Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വീണ്ടും ഒരു ഡിസംബർ; ഒരു ദേശീയ നേതാവിന്റെ ഉദയം: ‘രാഹുൽ ഗാന്ധി’

ജെഫിൻ പി. മാത്യു
Follow Facebook
Rahul Gandhi

2013 ഡിസംബർ‌ 8, നരേന്ദ്ര മോദിയെന്ന രാഷ്ട്രീയ നേതാവിന്റെ ജീവിതത്തിലെ നിർണായക ദിനമായിരുന്നു. അന്നു വോട്ടെണ്ണൽ നടന്ന മധ്യപ്രദേശ്, രാജസ്ഥാൻ, ഛത്തീസ്ഗഡ് നിയമസഭാ തിരഞ്ഞെടുപ്പുകളിലെ മിന്നുന്ന വിജയമാണ് ദേശീയ നേതാവ് എന്ന തലത്തിലേക്ക് നരേന്ദ്ര മോദിയെ ഉയർത്തിയത്. അഞ്ചു മാസത്തിനു ശേഷം നടന്ന ലോക്സഭാ തിരഞ്ഞെടുപ്പിൽ ബിജെപിയുടെ ഉജ്വല വിജയത്തോടെ അദ്ദേഹം രാജ്യത്തെ പ്രധാനമന്ത്രി സ്ഥാനത്തേക്ക് എത്തുന്നത് നമ്മൾ കണ്ടു.

അഞ്ച് വർഷങ്ങൾക്കിപ്പുറം വീണ്ടും ഒരു ഡിസംബർ. എന്നാൽ കാര്യങ്ങൾ‌ നേരേ വിപരീതമായാണ് സംഭവിക്കുന്നത്. അഞ്ചു സംസ്ഥാനങ്ങളിലേക്ക് നടന്ന നിയമസഭാ തിരഞ്ഞെടുപ്പിലെ ഫലം പുറത്തുവരുമ്പോൾ മറ്റൊരു നേതാവിന്റെ ഉയർച്ചയ്ക്കാണ് ദേശീയ രാഷ്ട്രീയം സാക്ഷ്യം വഹിക്കുന്നത് – കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയുടേത്. ലോക്സഭാ തിരഞ്ഞെടുപ്പിലെ ചൂണ്ടുപലകയെന്നു വിശേഷിപ്പിക്കാവുന്ന മധ്യപ്രദേശ്, രാജസ്ഥാൻ, ഛത്തീസ്ഗഡ് സംസ്ഥാനങ്ങളിൽ കോൺഗ്രസ് തരംഗം ആഞ്ഞടിക്കുമ്പോൾ രാജ്യത്തിന്റെ അടുത്ത പ്രധാനമന്ത്രി ആര് എന്ന ചോദ്യത്തിന് ഉത്തരം കിട്ടിക്കഴിഞ്ഞെന്നാണ് കോൺഗ്രസ് കേന്ദ്രങ്ങൾ വിലയിരുത്തുന്നത്.

അഞ്ചു സംസ്ഥാനങ്ങളിലെ ഈ വിധിദിനത്തിന് മറ്റൊരു പ്രത്യേകത കൂടിയുണ്ട്. രാഹുൽ ഗാന്ധി കോൺഗ്രസിന്റെ അധ്യക്ഷ പദവി ഔദ്യോഗികമായി ഏറ്റെടുത്തിട്ട് ഒരു വർഷം തികയുന്നു. 2017 ഡിസംബർ 11ന് ഈ സ്ഥാനം ഏറ്റെടുക്കുമ്പോൾ‌ മോദിപ്രഭാവത്തിന്റെ നിഴലിൽ മറഞ്ഞുപോയ ഒരു പാർട്ടിയെ ഉയർത്തിക്കൊണ്ടുവരേണ്ട ഭാരിച്ച ചുമതല കൂടിയാണ് രാഹുൽ ചുമലിലേറ്റിയത്. ഒരുപക്ഷേ, ദേശീയ രാഷ്ട്രീയത്തിൽ ഒരിക്കൽ പോലും ഒരു കോൺഗ്രസ് നേതാവിന് ഇത്ര സമ്മർദം അഭിമുഖീകരിക്കേണ്ടി വന്നിട്ടുണ്ടാവില്ല.

