Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മധ്യം പിടിച്ച് മധ്യപ്രദേശ്; ഹൃദയഭൂമിയിലെ താമര കോൺഗ്രസ് കൈകളിലേക്ക്

പി.സനിൽകുമാർ
Author Details
Follow Facebook
Shivraj Singh Chauhan, Jyotiraditya Scindia ശിവരാജ് സിങ് ചൗഹാൻ, ജ്യോതിരാദിത്യ സിന്ധ്യ

ഇന്ത്യയുടെ മധ്യപ്രദേശത്തിന്റെ ഹൃദയം കണ്ടതാരാണ്? ഹിന്ദി ഹൃദയഭൂമിയിൽ ആഴത്തിൽ വേരുകളുണ്ടെന്നു വിശ്വസിച്ച ബിജെപിയും മുൻപു കോട്ട കെട്ടിയ കോൺഗ്രസും ഇക്കാര്യത്തിൽ പ്രതീക്ഷക്കൊത്തുയർന്നില്ല. താമരയ്ക്ക് ഇളക്കം തട്ടിയിരിക്കുന്നു, 15 വർഷത്തിലേറെയായി അധികാരത്തിനു പുറത്തുള്ള കോൺഗ്രസിന്റെ കൈകൾക്കു കരുത്തുവന്നിരിക്കുന്നു. ഭരണത്തുടർച്ച വേണോ, ഭരണമാറ്റം വേണോ എന്ന മില്യൻ ഡോളർ ചോദ്യത്തിനു പക്ഷേ കൃത്യം ഉത്തരം നൽകാതെ, മധ്യപക്ഷത്താണു മധ്യപ്രദേശ്.

രാജ്യത്തിന്റെ രാഷ്ട്രീയഗതി പോലും നിർണയിക്കാവുന്ന ഫലത്തിൽ, ബിജെപിയുടെ ജനപ്രീതിയിൽ ഇടിവുണ്ടായെന്നും കോൺഗ്രസ് ജീവശ്വാസം നേടിയെന്നും പറയാം. 14 വർഷമായി ബിജെപിയായിരുന്നു ഇവിടെ അധികാരത്തിൽ. മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്റെ തലയെടുപ്പായിരുന്നു ബിജെപിയുടെ തുറുപ്പുചീട്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വ്യക്തിപ്രഭാവം, കേന്ദ്ര സർക്കാരിന്റെ വലിയ പിന്തുണ, ബിജെപി അധ്യക്ഷൻ അമിത് ഷായുടെ പ്രചാരണതന്ത്രങ്ങൾ എന്നിവയായിരുന്നു ബിജെപിയുടെ കരുക്കൾ.

കോൺഗ്രസിന്റെ ട്രംപ് കാർഡ്

തുടർഭരണത്തിന്റെ വളക്കൂറുള്ള മണ്ണാണു മധ്യപ്രദേശ്. ബിജെപിക്കു മുമ്പ് 10 വർഷം തുടർച്ചയായി കോൺഗ്രസായിരുന്നു ഭരണത്തിൽ. തോൽപ്പിച്ച അതേ തന്ത്രം തിരിച്ചിറക്കിയാണു കോൺഗ്രസ് പടയൊരുക്കിയത്. ചരിത്രത്തിൽ ഇന്നുവരെ കാണാത്ത തരത്തിൽ കോൺഗ്രസ് ഹിന്ദു അടയാളങ്ങളെ പുണർന്നു. ജനസംഖ്യയുടെ 90.9 ശതമാനം ഹിന്ദുമത വിശ്വാസികളാണു സംസ്ഥാനത്ത്. മുസ്‌ലിംകൾ 6.6 ശതമാനം.

കഴിഞ്ഞ ഗുജറാത്ത് തിരഞ്ഞെടുപ്പിലേതു പോലെ, ഹിന്ദുമതാചാരങ്ങളെ കൂടുതലായി ചേർത്തുവച്ച് ഭൂരിപക്ഷ സമുദായത്തെ കൂടെക്കൂട്ടുകയായിരുന്നു കോൺഗ്രസ്. ശത്രുനിഗ്രഹ ശക്തിയുണ്ടെന്നു വിശ്വസിക്കപ്പെടുന്ന പീതാംബര പീഠിൽ ദർശനത്തിനു ശേഷമാണു മധ്യപ്രദേശിൽ രാഹുൽ ഗാന്ധി രണ്ടു ദിവസത്തെ പ്രചാരണത്തിനു തുടക്കമിട്ടതും. കന്യാപൂജയോടെയും നർമദാ വന്ദനത്തോടെയുമായിരുന്നു രാഹുലിന്റെ പ്രചാരണം.

