സര്‍വതും കടലെടുത്തിട്ടും, ആലപ്പാടിന്റെ കണ്ണീരു വീണിട്ടും റിപ്പോര്‍ട്ട് നടപ്പാക്കാതെ സര്‍ക്കാര്‍

alappad-mineral-sand2
SHARE

തിരുവനന്തപുരം ∙ കോരിയെടുത്ത മണല്‍ കയ്യില്‍നിന്നു ചോരുന്നതുപോലെ ജീവിതത്തെക്കുറിച്ചുള്ള പ്രതീക്ഷകളും ഇല്ലാതാവുകയാണ് ആലപ്പാടുകാർക്ക്. പൊതുമേഖലാ സ്ഥാപനങ്ങളായ ഇന്ത്യന്‍ റെയര്‍ എര്‍ത്‌സ് ലിമിറ്റഡും (ഐആര്‍ഇഎല്‍) കേരള മിനറല്‍സ് ആൻഡ് മെറ്റല്‍സ് ലിമിറ്റഡും (കെഎംഎംഎല്‍) നടത്തുന്ന ഖനനമാണു കൊല്ലം കരുനാഗപ്പള്ളി താലൂക്കിലെ ആലപ്പാട് പഞ്ചായത്തിനെ ഭീതിയിലാഴ്ത്തുന്നത്. പഞ്ചായത്തിലെ 80 ചതുരശ്ര കിലോമീറ്റര്‍ പ്രദേശം ഇല്ലാതായെന്നു നാട്ടുകാര്‍ ആരോപിക്കുമ്പോള്‍, ഇതേക്കുറിച്ചു പഠിച്ച നിയമസഭാ സമിതിയുടെ റിപ്പോര്‍ട്ട് നടപ്പാക്കുന്നതില്‍ സര്‍ക്കാരിനു ഗുരുതര വീഴ്ച സംഭവിച്ചതായി കാണാം.

ഖനനം ചെയ്യുന്ന സ്ഥലങ്ങള്‍ ഖനനത്തിനുശേഷം ചുറ്റുമുള്ള പ്രദേശങ്ങളുടെ അളവില്‍ വീണ്ടെടുപ്പ് നടത്തണമെന്ന് അനുമതി ഉത്തരവില്‍ സര്‍ക്കാര്‍ പറഞ്ഞെങ്കിലും പാലിക്കപ്പെട്ടില്ല. ആലപ്പാടിന്റെ തീരത്തെ മണല്‍ക്കുന്നുകള്‍ ഖനനംമൂലം ഇല്ലാതായെന്നും ശുദ്ധജലം കിട്ടാതായെന്നും സഭാ സമിതി കണ്ടെത്തി. പ്രദേശത്തിന്റെ പുനരുദ്ധാരണത്തിനായി മാസ്റ്റര്‍പ്ലാന്‍ നടപ്പിലാക്കണമെന്ന മുല്ലക്കര രത്നാകരന്‍ അധ്യക്ഷനായ സമിതിയുടെ റിപ്പോര്‍ട്ടുകള്‍ സര്‍ക്കാര്‍ പരിഗണിച്ചില്ല.

കൊല്ലം കരുനാഗപ്പള്ളി താലൂക്കില്‍ അറബിക്കടലിനും ടി.എസ്.കനാലിനും ഇടയിലാണ് പഞ്ചായത്ത്. 2004 ഡിസംബര്‍ 26ന് നാടിനെ നടുക്കിയ സൂനാമി ദുരന്തം ഉണ്ടായപ്പോള്‍ രാക്ഷസ തിരമാലകള്‍ കേരളത്തില്‍ ഏറ്റവുമധികം നാശനഷ്ടം ഉണ്ടാക്കിയ സ്ഥലമാണ് ആലപ്പാട്. ആലപ്പാട് പഞ്ചായത്തിലെ അഴീക്കല്‍, ശ്രായിക്കാട്, തലസ്ഥാനം, പറയക്കടവ് ഭാഗങ്ങളില്‍ തിരമാലകള്‍ 131 ജീവനുകള്‍ അപഹരിച്ചു. 2011ലെ സെന്‍സസ് അനുസരിച്ച് 5,229 കുടുംബങ്ങളാണ് ആലപ്പാട് പഞ്ചായത്തിലുണ്ടായിരുന്നത്. ജനസംഖ്യ 21,655.

