Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മകന്‍ വീടു പൂട്ടി സ്ഥലംവിട്ടു; വിശന്നു വലഞ്ഞ് അമ്മ മരിച്ചു, കാത്തിരുന്നത് ഒരു മാസത്തിലേറെ

lonely-women-representational-image പ്രതീകാത്മക ചിത്രം.

ഷാജഹാന്‍പുർ (യുപി)∙ പതിവുപോലെ അന്നും ആ മകൻ അമ്മയ്ക്കു കഴിക്കാനുള്ള കുറച്ച് സാധനങ്ങൾ അടുത്തുവച്ചുകൊടുത്തു. തുടർന്ന് വീടു പൂട്ടി പോയി. എല്ലായ്പ്പോഴും സംഭവിക്കുന്നതുപോലെ മകൻ തിരിച്ചെത്തുമെന്നു പ്രതീക്ഷിച്ച് കാര്യമായി നടക്കാനും സംസാരിക്കാനുമാകാത്ത 75കാരിയായ അമ്മ ലഭ്യമായ ഭക്ഷണം കഴിച്ചു. മകൻ സലിൽ ചൗധരി വച്ചു കൊടുത്തത് എന്താണോ അതു മാത്രം ഒരു മാസത്തോളം ഭക്ഷിച്ചു. ഭക്ഷണം തീർന്നിട്ടും മകനെയും കാത്ത് ആ അമ്മ ഇരുന്നു.

ആ വാതിൽ ഒരിക്കലും തുറന്നില്ല. റെയിൽവേ കോളനിയിലെ സർക്കാരിന്റെ ഉടമസ്ഥതയിലുള്ള ആ വീട്ടിൽനിന്ന് ദുര്‍ഗന്ധം പുറത്തുവന്നതിനെത്തുടർന്നു പൊലീസ് പരിശോധിച്ചപ്പോഴാണ് ലീലാവതിയെന്ന ആ അമ്മ മരിച്ചിട്ട് ഒരാഴ്ചയായെന്നു ലോകം തിരിച്ചറിയുന്നത്. മുൻ എംഎൽസി റാം ഖേർ സിങ്ങിന്റെ ഭാര്യയാണ് മരിച്ച ലീലാവതി. ഒരിക്കൽ ധനികരായിരുന്ന കുടുംബം ലക്നൗവിൽ അറിയപ്പെട്ടിരുന്നവരുമായിരുന്നു. കിടക്കയിൽ അഴുകിത്തുടങ്ങിയ നിലയിലായിരുന്നു മ‍ൃതദേഹം. 

ഭാര്യ ഉപേക്ഷിച്ചുപോയതിനെത്തുടർന്ന് സലിൽ മദ്യത്തിന് അടിമപ്പെട്ടിരുന്നെന്നാണ് അയൽക്കാർ നൽകുന്ന വിവരം. പലപ്പോഴും വീടുവിട്ടുപോകുന്ന ഇയാൾ അമ്മയെ ഇങ്ങനെ പൂട്ടിയിടാറുണ്ടത്രേ. വീട്ടിൽ ഭക്ഷണം ഒന്നും ഉണ്ടായിരുന്നില്ല. പുറത്തുനിന്നു പൂട്ടിയിട്ട വീട്ടിൽ വിശന്നു വലഞ്ഞോ അതോ രോഗം മൂലമോ ആണ് അവ‌ർ മരിച്ചിരിക്കുകയെന്നും പൊലീസ് പറഞ്ഞു.

ഫോൺ വഴി ബന്ധപ്പെടാൻ പൊലീസ് ശ്രമിച്ചെങ്കിലും സലിൽ ഫോൺ എടുക്കുന്നില്ല. വാട്ട്സാപ് ഗ്രൂപ്പിൽ അമ്മ മരിച്ചതായി സലിൽ ഫോർവേഡ് മെസേജ് അയച്ചിട്ടുണ്ട്. എന്നാൽ അയാൾ ഫോൺ എടുക്കുന്നില്ലെന്നാണ് വിവരം. റെയിൽവേ ടിക്കറ്റ് കലക്ടർ കൂടിയായ സലിൽ കഴിഞ്ഞ രണ്ടുമാസമായി ജോലിക്കും പോകുന്നില്ലെന്ന് പൊലീസ് അറിയിച്ചു.