Madhya Pradesh campaign

ചൗഹാന്റെ പ്രതിച്ഛായ പൊളിക്കൽ, സർക്കാരിനെതിരെ അഴിമതി ഉൾപ്പെടെയുള്ള ആരോപണങ്ങൾ, റഫാൽ ഇടപാട് ഉൾപ്പെടെ കേന്ദ്രത്തിനെതിരായ ആയുധങ്ങളുടെ വിന്യാസം, മാധ്യമങ്ങളോടുള്ള അടുപ്പം, ബുത്തുതലം മുതൽ ചിട്ടയായ പ്രവർത്തനം, നേതാക്കളിലും അണികളിലും പ്രകടമായ ഐക്യം, എണ്ണയിട്ട യന്ത്രം പോലുള്ള വാർ റൂമുകൾ, ഒരേ സമയം ഹിന്ദുത്വവും മതേതരത്വവും പുൽകൽ തുടങ്ങിയ തന്ത്രങ്ങളിലൂടെയാണ് കോൺഗ്രസ് പിടിമുറുക്കിയത്.

വോട്ടുബാങ്കുകൾക്ക് അസംതൃപ്തി

രണ്ടു വലിയ വോട്ടുബാങ്കായ ഉദ്യോഗസ്ഥരുടെയും കര്‍ഷകരുടെയും നിസ്സഹകരണവും പ്രതിഷേധവും ബിജെപിയെ വലച്ചു. ബിജെപി നേതൃത്വം നല്‍കുന്ന കേന്ദ്രസര്‍ക്കാര്‍ വഞ്ചിച്ചെന്നായിരുന്നു കര്‍ഷകരുടെ പരാതി. കർഷക സംഘങ്ങളുടെ കൂട്ടായ്മയായ കണ്‍സോര്‍ഷ്യം ഓഫ് ഇന്ത്യന്‍ ഫാര്‍മേഴ്‌സ് അസോസിയേഷന്‍ (സിഐഎഫ്എ) ബിജെപിക്കെതിരെ നിലപാടെടുത്തു. ഉയർന്ന ജാതികളിൽപ്പെട്ട സര്‍ക്കാര്‍ ഉദ്യോഗസ്ഥരും അതൃപ്തരായിരുന്നു. എസ്‌സി, എസ്ടി വിഭാഗക്കാർക്കെതിരായ കേസിൽ മുന്‍കൂര്‍ ജാമ്യം ലഭിക്കില്ലെന്ന കേന്ദ്ര സർക്കാരിന്റെ നിയമനിർമാണം, സംവരണവിരുദ്ധ സമരത്തിൽ ബിജെപി സർക്കാർ മറുപക്ഷത്തു നിൽക്കുന്നത് എന്നിവ തിരിച്ചടിയായി.

madhya-pradesh-congress-leaders

60 ലക്ഷം കന്നിവോട്ടർമാരാണു സംസ്ഥാനത്തുള്ളത്. 27 വയസ്സിനു താഴെയുള്ളവർ 1.20 കോടി. യുവാക്കളിലേക്കു കൂടുതൽ ശ്രദ്ധിക്കാനായി യുവ ടൗൺ‌ഹാൾ ഉൾപ്പെടെയുള്ള പരിപാടികളിൽ പാർട്ടി ശ്രദ്ധിച്ചെങ്കിലും പൂർണതോതിൽ ഉപകാരപ്പെട്ടില്ല. ഒന്നര പതിറ്റാണ്ടായി ബിജെപി ഭരണം തുടരുന്നതിന്റെ പോരായ്മകൾ മറയ്ക്കാൻ, 2003 വരെയുള്ള കോൺഗ്രസ് സർക്കാരിന്റെ കൊള്ളരുതായ്മകളാണു മോദി ഉൾപ്പെടെയുള്ളവർ ചൂണ്ടിക്കാട്ടിയത്. ചെറുപ്പക്കാരായ വോട്ടർമാരുടെ ഓർമയിൽ പോലുമില്ലാത്ത കോൺഗ്രസ് ഭരണത്തെ സ്മൃതിപഥത്തിലെത്തിച്ച്, അതിനേക്കാൾ സമർഥമായി ബിജെപി ഭരിക്കുന്നുവെന്നു ചൂണ്ടിക്കാട്ടാനായിരുന്നു ശ്രമം.