കടലോര പ്രദേശമായ ആലപ്പാട് പഞ്ചായത്തിലെ വെള്ളനാത്തുരുത്തിലും പന്‍മന പഞ്ചായത്തിലെ പൊന്‍മലയിലും ഇയണിവേലിക്കുളങ്ങരയിലും പൊതുമേഖലാ സ്ഥാപനങ്ങളായ ഇന്ത്യന്‍ റയര്‍ എര്‍ത്‌സ്  ലിമിറ്റഡും കേരള മിനറല്‍സ് ആൻഡ് മെറ്റല്‍സ് ലിമിറ്റഡും വര്‍ഷങ്ങളായി കരിമണല്‍ ഖനനം നടത്തുന്നുണ്ട്. 1950 ഓഗസ്റ്റ് 18നാണ് ഐആര്‍ഇഎല്‍ കേരളത്തിലെ ആദ്യ യൂണിറ്റ് എറണാകുളം ജില്ലയിലെ ആലുവയില്‍ സ്ഥാപിക്കുന്നത്. 1963ല്‍ കൊല്ലം ജില്ലയിലെ ചവറയില്‍ യൂണിറ്റ് ആരംഭിച്ചു. നീണ്ടകരയ്ക്കും കായംകുളത്തിനും ഇടയിലുള്ള 23 കിലോമീറ്റര്‍ പ്രദേശത്ത് ഇല്‍മനൈറ്റ് അടക്കമുള്ള ധാതുക്കളുടെ വന്‍ നിക്ഷേപമുണ്ട്. മണലില്‍നിന്ന് ഇവ വേര്‍തിരിച്ചു വ്യവസായ ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കാനാണു ചവറയില്‍ പ്ലാന്റ് സ്ഥാപിച്ചത്.

കേന്ദ്രസര്‍ക്കാരിന്റെ 2007 ഏപ്രില്‍ 17ലെയും സംസ്ഥാന സര്‍ക്കാരിന്റെ 2007 ജൂണ്‍ എട്ടിലെയും ഉത്തരവുകൾ അനുസരിച്ച് ആലപ്പാട്, പൊന്‍മന, അയണിവേലിക്കുളങ്ങര എന്നീ വില്ലേജുകളിലെ 160 ഹെക്ടര്‍ പ്രദേശം 20 വര്‍ഷത്തേക്ക് ഖനനം നടത്തുന്നതിന് ഐആര്‍ഇഎല്ലിന് 20 വര്‍ഷത്തേക്ക് അനുമതിയുണ്ട്. ആലപ്പാട്ടെ ഖനനത്തിനെതിരെ വര്‍ഷങ്ങളായി പ്രതിഷേധമുയര്‍ന്നിരുന്നെങ്കിലും പത്തു വര്‍ഷത്തിനുള്ളിലാണു ശക്തമായത്. ഒരു കാലത്ത് 17 കിലോമീറ്റര്‍ നീളവും ഒരു കിലോമീറ്ററിലധികം വീതിയുമുണ്ടായിരുന്നു ആലപ്പാട് പഞ്ചായത്തിന്. അനിയന്ത്രിതമായ ഖനനംമൂലം ചിലയിടങ്ങളില്‍ 100 മീറ്റര്‍ വീതിപോലും ഇല്ലാതായെന്നും 5,000 പേർ ആലപ്പാട് വിട്ടുപോയതായും പ്രദേശവാസികള്‍ ആരോപിക്കുന്നു.

