Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ആരാധനാലയങ്ങളിലെ ആയുധപരിശീലനം നിരോധിക്കാൻ നിയമ ഭേദഗതി: കടകംപള്ളി

kadakampally-surendran ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ

തിരുവനന്തപുരം∙ ആരാധനാലയങ്ങൾ കേന്ദ്രീകരിച്ച് ആയുധ പരിശീലനം ഉൾപ്പെടെ നിരോധിക്കുന്നതിന് 1950 ലെ തിരുവിതാംകൂർ- കൊച്ചി ഹിന്ദുമത ആക്ടിൽ ഭേദഗതി കൊണ്ടുവരാൻ ഉദ്ദേശിക്കുന്നതായി ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ നിയമസഭയിൽ അറിയിച്ചു. ആരാധനാലയങ്ങളുടെ പരിസരം ആയുധ പരിശീലനത്തിനായി ഉപയോഗിക്കുന്നത് 2011 ലെ പൊലീസ് ആക്ടിലെ 73 വകുപ്പ് പ്രകാരം നിയന്ത്രിച്ചിട്ടുണ്ട്. അതിന്റെ അടിസ്ഥാനത്തിൽ ആരാധനാലയങ്ങളുടെ പരിസരം കേന്ദ്രീകരിച്ചു നടക്കുന്ന എല്ലാ കായിക പരിശീലനങ്ങളും നിരീക്ഷിച്ചു വരികയാണ്. ദേവസ്വം ബോർഡിനും ഇതു സംബന്ധിച്ച് നിർദേശം നൽകിയിട്ടുണ്ടെന്നു മന്ത്രി പറഞ്ഞു.

ശബരിമല സംഘർഷവുമായി ബന്ധപ്പെട്ട് 222 പേർക്കെതിരെ കേസുകൾ റജിസ്റ്റർ ചെയ്തുവെന്നു മുഖ്യമന്ത്രി പിണറായി വിജയൻ സഭയെ അറിയിച്ചു. തുലാമാസ പൂജകൾക്കായി നട തുറന്ന വേളയിൽ പമ്പയിലും നിലയ്ക്കലുമുണ്ടായ സംഘർഷങ്ങളിൽ 31.62 ലക്ഷത്തിന്റെ നഷ്ടമുണ്ടായി. വാഹനം തല്ലിതകർത്തതായുള്ള ആരോപണത്തിൽ അന്വേഷണത്തിനു ഹൈക്കോടതി നിർദേശം നൽകിയിട്ടുണ്ട്. അന്വേഷണം നടന്നുവരികയാണ്.

ശബരിമലയിൽ പോലീസ് അതിക്രമം നടന്നിട്ടില്ല. ഭക്തർക്കെതിരെ കേസുകൾ റജിസ്റ്റർ ചെയ്തിട്ടില്ല. അവരുടെ പരാതിയിൽ കേസെടുത്തിട്ടുണ്ട്. ശബരിമലയിൽ പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ ശിക്ഷാനടപടികൾ സ്വീകരിക്കേണ്ട അവസ്ഥ ഉണ്ടായിട്ടില്ലെന്നു മുഖ്യമന്ത്രി വ്യക്തമാക്കി. ഭക്തരുടെ വാഹനങ്ങൾ അടിച്ചു തകർത്ത സംഭവത്തിൽ അന്വേഷണം നടത്താൻ കൊച്ചി റേഞ്ച് ഐജിക്ക് നിർദേശം നൽകിയിട്ടുണ്ട്. ശബരിമല ഡ്യൂട്ടിയിലുള്ള പൊലീസുകാരുടെ ചെലവ് സർക്കാരാണു വഹിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

related stories