പോളിങ് കൂടി, ആർക്കുമില്ല നേട്ടം

റെക്കോർഡ് പോളിങ്ങായിരുന്നു ഇത്തവണ– 75%. പോളിങ് ശതമാനം കൂടിയത് ഭരണകക്ഷിയായ ബിജെപിയെയോ പ്രതിപക്ഷമായ കോൺഗ്രസിനെയോ കാര്യമായി തുണച്ചില്ലെന്നാണു കണക്കുകൾ വ്യക്തമാക്കുന്നത്. ലഭ്യമായ ഫലസൂചനകൾ അനുസരിച്ച് 81 സീറ്റിലാണ് കൂടിയ പോളിങ്ങുണ്ടായത്. ഇതിൽ ബിജെപി 35 സീറ്റിലും കോൺഗ്രസ് 42 സീറ്റിലും മുന്നിലാണ്.

modi-at-madhya-pradesh-election-rally

പോളിങ് ശതമാനം വർധിപ്പിക്കണമെന്ന് അണികളോടു ബിജെപി നിർദേശിച്ചിരുന്നു. 2014 നു ശേഷം തിരഞ്ഞെടുപ്പ് നടന്ന 17 ൽ 10 സംസ്ഥാനങ്ങളിലും പോളിങ് ശതമാനം മുമ്പത്തേക്കാൾ കൂടുതലായിരുന്നു. ഇതിൽ എഴെണ്ണത്തിലും നേട്ടമുണ്ടാക്കാനായെന്ന അനുഭവം മധ്യപ്രദേശിലും ആവർത്തിക്കുമെന്നായിരുന്നു ബിജെപി കണക്കുകൂട്ടൽ. ഇതിനൊപ്പം ആർഎസ്എസ് വോട്ടർമാരെ ബൂത്തുകളിലെത്തിക്കുക എന്ന ലക്ഷ്യവും തീരുമാനത്തിലുണ്ടായിരുന്നു.

80 ശതമാനമാണു ഗ്രാമീണ മേഖലയിലെ മാത്രം പോളിങ്. മാറിച്ചിന്തിക്കുന്ന വോട്ടർമാരുടെ മനസ്സിനെയാണിതു കാണിക്കുന്നതെന്നും  നേട്ടം സ്വപക്ഷത്തിനാണെന്നുമാണ് കോൺഗ്രസ് വിലയിരുത്തൽ. ചൗഹാന്റെ തുടർഭരണത്തിനെതിരായ വികാരമാണു വർധിച്ച വോട്ടുശതമാനത്തിന്റെ കാരണമെന്നും കോൺഗ്രസ് ചൂണ്ടിക്കാട്ടുന്നു.

വിനയായ കർഷകരോഷം

നഗരകേന്ദ്രീകൃത പാർട്ടിയെന്നാണു ബിജെപിക്കുള്ള വിശേഷണം. എന്നാൽ കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ നഗരവാസികളുടെ എണ്ണം 50 ശതമാനത്തിൽ താഴെയായ 194 മണ്ഡലങ്ങളിൽ 132ലും വിജയിച്ചു. ഇക്കുറി കർഷകമേഖലകളിൽ പാർട്ടി കടുത്ത വെല്ലുവിളിയാണു നേരിട്ടത്. കഴി‍ഞ്ഞവർഷം മൻസോറിലെ കർഷക സമരത്തിനിടെ പൊലീസ് വെടി‍വയ്പിൽ ആറു പേർ കൊല്ലപ്പെട്ടതിന്റെ മുറിവുണങ്ങാതെയാണു ഗ്രാമങ്ങൾ പോളിങ് ബൂത്തുകളിലെത്തിയത്. കർഷകവികാരത്തെ കൂട്ടുപിടിച്ചാണു കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി പ്രചാരണം നടത്തിയതും.

