ശബരിമല നട അടച്ചതു നിയമലംഘനം: എൽഡിഎഫ് കൺവീനർ

a-vijayaraghavan-3
SHARE

കൊച്ചി∙ യുവതികൾ പ്രവേശിച്ചതിനെ തുടർന്ന‌് ശബരിമല നട അടച്ച തന്ത്രിയുടെ നടപടി നിയമലംഘനമാണെന്ന‌് ഇടതു മുന്നണി കൺവീനർ എ. വിജയരാഘവൻ. ബിജെപിയും ശബരിമല കർമസമിതിയും പ്രഖ്യാപിച്ചിരിക്കുന്ന ഹർത്താൽ ശബരിമല ഭക്തർക്കാണ‌ു കൂടുതൽ അസൗകര്യം ഉണ്ടാക്കുന്നതെന്നും ജനങ്ങൾ ഈ ഹർത്താൽ തള്ളുമെന്നും അദ്ദേഹം പറഞ്ഞു.

ഭരണഘടനയും സുപ്രീംകോടതിയും അനുവദിച്ച അവകാശത്തിന്റെ ഭാഗമായാണ‌ു സ‌്ത്രീകൾ ശബരിമല സന്ദർശനം നടത്തിയത‌്. ക്ഷേത്രനട അടച്ചിട്ട‌ു ശുദ്ധികലശം നടത്തിയ തന്ത്രി മറ്റ‌ു ഭക്തരുടെ ദർശന അവകാശമാണ‌ു നിഷേധിച്ചത‌്. ശബരിമലയുടെ ഉടമസ്ഥാവകാശം ദേവസ്വം ബോർഡിനാണ‌്. ബോർഡിനോട‌് ആലോചിക്കാതെ നടയടച്ചതു വഴി തന്ത്രി തന്റെ ചുമതലയ‌്ക്ക‌ു പുറത്താണ‌് പ്രവർത്തിച്ചത‌്. വൽസൻ തില്ലങ്കേരി നടയ‌്ക്ക‌ു പുറം തിരിഞ്ഞ‌ുനിന്ന‌് ആചാര ലംഘനം നടത്തിയപ്പോൾ ഉണ്ടാകാതിരുന്ന ശുദ്ധികലശം എന്തേ ഇപ്പോഴെന്നും അദ്ദേഹം ചോദിച്ചു.

സ‌്ത്രീ പ്രവേശനത്തിൽ സർക്കാരിനെ കുറ്റപ്പെടുത്തേണ്ട കാര്യമില്ല. യുവതികൾ ദർശനം നടത്തി മടങ്ങിയിട്ട‌് ശബരിമലയിൽ ഒരു പ്രതിഷേധവും ഉണ്ടായിട്ടില്ല. നടയടച്ചപ്പോൾ മാത്രമാണ‌് അസൗകര്യം ഉണ്ടായത‌്. തുടർന്ന‌ു നട തുറന്നശേഷവും പതിനായിരക്കണക്കിന‌ു ഭക്തർ സമാധാനപൂർവം സന്ദർശനം നടത്തി മടങ്ങുകയാണ‌്. സംഘപരിവാരങ്ങൾ ആഴ‌്ചകളായി നടത്തിയ ആക്രമണങ്ങൾക്കിടയിലും സർക്കാർ ശബരിമലയിലെത്തിയ ഭക്തർക്ക‌ു ദർശനത്തിന‌ു കൂടുതൽ സൗകര്യമൊരുക്കുകയാണ‌ു ചെയ‌്തത‌്. പരാതികളില്ലാത്ത മണ്ഡലകാലമാണ‌ു കടന്നു പോയത‌്. എന്നാൽ യുവതീപ്രവേശത്തിന്റെ പേരിൽ വീണ്ടും ആക്രമണവും വർഗീയ ചേരിതിരിവുമുണ്ടാക്കാനാണ‌് ബിജെപിയും മറ്റ‌് സംഘപരിവാർ സംഘടനകളും ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LATEST NEWS
SHOW MORE
FROM ONMANORAMA