷ്യം ഇല്ല. പ്രശ്നങ്ങൾ ചർച്ചയിലൂടെ പരിഹരിക്കണമെന്നാണ് ആഗ്രഹം. യാക്കോബായ സഭ അതിന് തയാറാണെങ്കിലും ഓർത്തഡോക്സ് സഭ തയാറാകുന്നില്ല.

മരിക്കേണ്ടി വന്നാലും വിശ്വാസത്തിൽനിന്നു പിൻമാറില്ല. പള്ളിയിൽ പൊലീസ് വന്ന സാഹചര്യം ഏതെന്നു വ്യക്തമല്ല. എന്നാൽ സാഹചര്യം മനസ്സിലാക്കി പൊലീസ് പിൻവാങ്ങി. പ്രാർഥനാ യജ്ഞം അനിശ്ചിത കാലത്തേയ്ക്കു തുടരുന്നതിനാണ് തീരുമാനം.

തുടർ നടപടികൾ ചർച്ച ചെയ്യുന്നതിനായി നാളെ പിറവം പള്ളിയിൽ സഭ എപ്പിസ്കോപ്പൽ സുനഹദോസ് ചേരും. മറ്റു പള്ളികളുടെ വിഷയങ്ങളും സുനഹദോസിൽ ചർച്ച ചെയ്യും. യാക്കോബായ സഭയും വിശ്വാസികളും ആത്മസംയമനം പാലിക്കുന്നത് ബലഹീനതയായി കാണരുത്. പൊലീസിനെ പള്ളിയിൽ ഇറക്കിയതിന്റെ ചെലവ് ഓർത്തഡോക്സ് സഭയിൽനിന്ന് ഈടാക്കണമെന്നും കാതോലിക്കാ ബാവ പറഞ്ഞു. 

തർക്കം നിലനിൽക്കുന്ന പിറവം വലിയപള്ളിയിൽ സുപ്രീംകോടതി വിധി നടപ്പാക്കാനുള്ള പൊലീസ് ശ്രമത്തിനിടെ സ്ഥലത്ത് കനത്ത സംഘർഷാവസ്ഥ ഉടലെടുത്തിരുന്നു. പൊലീസ് നടപടികൾ വിശ്വാസികൾ തടഞ്ഞു. രണ്ടായിരത്തോളം ആളുകൾ പള്ളി പരിസരത്ത് തമ്പടിച്ചാണ് പൊലീസ് നടപടിയെ നേരിട്ടത്. വൻ പൊലീസ് സന്നാഹമാണ് സ്ഥലത്തെത്തിയത്.

സുപ്രീം കോടതി വിധി നടപ്പാക്കാൻ ശ്രമമുണ്ടായാൽ ആത്മഹത്യ ചെയ്യുമെന്ന ഭീഷണി ഉയർത്തി വിശ്വാസികൾ പള്ളിക്കു മുകളിൽ കയറിയിരുന്നു. എന്തുകൊണ്ട് പള്ളിത്തർക്ക വിഷയത്തിൽ സുപ്രീംകോടതി വിധി നടപ്പാക്കാൻ സർക്കാർ ശ്രമിക്കുന്നില്ലെന്ന ഹൈക്കോടതി പരാമർശത്തിന്റെ പശ്ചാത്തലത്തിലാണ് സർക്കാർ നടപടിയുമായി മുന്നിട്ടിറങ്ങിയത്. കേസ് നാളെ ഹൈക്കോടതിയിൽ പരിഗണിക്കാനിരിക്കുകയാണ്.