Farmers-Protest

കർഷക വോട്ടർമാരിൽ 45% വരുന്ന ഒബിസി വിഭാഗം കഴിഞ്ഞ തിരഞ്ഞെടുപ്പുകളിൽ ബിജെപിക്ക് ഒപ്പമായിരുന്നു. ശിവരാജ് സിങ് ചൗഹാൻ ഒബിസി വിഭാഗത്തിൽപെട്ടയാളാണ്. കർഷകപുത്രനായാണ് അദ്ദേഹം സ്വയം പരിചയപ്പെടുത്തുന്നത്. എസ്‌സി, എസ്ടി വിഭാഗങ്ങൾ നിർണായകമായ മണ്ഡലങ്ങളിലും കഴിഞ്ഞ തവണ ബിജെപിക്കായിരുന്നു നേട്ടം. ഇത്തവണ പക്ഷേ ഇവർ മാറിചിന്തിച്ചപ്പോൾ കാറ്റ് കോൺഗ്രസിന് അനുകൂലമായി.

‘മാമാജി’ എന്ന് നാട്ടുകാർ വിളിക്കുന്ന, ശിവരാജ് സിങ് ചൗഹാൻ മൻസോറിന്റെ മുറിവുണക്കാൻ നേരിട്ടെത്തിയെങ്കിലും കർഷകരോഷം തണുത്തില്ല. കടാശ്വാസവും വിളകൾക്കു ന്യായവിലയും ആവശ്യപ്പെട്ടായിരുന്നു കർഷകരുടെ സമരം. മധ്യപ്രദേശ് തിരഞ്ഞെടുപ്പു പ്രചാരണത്തിന്റെ അനൗപചാരിക ഉദ്ഘാടനം രാഹുൽ ഗാന്ധി നടത്തിയതു മൻസോറിലായിരുന്നു. അധികാരത്തിലെത്തിയാൽ രണ്ടു ലക്ഷം രൂപ വരെയുള്ള കാർഷിക കടങ്ങൾ എഴുതിത്തള്ളുമെന്ന കോൺഗ്രസ് വാഗ്ദാനം ആയിരക്കണക്കിനു പേരെ ആകർഷിച്ചു.

Madhya Pradesh Congress campaign

മധ്യപ്രദേശിൽ ഓരോ എട്ടുമണിക്കൂറിലും ഒരു കർഷകൻ ആത്മഹത്യ ചെയ്യുന്നുവെന്നാണു കണക്ക്. 1321 കർഷകരാണ് 2016 ൽ ആത്മഹത്യ ചെയ്തത്. കർഷക ആത്മഹത്യയിൽ ഇന്ത്യയിൽ നാലാം സ്ഥാനത്താണു മധ്യപ്രദേശ്. അഞ്ചു വർഷത്തിനിടെ 6071 കർഷക ആത്മഹത്യകൾ. കാർഷികോൽപാദന വളർച്ചയിൽ രാജ്യത്ത് ഒന്നാമതാണു മധ്യപ്രദേശ് എന്ന സർക്കാരിന്റെ അവകാശവാദത്തിനേറ്റ ആണിയടി കൂടിയായി തിരഞ്ഞെടുപ്പു ഫലം.

കരുത്തു കൂട്ടി കോൺഗ്രസ്

ഇഞ്ചോടിഞ്ചു പോരാട്ടം നടന്ന മധ്യപ്രദേശിൽ 2013 നെക്കാൾ കോൺഗ്രസിന് ഇരട്ടിയോളം വോട്ടുവിഹിതം വർധിച്ചു. ബിജെപിയുടെ വോട്ടുവിഹിതത്തിലേക്കാണ് ഈ കടന്നുകയറ്റം. സംസ്ഥാനത്തിന്റെ വടക്ക്, കിഴക്ക് ഭാഗങ്ങളിൽ കോൺഗ്രസിന്റേത് മികച്ച പ്രകടനമായിരുന്നു. കിഴക്ക്, മധ്യ മേഖലകളിൽ ബിജെപി കരുത്തു നിലനിർത്തി. 

