Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ആക്രമിക്കുന്നവരെ കൊന്നിട്ടു വരൂ: വിദ്യാർഥികൾക്ക് വിസിയുടെ ‘ഉപദേശം’; വിവാദം

ലക്നൗ ∙ ആക്രമിക്കുന്നവരെ കൊന്നിട്ടു വരാന്‍ വിദ്യാര്‍ഥികളോട് ആഹ്വാനം ചെയ്ത പൂര്‍വാഞ്ചല്‍ സര്‍വകലാശാല വൈസ് ചാന്‍സലറുടെ പ്രസംഗം വിവാദമായി. രാജ്യാന്തര വാര്‍ത്താ ഏജന്‍സിയാണു വൈസ് ചാന്‍സലര്‍ രാജാറാം യാദവിന്‍റെ കൊലവിളി പ്രസംഗം പുറത്തുവിട്ടത്. വിസിയെ പുറത്താക്കണമെന്നു കോണ്‍ഗ്രസും സമാജ്‍വാദി പാര്‍ട്ടിയും ആവശ്യപ്പെട്ടു.

വിദ്യാര്‍ഥികളെ നേര്‍വഴിക്കു നടത്തേണ്ട വൈസ് ചാന്‍സലറില്‍നിന്നു പുറത്തുവന്ന വാക്കുകള്‍ ഇങ്ങനെ: നിങ്ങള്‍ പൂര്‍വാഞ്ചല്‍ സര്‍വകലാശാലയുടെ വിദ്യാര്‍ഥിയാണെങ്കില്‍, ആരെങ്കിലുമായി വഴക്കുണ്ടായാല്‍ കരഞ്ഞുകൊണ്ട് എന്‍റെയടുത്തു വരരുത്. തിരിച്ചടിക്കണം. കഴിയുമെങ്കില്‍ കൊന്നിട്ടുവരണം. ബാക്കി ഞങ്ങള്‍ നോക്കിക്കോളാം.

ഗാസിപുരില്‍ സംഘടിപ്പിച്ച വിദ്യാര്‍ഥി സെമിനാറിലായിരുന്നു വൈസ് ചാന്‍സലര്‍ രാജാറാം യാദവിന്‍റെ പ്രസംഗം. സംഭവം വിവാദമായതോടെ വിസിയെ പുറത്താക്കണമെന്നു പ്രതിപക്ഷം ആവശ്യപ്പെട്ടു. സമാധാനത്തിന്റെ വഴി ഉപദേശിക്കേണ്ടവര്‍ ഗുണ്ടാരാജിന് ആഹ്വാനം ചെയ്യുന്നത് അംഗീകരിക്കാനാകില്ലെന്ന് ഉത്തര്‍പ്രദേശ് മന്ത്രി സിദ്ധാര്‍ഥ് നാഥ് സിങ് പ്രതികരിച്ചു.