Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ജനങ്ങളിൽനിന്നകന്നു, പാർട്ടി പിണങ്ങി; രാജ്യഭരണം ‘കൈ’മാറി വസുന്ധര

കെ. ദാമോദരൻ
Vasundhara Raje Scindia വസുന്ധര രാജെ തിരഞ്ഞെടുപ്പു പ്രചാരണത്തിനിടെ.

പൊതുതിരഞ്ഞെടുപ്പിനു മുന്നോടിയായുള്ള സെമിഫൈനൽ എന്നു പൊതുവെ വിലയിരുത്തപ്പെട്ട, അഞ്ചു സംസ്ഥാനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിലേക്കു രാജ്യം നടന്നടുത്തപ്പോൾ ബിജെപി പാളയത്തിന് ഏറെ ആശങ്കകള്‍ നൽകിയ മുഖ്യമന്ത്രിയായിരുന്നു വസുന്ധരരാജെ സിന്ധ്യ. ഛത്തീസ്ഗഡിലും മധ്യപ്രദേശിലും രമണ്‍സിങ്ങും ശിവരാജ് സിങ് ചൗഹാനും പാർട്ടിയിലും ഭരണത്തിലും സ്വാധീനം ഊട്ടിയുറപ്പിച്ചു ഭരണത്തുടർ‌ച്ചയെക്കുറിച്ചു വാചാലരായപ്പോൾ മറിച്ചായിരുന്നു രാജസ്ഥാനിലെ അവസ്ഥ. പാർട്ടിക്കകത്തും പുറത്തും ഒരുപോലെ ഒറ്റപ്പെട്ട നേതാവായി വസുന്ധരരാജെ സിന്ധ്യ.

ജനങ്ങളിൽനിന്ന് ഇത്രത്തോളം അകന്ന ഒരു മുഖ്യമന്ത്രി സംസ്ഥാന ചരിത്രത്തിലുണ്ടായിട്ടില്ലെന്ന ആരോപണം ബിജെപിയുടെ ഉരുക്കുകോട്ടകൾ എന്നു വിശേഷിപ്പിക്കപ്പെടുന്ന പ്രദേശങ്ങളിൽനിന്നു പോലും പരസ്യമായി ഉയർന്നു. വസുന്ധരയുടെ ധാര്‍‌ഷ്ട്യത്തിന്‍റെ ഉദാഹരണമായാണ് ജനങ്ങളിൽനിന്നുള്ള അവരുടെ അകൽച്ചയെ രാഷ്ട്രീയ എതിരാളികള്‍ വിശേഷിപ്പിച്ചത്. റാണിക്കു തുടർഭരണമില്ലെന്ന തരത്തിലുള്ള മുദ്രാവാക്യങ്ങള്‍ വരെ സംസ്ഥാന രാഷ്ട്രീയം കേട്ട തിരഞ്ഞെടുപ്പുകളിലൊന്നു കൂടിയായിരുന്നു ഇത്തവണത്തേത്.

മോദിക്കും അമിത്ഷായ്ക്കും ഒരുപോലെ അസ്വീകാര്യയായ വ്യക്തിത്വം എന്ന വിശേഷണം പാർട്ടിക്കുള്ളിൽ വസുന്ധരയെ ദുർബലയാക്കി. ആർഎസ്എസ് നേതൃത്വത്തിന്‍റെ പിന്തുണയും വസുന്ധര വിരുദ്ധ ക്യാംപിനായിരുന്നു. മോദി സർക്കാർ അധികാരമേൽക്കുമ്പോൾ രാജസ്ഥാനിൽ നിന്നുള്ള പ്രതിനിധിയാരാകണം എന്ന നിർദേശം മുന്നോട്ടുവച്ചതോടെയാണ് കേന്ദ്ര നേതൃത്വത്തിന് വസുന്ധരരാജെ അനഭിമതയായത്.

ഫെബ്രുവരിയില്‍ നടന്ന ഉപതിരഞ്ഞെടുപ്പുകളിൽ പരാജയപ്പെട്ടതോടെ ബിജെപിക്കകത്തും വസുന്ധര രാജെ വിരുദ്ധ വികാരം അതിന്‍റെ കൊടുമുടിയിലെത്തി. പരാജയം ഉറപ്പിക്കാൻ ആർഎസ്എസ് ബോധപൂർവം പിന്നോട്ടുവലിഞ്ഞു എന്ന ആരോപണം ഉയർന്ന തിരഞ്ഞെടുപ്പു കൂടിയായിരുന്നു അത്. ഇതിനിടെ കേന്ദ്രനേതൃത്വവുമായി പലപ്പോഴും മുഖ്യമന്ത്രി കൊമ്പു കോർത്തു, സമവായത്തിനു കേന്ദ്ര നേതൃത്വത്തെ നിർബന്ധിതരാക്കിക്കൊണ്ടായിരുന്നു ഈ ഏറ്റുമുട്ടലുകൾ പലപ്പോഴും അവസാനിച്ചത്. പാർട്ടി സംസ്ഥാന അധ്യക്ഷന്‍റെ നിയമനം ഇതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ്.

