വിപണിയിൽ ഇടിവ് പ്രവണത തുടരുന്നു; രൂപയ്ക്കും മൂല്യത്തകർച്ച

sensex-down
SHARE

കൊച്ചി∙ ഇന്ത്യൻ ഓഹരി വിപണികളിൽ നെഗറ്റീവ് പ്രവണതയാണ് പ്രകടമാകുന്നത്. ഏഷ്യൻ വിപണികളിലെല്ലാം ഇടിവ് വ്യക്തമാണ്. ഇന്നലെ 10792.50ൽ ക്ലോസ് ചെയ്ത നിഫ്റ്റി ഇന്നു രാവിലെ 10796.80നാണ് ഓപ്പൺ ചെയ്തത്. തുടർന്ന് 10736.95 വരെ ഇടിവ് രേഖപ്പെടുത്തി.

ഇന്നലെ കാര്യമായ ഇടിവിവോടെ 35891.52ൽ ക്ലോസ് ചെയ്ത സെൻസെക്സാകട്ടെ 35934.50നാണ് ഇന്നു ഓപ്പൺ ചെയ്തത്. തുടർന്ന് ഒരുവേള 35750.51 വരെയും ഇടിവ് പ്രകടമാണ്. നിഫ്റ്റിക്ക് ഇന്ന് താഴേയ്ക്ക് 10760ലും തുടർന്ന് 10730ലും സപ്പോർട് ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി ചോയ്സ് ബ്രോക്കിങ് വൈസ് പ്രസിഡന്റ് ബിനു ജോസഫ് വിലയിരുത്തുന്നു. 

യുഎസ് ഫോൺ നിർമാതാക്കളായ ആപ്പിൾ അവരുടെ പ്രതീക്ഷിക്കുന്ന വിൽപനയുടെ അളവ് കുറച്ചതായി റിപ്പോർട്ടുണ്ട്. ചൈനയിൽ വിൽപന കുറവായിരിക്കുമെന്നാണ് കമ്പനി വെളിപ്പെടുത്തിയിരിക്കുന്നത്.

ആഗോള സാമ്പത്തിക മാന്ദ്യം ഉണ്ട് എന്നുള്ള ആശങ്കയാണ് എല്ലാ വിപണികളിലും പ്രകടമാകുന്നത്. അതോടൊപ്പം കഴിഞ്ഞ 12 ദിവസങ്ങളായി ഫണ്ട് ലഭിക്കാത്തതിനാൽ യുഎസിൽ ചില പ്രധാന വകുപ്പുകൾ അടച്ചിട്ടിരിക്കുകയാണ്. ഇന്ന് ചേരുന്ന യുഎസ് കോൺഗ്രസിൽ ഇതു സംബന്ധിച്ച ചർച്ചകളുണ്ടാകും. 

മെക്സിക്കൻ അതിർത്തിയിൽ മതിൽ നിർമാണത്തിന് ഫണ്ട് ലഭിക്കുന്നതു വരെ പ്രസിഡന്റ് വിട്ടുവീഴ്ചയ്ക്ക് തയാറാകുമെന്ന് പ്രതീക്ഷിക്കുന്നില്ല. അതുകൊണ്ടു തന്നെ യുഎസിൽ ഷട്ട് ഡൗൺ തുടർന്നേക്കുമെന്നു തന്നെയാണ് വിലയിരുത്തുന്നത്. ഇതിന്റെ  പ്രതിഫലനവും ഏഷ്യൻ വിപണികളിൽ ദൃശ്യമാണ്. 

ഇന്ന് ഇന്ത്യൻ വിപണികളിലെ സെക്ടറുകളിൽ സമ്മിശ്ര പ്രതികരണമാണ് പ്രകടമാകുന്നത്. എഫ്എംസിജി, ഐടി ഓഹരികളിൽ നേരിയ മുന്നേറ്റമുണ്ട്. മെറ്റൽ ഓഹരികളിൽ ഇടിവ് പ്രവണതയാണുള്ളത്. പിഎസ്‍യു ബാങ്കുകളിൽ പ്രത്യേകിച്ച് വിജയാ ബാങ്ക്, ദേനാ ബാങ്ക് തുടങ്ങിയ കമ്പനികളിൽ വിൽപന സമ്മർദമാണുള്ളത്.

ഷെയർ സ്വാപ് റേഷ്വോ ഈ ബാങ്കുകൾക്ക് അനുകൂലമല്ല എന്നാണ് വിലയിരുത്തൽ. ഓയിൽ കമ്പനികൾക്കും ഇന്ന് ഇടിവ് പ്രവണതയാണുള്ളത്. രാജ്യാന്തര വിപണിയിൽ ക്രൂഡ് ഓയിലിനും ഇന്ന് വിലയിടിവാണ് പ്രകടമാകുന്നത്. ഡോളറിനെതിരെ ഇന്ത്യൻ രൂപയ്ക്ക് ഇന്ന് കാര്യമായ മൂല്യത്തകർച്ചയുണ്ടായിട്ടുണ്ട്. 0.33ശതമാനം ഇടിവിൽ 70.40നാണ് വ്യാപാരം പുരോഗമിക്കുന്നത്. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LATEST NEWS
SHOW MORE
FROM ONMANORAMA