Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കർഷകർ തുണച്ചു; രാജസ്ഥാനിൽ ബിജെപിയുടെ രണ്ട് സീറ്റുകൾ പിടിച്ചെടുത്തു സിപിഎം

Cpm-rajasthan ബല്‍വാന്‍ പൂനിയ, ഗിരിധർ ലാൽ

ജയ്പൂർ ∙ രാജസ്ഥാൻ നിയമസഭാ തിരഞ്ഞെടുപ്പിൽ‌ നേട്ടമുണ്ടാക്കി സിപിഎമ്മും. സംസ്ഥാനത്ത് ബിജെപി പ്രഭാവം മങ്ങി കോൺഗ്രസ് തിരിച്ചെത്തുമ്പോൾ സിപിഎമ്മിന്റെ ഈ നേട്ടവും ശ്രദ്ധേയമാണ്. രണ്ടു സീറ്റുകളിലാണ് സിപിഎം വിജയം നേടിയിരിക്കുന്നത്. ഭാദ്ര മണ്ഡലത്തില്‍ ബല്‍വാന്‍ പൂനിയയും ദുംഗര്‍ഗാര്‍ഹില്‍ ഗിരിധർ ലാലും വിജയിച്ചു. ബിജെപിയുടെ സിറ്റിങ്ങ് സീറ്റ് പിടിച്ചെടുത്താണ് രണ്ടിടത്തും സിപിഎം ജയം. 14411 വോട്ടിനാണ് ബൽവാൻ ജയിച്ചത്. ഗിരിധർ ലാൽ 12659 വോട്ടിന്റെ ഭൂരിപക്ഷത്തിലുമാണ് നിയമസഭയിലേക്ക് എത്തുന്നത്. ദുംഗര്‍ഗാര്‍ഹില്‍ മണ്ഡലത്തിൽ ബിജെപി മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളി.

ശക്തമായ കര്‍ഷക പ്രക്ഷോഭങ്ങളും മാവോയിസ്റ്റ് ആക്രമണങ്ങളുമുണ്ടായ മണ്ഡലങ്ങളിലാണ് ഇപ്പോള്‍ സിപിഎം സ്ഥാനാർഥികൾ വിജയക്കൊടി പാറിച്ചത്. 2008ലാണ് സിപിഎം രാജസ്ഥാനിൽ ഏറ്റവും കൂടുതൽ നേട്ടമുണ്ടാക്കിയത്. ധോദ്, ദാന്തരാംഗഡ്, അനുപ്നഗർ എന്നീ മണ്ഡലങ്ങളില്‍ അന്ന് സിപിഎം സ്ഥാനാർഥികളാണ് വിജയിച്ചത്. 2013ലെ മോദി തരംഗത്തിൽ രാജസ്ഥാനിൽ സിപിഎമ്മിന് ഒരാളെ പോലും ജയിപ്പിക്കാൻ സാധിച്ചിരുന്നില്ല.

ബിജെപി സർക്കാരിനെതിരെ നിരവധി കർഷക‌പ്രക്ഷോഭങ്ങൾ സിപിഎം സംഘടിപ്പിച്ചിരുന്നു. കാർഷിക കടങ്ങൾ എഴുതിത്തള്ളുക, കർഷകർക്ക് ജലസേചന സൗകര്യങ്ങൾ നൽകുക, ഉയർന്ന വൈദ്യുതി ചാർജ് പിൻവലിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉയർത്തിയായിരുന്നു പ്രക്ഷോഭങ്ങൾ. പല ആവശ്യങ്ങളും സർക്കാരിന് അഗീകരിച്ചു കൊടുക്കേണ്ടിയും വന്നിരുന്നു.