എന്നാൽ ആത്മവിശ്വാസം നഷ്ടപ്പെട്ട ഒരുപറ്റം നേതാക്കളുടെ കൂട്ടത്തെ മുന്നിൽ നിന്നു നയിക്കാൻ രാഹുൽ ഗാന്ധി സധൈര്യം മുൻപോട്ടു വന്നു. നേതാവ് എന്നനിലയിൽ തന്റെ ഒരു വർഷത്തെ വളർച്ച ഉയർത്തിക്കാട്ടാൻ അദ്ദേഹത്തിനു ലഭിച്ച ഏറ്റവും മികച്ച അവസരമായിരുന്നു അഞ്ച് സംസ്ഥാനങ്ങളിലേക്ക് നടന്ന നിയമസഭാ തിരഞ്ഞെടുപ്പുകൾ.

വർഗീയരാഷ്ട്രീയത്തിനും ‘പശു’രാഷ്ട്രീയത്തിനും ബദലായി മതനിരപേക്ഷ രാഷ്ട്രം കെട്ടിപ്പടുക്കുകയെന്ന മുദ്രാവാക്യത്തോടെയാണ് രാഹുൽ ഗാന്ധി കളംനിറഞ്ഞത്. എന്നാൽ ബിജെപി ഒരുക്കിയ അന്തരീക്ഷത്തിൽ നിന്നു പൂർണമായും പുറത്തുവരാൻ അദ്ദേഹത്തിന് സാധിച്ചോയെന്നത് ചോദ്യചിഹ്നമാണ്. താൻ ഒരു ശിവഭക്തനാണെന്നും കൈലാസമാണ് തന്റെ ജീവശ്വാസമെന്നും പറയുന്ന രാഹുൽ ഗാന്ധിയെ നമ്മൾ കണ്ടു.

രാഹുലിന്റെ ഹിന്ദു സ്നേഹം പ്രതിപക്ഷം പലപ്പോഴും രാഷ്ട്രീയ ആയുധമാക്കി. ഏറ്റവും ഒടുവിൽ പ്രകടനപത്രികകളിലും ഈ സ്നേഹം നിഴലിച്ചു. എന്നാൽ അവിടെയെല്ലാം രാഹുൽ എന്ന തന്ത്രജ്ഞനായ രാഷ്ട്രീയ നേതാവിന്റെ വളർച്ചയാണ് കാണാൻ സാധിക്കുന്നതെന്നു വിലയിരുത്തുന്നവരും കുറവല്ല.

രാഷ്ട്രീയം എപ്പോഴും പ്രവചനാതീതം തന്നെ. ഒരു നേതാവിന്റെയോ പാർട്ടിയുടെയോ ഉയർച്ചയ്ക്കും താഴ്ചയ്ക്കും കാരണങ്ങൾ പലതാണ്. ഒരു തിരഞ്ഞെടുപ്പ് ഒരിക്കലും ആരുടെയും അളവുകോലല്ല. മാറി വരുന്ന സംഭവവികാസങ്ങൾക്ക് അനുസരിച്ച് രാഷ്ട്രീയ സാഹചര്യങ്ങൾ മാറിക്കൊണ്ടേയിരിക്കും. ഒരു വ്യക്തിയുടെയോ പാർട്ടിയുടെയോ പ്രഭാവത്തിൽ അധികനാൾ പിടിച്ചുനിൽക്കാനാവില്ലെന്നത് പലതവണ തെളിഞ്ഞതാണ്. ഒരിക്കൽ കൂടി അത് വ്യക്തമാക്കിത്തരുന്നതാണ് ഇന്നത്തെ ഫലങ്ങൾ. ഇന്ത്യയെന്നാൽ മോദിയല്ല. രാഹുൽ ഗാന്ധിയുമല്ല.