ഖനനം തുടര്‍ന്നാല്‍ ആലപ്പാട് മാത്രമല്ല കരുനാഗപ്പള്ളി താലൂക്കിലെ മറ്റു പ്രദേശങ്ങളും ടി.എസ്.കനാലിന് കിഴക്കു ഭാഗത്തുള്ള ഓണാട്ടുകര ഉള്‍പ്പെടെ അപ്പര്‍ കുട്ടനാടു വരെയുള്ള പ്രദേശങ്ങളും കടലെടുക്കുമെന്നും ജനങ്ങള്‍ ആശങ്ക പ്രകടിപ്പിച്ചു. നിയമസഭയുടെ പരിസ്ഥിതി സമിതിക്ക് (2014 - 2016) ലഭിച്ച നിവേദനത്തിന്റെ അടിസ്ഥാനത്തിലാണു മുല്ലക്കര രത്നാകരന്‍ അധ്യക്ഷനായ സമിതി ആലപ്പാട്ടെ കരിമണല്‍ ഖനനത്തെക്കുറിച്ച് പഠിക്കുന്നത്. അനില്‍ അക്കര, പി.വി.അന്‍വര്‍, കെ.ബാബു, ഒ.ആര്‍.കേളു, പി.ടി.എ.റഹീം, കെ.എം.ഷാജി, കെ.വി.വിജയദാസ്, എം.വിന്‍സന്റ് എന്നിവരായിരുന്നു സമിതി അംഗങ്ങള്‍. നിവേദനത്തിന്റെ അടിസ്ഥാനത്തില്‍ 2017 ജൂലൈ 13ന് കൊല്ലം കലക്ട്രേറ്റിലും 2017 സെപ്റ്റംബര്‍ 19ന് തിരുവനന്തപുരത്തും വിവിധ വകുപ്പ് സെക്രട്ടറിമാരില്‍നിന്ന് സമിതി തെളിവെടുക്കുകയും സ്ഥലം സന്ദര്‍ശിക്കുകയും ചെയ്തു. 2018 ഫെബ്രുവരി രണ്ടിനു സമിതിയോഗം റിപ്പോര്‍ട്ട് അംഗീകരിച്ചു. 2018 ഫെബ്രുവരി ആറിനാണു റിപ്പോര്‍ട്ട് നിയമസഭയില്‍ സമര്‍പ്പിച്ചത്.  

alappad-mineral-sand5
ആലപ്പാട്

ഖനനം നടത്തുന്ന സ്ഥലം പഴയതുപോലെ പുനഃസ്ഥാപിക്കണം എന്നതടക്കമുള്ള വ്യവസ്ഥകള്‍ക്ക് വിധേയമായിട്ടാണ് സര്‍ക്കാര്‍ അനുമതി നല്‍കിയതെങ്കിലും ഇതെല്ലാം അവഗണിച്ചെന്നു നാട്ടുകാര്‍ സഭാസമിതിക്ക് നല്‍കിയ പരാതിയില്‍ ചൂണ്ടിക്കാട്ടി. അതേസമയം, മാനദണ്ഡങ്ങള്‍ പാലിച്ചു കൊണ്ടാണ് ഐആര്‍ഇഎല്‍ ഖനനം നടത്തുന്നതെന്നു നാട്ടുകാരില്‍ ഒരുവിഭാഗം സഭാസമിതിയുടെ തെളിവെടുപ്പിനിടെ അഭിപ്രായപ്പെട്ടു. കമ്പനി ഖനനത്തിനായി വാടകയ്ക്കെടുത്തിരിക്കുന്ന ഭാഗത്ത് 3 വര്‍ഷം ഖനനം നടത്തിയശേഷം ജിപിഎസ് സഹായത്തോടെ പൂര്‍വസ്ഥിതിയിലാക്കാന്‍ പോകുകയാണെന്നും പത്തു വര്‍ഷമായി ശാസ്ത്രീയമായാണ് ഖനനം നടത്തുന്നതെന്നും അവര്‍ അവകാശപ്പെട്ടു.

