കേരള സര്‍ക്കാര്‍ പട്ടാപ്പകല്‍ ഹിന്ദുക്കളെ മാനഭംഗപ്പെടുത്തിയപോലെ: ബിജെപി മന്ത്രി

Anant-Kumar-Hegde
SHARE

ന്യൂഡൽഹി∙ ശബരിമല യുവതീപ്രവേശം സാധ്യമായതിനു പിന്നാലെ വിഷയത്തിൽ രൂക്ഷഭാഷയില്‍ പ്രതികരിച്ചു കേന്ദ്രമന്ത്രി അനന്ത് കുമാർ ഹെഗ്ഡെ. കേരള സർക്കാർ ശബരിമല വിഷയം കൈകാര്യം ചെയ്തതു ഹിന്ദുക്കളെ പകൽ വെളിച്ചത്തിൽ മാനഭംഗപ്പെടുത്തിയതുപോലെയാണെന്നു മന്ത്രി പറഞ്ഞു. രണ്ട് യുവതികൾ ശബരിമലയിൽ പ്രവേശിച്ചതിനെ തുടർന്നു സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ അക്രമങ്ങൾ തുടരുന്നതിനിടെയാണു മന്ത്രിയുടെ പ്രതികരണം.

മുഖ്യമന്ത്രി പിണറായി വിജയൻ, ഇടതുപക്ഷം എന്നിവരുടെ നിലപാടുകൾ കാരണം കേരളമാകെ ഇപ്പോൾ ആശയക്കുഴപ്പത്തിലായിരിക്കുന്നു. സുപ്രീംകോടതി വിഷയത്തില്‍ നിലപാട് അറിയിച്ചിട്ടുണ്ട്. അത് അംഗീകരിക്കുന്നു. പക്ഷേ ക്രമസമാധാനം സംസ്ഥാനത്തിന്റെ ചുമതലയാണ്. അതുകൊണ്ടു ജനങ്ങളുടെ വിശ്വാസത്തെ ബാധിക്കാത്ത രീതിയില്‍ നയതന്ത്രപരമായി വിഷയം കൈകാര്യം ചെയ്യണമായിരുന്നു– അദ്ദേഹം പറഞ്ഞു.

കേരള സർക്കാര്‍ സമ്പൂർണ പരാജയമാണ്. ഹിന്ദു ജനങ്ങളെ പകൽവെളിച്ചത്തിൽ മാനഭംഗപ്പെടുത്തുകയാണ് ഇതെന്നും അനന്ത് കുമാർ ഹെഗ്ഡെ തുറന്നടിച്ചു. ശബരിമല വിഷയത്തിൽ ഇതാദ്യമായാണ് ഒരു കേന്ദ്രമന്ത്രി ഇത്ര രൂക്ഷമായ ഭാഷയിൽ സംസ്ഥാന സർക്കാരിനെതിരെ പ്രതികരിക്കുന്നത്. നേരത്തേ കര്‍ണാടകയിൽ മന്ത്രിക്കെതിരെ പ്രതിഷേധിച്ച ദലിത് പ്രക്ഷോഭകരെ റോഡിൽ കുരയ്ക്കുന്ന പട്ടികളെന്നാണു ഹെഗ്ഡെ വിശേഷിപ്പിച്ചത്.

കേന്ദ്രത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ വിമർശനം ഉന്നയിച്ച പ്രതിപക്ഷത്തെ കാക്ക, കുറുക്കൻ എന്നൊക്കെയും മന്ത്രി വിളിച്ചിരുന്നു. മന്ത്രിയുടെ ഭാഷ നിയന്ത്രിക്കണമെന്ന് ബിജെപി സഖ്യകക്ഷിയായ ജെഡിയു തന്നെ ആവശ്യപ്പെട്ടിരുന്നു. ഭരണഘടനയിലെ മതേതരം എന്ന വാക്ക് നീക്കുമെന്ന് 2017ൽ പറഞ്ഞു വൻവിവാദമുണ്ടാക്കിയതും അനന്ത് കുമാര്‍ ഹെഗ്ഡെ ആയിരുന്നു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LATEST NEWS
SHOW MORE
FROM ONMANORAMA