Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വനിതാമതിലിന് കാരണം ശബരിമല വിധി; വര്‍ഗസമരത്തിന് എതിരല്ല: ‌മുഖ്യമന്ത്രി

Pinarayi Vijayan മുഖ്യമന്ത്രി പിണറായി വിജയൻ

തിരുവനന്തപുരം ∙ ഇടതുപാർട്ടികൾ സമുദായ സംഘടനകളെ കൂട്ടുപിടിക്കുന്നതിനെതിരെ ഭരണപരിഷ്കാര കമ്മിഷൻ അധ്യക്ഷൻ വി.എസ്.അച്യുതാനന്ദനെടുക്കുന്ന നിലപാടിനു പരോക്ഷ മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. വനിതാമതില്‍ വര്‍ഗസമര കാഴ്ചപ്പാടിന് എതിരല്ലെന്ന് ഇതേക്കുറിച്ചെഴുതിയ ലേഖനത്തില്‍ പിണറായി അഭിപ്രായപ്പെട്ടു. ലിംഗസമത്വത്തിനൊപ്പം നില്‍ക്കുന്നതും ജാതീയ അടിച്ചമര്‍ത്തലിനെതിരെ പോരാടുന്നതും വര്‍ഗസമരത്തിന്റെ ഭാഗമാണെന്നും പിണറായി വ്യക്തമാക്കി.

കമ്യൂണിസ്റ്റ് പാര്‍ട്ടി മുന്‍പും സമുദായ സംഘടനകളുമായി ചേര്‍ന്ന‌ു സമരങ്ങള്‍ നടത്തിയിട്ടുണ്ട്. വിമര്‍ശനങ്ങളുമായെത്തുന്നതു നവോത്ഥാന ചരിത്രത്തെക്കുറിച്ച് അജ്ഞരായവരാണ്. ശബരിമല വിധിയാണു വനിതാമതില്‍ സൃഷ്ടിക്കാന്‍ ഇടയാക്കിയത്. വിധിക്കു പിന്നാലെ സ്ത്രീകളെ തെരുവിലിറക്കി ഒരു വിഭാഗം പ്രതിഷേധിച്ചു. സ്ത്രീവിരുദ്ധമാണു വിധി എന്നായിരുന്നു ഇവരുടെ പ്രചാരണം. ഹിന്ദുമത വിഭാഗങ്ങളില്‍ നിന്നാണ് ഇത്തരത്തിലുള്ള പ്രചാരണം ഉയര്‍ന്നതെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.

വനിതാമതിലുമായി ബന്ധപ്പെട്ട പ്രചാരണ പരിപാടികളിലോ മറ്റു യോഗങ്ങളിലോ ശബരിമല വിധിയുമായി ബന്ധപ്പെട്ട പരാമര്‍ശം സര്‍ക്കാര്‍ നടത്തിയിരുന്നില്ല. വനിതാമതില്‍ നവോത്ഥാന മൂല്യങ്ങള്‍ ഉയര്‍ത്താനാണെന്നും ശബരിമലയില്‍ യുവതികൾ കയറരുതെന്നാണു നിലപാടെന്നുമായിരുന്നു പ്രധാന സംഘാടകരിലൊരാളായ എസ്‌എന്‍ഡിപി വ്യക്തമാക്കിയത്. ഇതിനിടെയാണു ശബരിമല വിധിയും വനിതാമതിലും ബന്ധമുണ്ടെന്നു മുഖ്യമന്ത്രി വ്യക്തമാക്കിയത്.