മാൾവ നോർത്ത് (63), വിന്ധ്യ പ്രദേശ് (56), മഹാകോഷാൽ (49) എന്നിവിടങ്ങളിൽ ബിജെപി ലീഡ് നേടി. 34 സീറ്റുള്ള ചമ്പലും 28 സീറ്റുള്ള മാൾവ ട്രൈബലും കോൺഗ്രസിനെ ചേർത്തുപിടിച്ചു. സംസ്ഥാനത്ത് നോട്ടയുടെ (നിരാസ വോട്ട്) പ്രകടനവും എടുത്തുപറയേണ്ടതാണ്. ആദ്യകണക്കുകളിൽ തന്നെ 1.5 ലക്ഷത്തിലേറെയുണ്ട് നോട്ട – മൊത്തം വോട്ടുവിഹിതത്തിന്റെ 1.5 %. 

ആദിവാസി മേഖലയുടെ ആധികൾ 

47 ആദിവാസി മണ്ഡലങ്ങളാണ് മധ്യപ്രദേശിലുള്ളത്. 2003ൽ ബിജെപി മധ്യപ്രദേശ് പിടിച്ചെടുത്തപ്പോൾ ഒരുകാലത്ത് കോൺഗ്രസിന്റെ കോട്ടയായിരുന്ന ട്രൈബൽ മേഖലകളും ഒപ്പം നിന്നു. ആർഎസ്എസിന്റെ നിരന്തര പ്രവർത്തനങ്ങളാണ് ആദിവാസി മേഖലയിലെ കോൺഗ്രസിന്റെ കുത്തക തകർത്തത്. ആർഎസ്എസ് സാന്നിധ്യം വോട്ടാക്കി മാറ്റാൻ ബിജെപിക്കും സാധിച്ചു. 2003ലെ ഞെട്ടലിൽനിന്ന് ഉണർന്ന കോൺഗ്രസ് ആദിവാസി മേഖലയിൽ ശക്തമായി പ്രവർത്തിച്ചു. ഇവിടെ ബിജെപിക്കുണ്ടായിരുന്ന കുത്തക അവസാനിപ്പിക്കാൻ കോൺഗ്രസ് വിയർപ്പൊഴുക്കിയത് വെറുതെയായില്ല.

നയിക്കാൻ മോദിയും രാഹുലും

മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാനെ നായകനാക്കിയാണു ബിജെപി കളിച്ചത്. എന്നാൽ കേളീതന്ത്രം മെനഞ്ഞതു പ്രധാനമന്ത്രി നരേന്ദ്ര മോദിയും ബിജെപി അധ്യക്ഷൻ അമിത് ഷായുമാണ്. തിരഞ്ഞെടുപ്പു തീയതി പ്രഖ്യാപനത്തിനു മുൻപു തന്നെ മോദിയും ഷായും പ്രചാരണത്തിൽ സജീവമായിരുന്നു.

Rahul Gandhi receives a sword

പ്രദേശ് കോൺഗ്രസ് കമ്മിറ്റിയെ ഉടച്ചുവാർത്താണു രാഹുൽ ഗാന്ധി മൽസരത്തിനൊരുങ്ങിയത്. മധ്യപ്രദേശിലെ മുടിചൂടാമന്നനായിരുന്ന ദിഗ്‌വിജയ് സിങ്ങിനെ പിൻസീറ്റിലേക്കു മാറ്റി. സീനിയർ കോൺഗ്രസ് നേതാവ് കമൽനാഥിനെ പാർട്ടി അധ്യക്ഷനാക്കി. തിരഞ്ഞെടുപ്പിന്റെ നിർണായക ചുമതലകൾ സീനിയർ നേതാവ് ജ്യോതിരാദിത്യ സിന്ധ്യക്കു നൽകി. ഗ്രൂപ്പുകളി ഒഴിവാക്കാൻ കമൽനാഥ്- ജ്യോതിരാദിത്യ സിന്ധ്യ സഖ്യത്തിനു സാധിച്ചു. ചെറുപ്പത്തിന്റെ ഊർജവും മുതിർന്നവരുടെ പ്രവൃത്തി പരിചയവും കോൺഗ്രസിനു കരുത്തായി.

