പ്രധാനമന്ത്രിയുമായി സംവദിക്കുന്നതിന് 20 മിനിറ്റ് തരൂ: മോദിയെ വെല്ലുവിളിച്ച് രാഹുൽ

Rahul-Gandhi-3
SHARE

ന്യൂഡൽഹി∙ റഫാൽ ഇടപാടിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സംവാദത്തിനു വെല്ലുവിളിച്ച് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി. ഇടപാടിനെക്കുറിച്ച് ലോക്സഭയിൽ ബുധനാഴ്ച നടന്ന ചർച്ചയ്ക്കു ശേഷമായിരുന്നു കോൺഗ്രസ് അധ്യക്ഷന്റെ വെല്ലുവിളി. റഫാലിനെക്കുറിച്ചു പ്രധാനമന്ത്രിയുമായി സംവദിക്കുന്നതിനു എനിക്ക് 20 മിനിറ്റ് തരൂ, പക്ഷേ അദ്ദേഹത്തിനു ധൈര്യമുണ്ടാകുമെന്നു തേന്നുന്നില്ല. ചോദ്യങ്ങളെ നേരിടാൻ ഭയക്കുന്നതുകൊണ്ടാണു പ്രധാനമന്ത്രി സഭയിൽ നിന്ന് ഇറങ്ങിപ്പോയതെന്നും അദ്ദേഹം പറഞ്ഞു.

വാർത്താ ഏജൻസിയായ എഎൻഐയ്ക്ക് കഴിഞ്ഞ ദിവസം പ്രധാനമന്ത്രി നൽകിയ അഭിമുഖത്തെ കേന്ദ്രീകരിച്ചായിരുന്നു രാഹുൽ ഗാന്ധിയുടെ ആക്രമണം. റഫാൽ ഇടപാടിനെക്കുറിച്ച് ആരും ചോദ്യങ്ങൾ ഉന്നയിക്കുന്നില്ലെന്നാണ് 95 മിനിറ്റ് ദൈർഘ്യമുള്ള അഭിമുഖത്തിൽ പ്രധാനമന്ത്രി പറഞ്ഞത്. എന്നാൽ രാജ്യം മുഴുവൻ താങ്കളോടു ചോദ്യങ്ങൾ ചോദിക്കുകയാണ്. അതിനെല്ലാം ഉത്തരം പറയണം. അധികനാൾ മുറിക്കുള്ളിൽ ഒളിച്ചിരിക്കാനാവില്ല. സത്യത്തെ മൂടിവയ്ക്കാനും ആകില്ലെന്നു രാഹുൽ ഗാന്ധി പറഞ്ഞു.

അതേസമയം, റഫാൽ ഇടപാടിനെക്കുറിച്ചു ലോക്സഭയിൽ നടന്ന ചർച്ച പ്രതിപക്ഷ ബഹളത്തിൽ മുങ്ങി. ബഹളത്തെ തുടർന്നു സഭ പിരിച്ചുവിടുന്നതായി സ്പീക്കർ സുമിത്ര മഹാജൻ അറിയിച്ചു. ഇടപാടിനെക്കുറിച്ച് സംയുക്ത പാർലമെന്ററി കമ്മിറ്റി(ജെപിസി) അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് അംഗങ്ങൾ നടുത്തളത്തിൽ ഇറങ്ങി.

ഇടപാടിനെക്കുറിച്ചുള്ള മുൻ പ്രതിരോധ മന്ത്രിയും ഗോവ മുഖ്യമന്ത്രിയുമായ മനോഹർ പരീക്കറിന്റെ ശബ്ദരേഖ കേൾപ്പിക്കാൻ കോൺഗ്രസ് അവശ്യപ്പെട്ടെങ്കിലും സ്പീക്കർ അനുവദിച്ചില്ല. ഇതിനെത്തുടർന്നു പ്രതിപക്ഷ അംഗങ്ങൾ സഭയിൽ പേപ്പർ വിമാനങ്ങൾ പറത്തിയത് അസാധാരണ കാഴ്ചയായി. അനിൽ അംബാനിയുടെ പേര് പരാമർശിക്കുന്നത് സ്പീക്കർ വിലക്കിയതിനെ തുടർന്നു വ്യവസായി ‘എഎ’ എന്നാണ് രാഹുൽ ഗാന്ധി അദ്ദേഹത്തെ വിശേഷിപ്പിച്ചത്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LATEST NEWS
SHOW MORE
FROM ONMANORAMA