പാർട്ടിക്കകത്തെ വിമതസ്വരങ്ങൾ വേട്ടയാടുമ്പോഴും പകരം വയ്ക്കാൻ മറ്റൊരു നേതാവില്ലെന്ന യാഥാർഥ്യമാണ് പലപ്പോഴും സിന്ധ്യ കുടുംബത്തിലെ ഈ അംഗത്തിന്‍റെ തുണക്കെത്തിയത്. 2019 ലെ പൊതുതിരഞ്ഞെടുപ്പിൽ രാജസ്ഥാന്‍റെ പ്രാധാന്യം തിരിച്ചറിഞ്ഞ മോദിയും അമിത്ഷായും ഒടുവിൽ വസുന്ധരരാജെയെത്തന്നെ മുന്നിൽക്കണ്ട് തിരഞ്ഞെടുപ്പു നേരിടാൻ തീരുമാനിക്കുകയായിരുന്നു.

ശക്തമായ ഭരണവിരുദ്ധ തരംഗം നിലനിൽക്കുന്നതിനാൽ കോൺഗ്രസിന് അനായാസ ജയമുണ്ടാകുമെന്ന രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തലുകള്‍ക്ക് ബിജെപി പാളയത്തിലും പിന്തുണക്കാരുണ്ടായി. പിണക്കങ്ങൾ മറന്ന് ആർഎസ്എസ് അവസാന നിമിഷം രംഗത്തെത്തുകയും മോദിയും അമിത്ഷായും അവസാന നിമിഷങ്ങളിൽ പ്രചാരണത്തിനു ചൂടുപിടിപ്പിക്കാനെത്തുകയും ചെയ്തെങ്കിലും അതിശക്തമായ ഭരണവിരുദ്ധ തരംഗത്തിൽനിന്നു വലിയൊരു മോചനം ബിജെപി പോലും പ്രതീക്ഷിച്ചിരുന്നില്ല.

ഇവിടെ നിന്നുമാണ് വലിയ പരുക്കുകളില്ലാത്ത ഒരു പരാജയമെന്ന നിലയിലേക്ക് ബിജെപി ഓടിയടുത്തത്. മോദി – അമിത്ഷാ സഖ്യം നടത്തിയ തീവ്ര പ്രചാരണത്തോടൊപ്പം ജനങ്ങളുമായുള്ള അകൽച്ച കുറയ്ക്കാൻ വസുന്ധരരാജെ നടത്തിയ സംസ്ഥാന പര്യടനവും ഇതിന്‍റെ ഭാഗമായി ഒഴുകിയെത്തിയ വാഗ്ദാന പെരുമഴയും ഒരളവോളം ബിജെപിക്കു തുണയായി എന്നു വേണം വിലയിരുത്താൻ. സംസ്ഥാന ചരിത്രത്തിലെ ഏറ്റവും വലിയ ഭൂരിപക്ഷത്തോടെ അധികാരത്തിലെത്തിയ വസുന്ധരരാജെയെ സംബന്ധിച്ചിടത്തോളം വലിയൊരു പരാജയം രുചിക്കാതെ അധികാരക്കസേര ഒഴിയാനായി എന്നതു വലിയ ആശ്വാസം തന്നെയാണ്.

പൊതുതിരഞ്ഞെടുപ്പിനെ കുറിച്ചുള്ള പാർട്ടിയുടെ സ്വപ്നങ്ങൾക്കു മാരകമായ ക്ഷതമേൽക്കാതെ സംരക്ഷിക്കാനായി എന്നു ബിജെപിക്ക് വാദത്തിനു വേണ്ടിയെങ്കിലും ഉന്നയിക്കാവുന്ന സാഹചര്യമാണ് നിലവിൽ. അധികാരത്തിലിരിക്കെത്തന്നെ കേന്ദ്ര നേതൃത്വത്തിന്‍റെയും വലിയൊരു വിഭാഗം അണികളുടെയും അപ്രീതിക്കു പാത്രമായ വസുന്ധരരാജെയെ സംബന്ധിച്ചിടത്തോളം, അധികാരമില്ലാത്ത ഇനിയുള്ള നാളുകള്‍ ഏറെ നിർണായകമാണ്. മാറിയ സാഹചര്യത്തിൽ പാര്‍ട്ടി സ്വീകരിക്കുന്ന നിലപാടും ഇക്കാര്യത്തിൽ ഏറെ പ്രസക്തമാകും.

കേന്ദ്ര സർക്കാർ വരെ മാതൃകയാക്കിയ പല മികച്ച പദ്ധതികളും നടപ്പിലാക്കിയിട്ടും ഇവയെച്ചൊല്ലി ഉയർന്നു വന്ന ആരോപണങ്ങളാണ് കാറ്റു വസുന്ധരയ്ക്കു പ്രതികൂലമാകുന്നതിൽ നിർണായക പങ്കുവഹിച്ചതെന്നെ വിലയിരുത്തലുകളുണ്ട്. സംസ്ഥാന ചരിത്രത്തിലെ ഏറ്റവും മികച്ച ഭൂരിപക്ഷത്തോടെ അധികാരത്തിലെത്തിയതിനാൽ വസുന്ധരരാജെ സർക്കാരിൽ പ്രതീക്ഷകളുടെ അമിതഭാരം ഉണ്ടായിരുന്നതായി ബിജെപിയിലെ ചില കേന്ദ്രങ്ങൾ ചൂണ്ടിക്കാണിക്കുന്നു. അവസാന ലാപ്പിൽ വസുന്ധരരാജെയെ മാറ്റി മറ്റൊരാളെ ബാറ്റൺ ഏൽപ്പിച്ചാൽ സ്ഥിതിമെച്ചപ്പെടുമായിരുന്നോ എന്ന ചിന്തയ്ക്ക് ഈ തിരഞ്ഞെടുപ്പു ഫലം ബിജെപിയിൽ തിരികൊളുത്തുമെന്നു ഉറപ്പാണ്.

related stories