മുസ്‍ലിംകളുടെ മണ്ഡലം

മധ്യപ്രദേശിലെ ന്യൂനപക്ഷ രാഷ്ട്രീയത്തിന്റെ പ്രതിനിധികൾ ഏറ്റുമുട്ടുന്നു എന്നതായിരുന്നു ഉത്തര ഭോപാലിന്റെ പ്രത്യേകത. കോൺഗ്രസ് സ്ഥാനാർഥിയും നിയമസഭയിലെ ഏക മുസ്‌ലിം അംഗവുമായ ആരിഫ് അഖീൽ, ബിജെപിയിലെ ഏക മുസ്‌ലിം സ്ഥാനാർഥി ഫാത്വിമ സിദ്ധീഖിയെയാണു നേരിട്ടത്. എതിരാളികൾ മാറിയെങ്കിലും 1998 മുതൽ വിജയിക്കുന്ന ആരിഫ് ഇക്കുറിയും പതിവു തെറ്റിച്ചില്ല. സ്വന്തമാക്കിയത് രണ്ടു പതിറ്റാണ്ടിന്റെ വിജയപാരമ്പര്യം.

60% മുസ്‌ലിംകളുള്ള ഇവിടെ പരമ്പരാഗതമായി മുസ്‌ലിം- ഹിന്ദു സ്ഥാനാർഥികളുടെ പോരാട്ടമായിരുന്നു. കഴിഞ്ഞതവണയാണ് ആദ്യമായി ബിജെപി മുസ്‌ലിം സ്ഥാനാർഥിയെ നിർത്തിയത്. ചൗഹാൻ നേരിട്ടു നിയന്ത്രിച്ച മൽസരത്തിൽ ആരിഫ്, ബിജെപിയുടെ മുതിർന്ന നേതാവും മുൻ കേന്ദ്രമന്ത്രിയുമായ ആരിഫ് ബെയ്ഗിനെ തോൽപിച്ചു. 

മധ്യപ്രദേശ് രാഷ്ട്രീയത്തിൽ ന്യൂനപക്ഷവിഭാഗങ്ങൾക്കു വലിയ സ്വാധീനമില്ല. ഇത്തവണ കോൺഗ്രസ് മുസ്‌ലിം വിഭാഗത്തിലെ 3 പേർക്കു സീറ്റു നൽകിയപ്പോൾ ബിജെപി ഒന്നിലൊതുക്കി. ഫാത്വിമയുടെ പിതാവ് റസൂൽ അഹമ്മദ് ആയിരുന്നു 1980 ലും 1985ലും കോൺഗ്രസ് സ്ഥാനാർഥിയായി ജയിച്ചത്. കോൺഗ്രസ് കുടുംബാംഗമായ ഫാത്വിമ, പാർട്ടി ടിക്കറ്റ് നൽകാതിരുന്നപ്പോഴാണു ബിജെപിയിൽ ചേർന്നത്.

ഉദിച്ചത് ബുധ്നിയിൽ മാത്രം

മുൻ പിസിസി അധ്യക്ഷൻ അരുൺ സുഭാഷ് ചന്ദ്ര യാദവിൽനിന്നു കടുത്ത മൽസരം നേരിട്ടാണു ശിവരാജ് സിങ് ചൗഹാൻ സ്വന്തം തട്ടകമായ ബുധ്നിയിൽ ജയിച്ചത്. സംസ്ഥാനത്ത് ഏറ്റവും കർഷക ആത്മഹത്യകൾ നടന്ന പ്രദേശമെന്ന ചീത്തപ്പേരുള്ള ഇവിടെ 84,805 ൽനിന്ന് പകുതിയിൽ താഴെയായി ചൗഹാന്റെ ഭൂരിപക്ഷം കുറഞ്ഞു. ബുധ്നിയിലൂടെ മധ്യപ്രദേശിലാകെ ഉദിച്ചുയരാമെന്ന ചൗഹാന്റെ പ്രതീക്ഷകൾക്കാണു മങ്ങലേറ്റത്.

related stories