Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ബിജെപി – യുവമോർച്ച മാർച്ചിൽ വൻസംഘർഷം; തിരുവനന്തപുരത്ത് ചൊവ്വാഴ്ച ഹര്‍ത്താല്‍

BJP---Yuvamorcha-March ബിജെപി യുവമോര്‍ച്ച പ്രവര്‍ത്തകര്‍ നടത്തിയ മാര്‍ച്ചില്‍നിന്ന്

തിരുവനന്തപുരം∙ ശബരിമല വിഷയമുന്നയിച്ച് നിരാഹാരമിരിക്കുന്ന എ.എൻ.രാധാകൃഷ്ണന്റെ സമരം അവസാനിപ്പിക്കാൻ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി – യുവമോർച്ച പ്രവർത്തകർ നടത്തിയ സെക്രട്ടേറിയറ്റ് മാർച്ചിൽ വൻ സംഘർഷം. പ്രതിഷേധക്കാർ പൊലീസിനെതിരെ കല്ലെറിഞ്ഞു. ഇതോടെ പൊലീസ് കണ്ണീര്‍ വാതകവും ജലപീരങ്കിയും പ്രയോഗിച്ചു. പ്രവര്‍ത്തകര്‍ റോഡില്‍ കുത്തിയിരുന്ന് മുദ്രാവാക്യം വിളിച്ചു.

bjp-march-tvm ബിജെപി യുവമോര്‍ച്ച പ്രവര്‍ത്തകര്‍ നടത്തിയ മാര്‍ച്ചില്‍നിന്ന്. (ചിത്രം: റിങ്കുരാജ് മട്ടാഞ്ചേരില്‍)

പൊലീസ് നടപടിയില്‍ പ്രതിഷേധിച്ച് തിരുവനന്തപുരം ജില്ലയിൽ ചൊവ്വാഴ്ച ബിജെപി ഹർത്താലിനു ആഹ്വാനം ചെയ്തു. ജില്ലയിൽ ചൊവ്വാഴ്ച നടക്കാനിരുന്ന പ്ലസ് വൺ, പ്ലസ് ടു പരീക്ഷകളും സ്കൂളുകളിലെ അർധവാർഷിക പരീക്ഷകളും മാറ്റിവച്ചു.

bjp-march-tvm2 ബിജെപി യുവമോര്‍ച്ച പ്രവര്‍ത്തകര്‍ നടത്തിയ മാര്‍ച്ചില്‍നിന്ന്. (ചിത്രം: റിങ്കുരാജ് മട്ടാഞ്ചേരില്‍)

പ്രവർത്തകരും പൊലീസും തമ്മിലുണ്ടായ ഉന്തും തള്ളും സംഘർഷത്തിലാണു കലാശിച്ചത്. പ്രകോപനത്തെ തുടർന്ന് പൊലീസ് ലാത്തി വീശുകയും ജല പീരങ്കി പ്രയോഗിക്കുകയും ചെയ്തു. പൊലീസിനെതിരെ വ്യാപക അക്രമമാണ് പ്രവര്‍ത്തകര്‍ അഴിച്ചുവിട്ടത്. എന്നാല്‍ തുടര്‍ച്ചയായുള്ള പ്രകോപനങ്ങളെ പൊലീസ് സംയമനത്തോടെയാണു നേരിടുന്നത്. പൊലീസിന്റെ ഷീൽഡ് പ്രവർത്തകർ തകർത്തു. സംഘർഷത്തിൽ ഒരു വനിതാ പ്രവർത്തകയ്ക്കു തലയ്ക്കു പരുക്കേറ്റു.

എ.എൻ. രാധാകൃഷ്ണന്റെ നിരാഹാര സമരം അവസാനിപ്പിക്കാന്‍ സർക്കാർ ഇടപെടൽ വൈകുന്നതിൽ പ്രതിഷേധിച്ച് ബി.ജെ.പി പ്രവര്‍ത്തകര്‍ ജില്ലാ കലക്ട്രേറ്റുകളിലേക്കും താലൂക്ക് ഓഫിസുകളിലേക്കും മാര്‍ച്ച് നടത്തി. എറണാകുളത്തും കോട്ടയത്തും പത്തനംതിട്ടയിലും പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റു ചെയ്തുനീക്കി. 

bjp-march-tvm1 ബിജെപി യുവമോര്‍ച്ച പ്രവര്‍ത്തകര്‍ നടത്തിയ മാര്‍ച്ചില്‍നിന്ന്. (ചിത്രം: റിങ്കുരാജ് മട്ടാഞ്ചേരില്‍)

എറണാകുളം കണയന്നൂര്‍ താലൂക്ക് ഓഫിസ് മാര്‍ച്ചിനിടെ പൊലീസ് ബാരിക്കേഡ് തകര്‍ക്കാന്‍ ശ്രമിച്ച നാലു പേരെ അറസ്റ്റ് ചെയ്തു.  മുതിര്‍ന്ന നേതാക്കള്‍ ഇടപെട്ടാണ് പ്രവര്‍ത്തകരെ ശാന്തരാക്കിയത്.  കോട്ടയം കലക്ട്രേറ്റിലേക്ക്  നടത്തിയ മാര്‍ച്ച് റോഡ് ഉപരോധമാക്കിയതോടെയാണ്  പൊലീസ് അറസ്റ്റിലേക്ക് കടന്നത്.  പത്തനംതിട്ടയില്‍ കലക്ട്രേറ്റിന് മുന്നില്‍ മാര്‍ച്ച് പൊലീസ് തടഞ്ഞു. തുടര്‍ന്ന് കുത്തിയിരുന്ന് പ്രതിഷേധിച്ച പ്രവര്‍ത്തരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി.  

നിരാഹാര സമരം എട്ടാംദിവസത്തിലേക്ക് കടന്നതോടെ ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി എ.എന്‍.രാധാകൃഷ്ണന്റെ  ആരോഗ്യനില മോശമായി.. ഡോക്ടര്‍മാരുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ അദ്ദേഹത്തെ ഇന്ന് ആശുപത്രിയിലേക്ക് മാറ്റിയേക്കും. കേന്ദ്രമന്ത്രി അല്‍ഫോന്‍സ് കണ്ണന്താം അടക്കമുള്ള മുതിര്‍ന്ന നേതാക്കള്‍ സമര പന്തലിലെത്തി.  നിരാഹാരസമരം തീര്‍ക്കാന്‍ സര്‍ക്കാര്‍ സന്നദ്ധമാകണമെന്ന്  അല്‍ഫോണ്‍സ് കണ്ണന്താനം ആവശ്യപ്പെട്ടു.