മണല്‍ സംസ്കരണം നടത്തിയ ശേഷമുള്ള മണ്ണ് കൊണ്ട് ഖനനം നടത്തിയ പ്രദേശങ്ങള്‍ മൂടുന്നതായും അവര്‍ സഭാസമിതിയോട് പറഞ്ഞു. ആലപ്പാട് പഞ്ചായത്തിലെ ഏകദേശം 2.5 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള കടല്‍ത്തീരത്ത് ഖനനം നടന്നുവരുന്നതായും അനുവദനീയമായ സ്ഥലത്താണ് ഖനനം നടത്തുന്നതെന്നും ഐആര്‍ഇഎല്‍ അധികൃതര്‍ പറഞ്ഞു. ചുറ്റുമുള്ള സ്ഥലങ്ങളുടെ അളവില്‍ വീണ്ടെടുപ്പ് നടത്തണമെന്ന അനുമതി ഉത്തരവില്‍ പറഞ്ഞിട്ടുണ്ടെങ്കിലും അതു പാലിക്കപ്പെട്ടില്ലെന്നു സഭാസമിതി കണ്ടെത്തി. സിആര്‍സെഡ് മേഖലയില്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പാടില്ല എന്ന കേന്ദ്ര സര്‍ക്കാരിന്റെ വ്യവസ്ഥ നിലനില്‍ക്കേ, കമ്പനി അവിടെ ഗോഡൗണ്‍ നിര്‍മിച്ചു. പ്രദേശവാസികളുടെ സമ്മതമില്ലാതെ ക്ഷേത്രവും സ്കൂളും ഖനനം നടത്തുന്ന കമ്പനി മാറ്റി സ്ഥാപിച്ചു. ഖനനംമൂലം കണ്ടല്‍ക്കാടുകളും കാറ്റാടിമരങ്ങളും നഷ്ടമായി. വട്ടക്കായലിനു സമീപം കണ്ടല്‍ക്കാടുകള്‍ വച്ചുപിടിപ്പിക്കണമെന്ന നിര്‍ദേശം നടപ്പിലായില്ല.

ഖനനം തുടങ്ങുന്നതിനു മുന്‍പ് ആലപ്പാട് പഞ്ചായത്തിലെ 21 ഓളം റീസര്‍വേ നമ്പരുകളിലുണ്ടായിരുന്ന 80 ചതുരശ്ര കിലോമീറ്റര്‍ പ്രദേശം ഇല്ലാതായെന്ന നാട്ടുകാരുടെ പരാതി ഒരുപരിധിവരെ ശരിയാണെന്നു സമിതി വിലയിരുത്തി. തീരത്തെ സംരക്ഷിച്ചിരുന്ന മണല്‍ക്കുന്നുകള്‍ ഇല്ലാതായി. ശുദ്ധജലം കിട്ടാതായി. ഖനനത്തെത്തുടര്‍ന്നുണ്ടാകുന്ന കുഴമ്പു രൂപത്തിലുള്ള മാലിന്യം മത്സ്യസമ്പത്തിനു ദോഷമായി. അനുവദിക്കപ്പെട്ട അളവിലും സ്ഥലങ്ങളിലും തന്നെയാണ് ഖനനം നടക്കുന്നത് എന്നുറപ്പാക്കാന്‍ സംവിധാനങ്ങളില്ലെന്നും സമിതി കണ്ടെത്തി.

‘സീവാഷിങിന് ഇടവേള നല്‍കണം’

ഖനനം നിരീക്ഷിക്കുന്നതിനു ഭൂജല വകുപ്പിന്റെ കീഴില്‍ ജില്ലാ കലക്ടറുടെ നേതൃത്വത്തില്‍ ഉദ്യോഗസ്ഥരും പരിസ്ഥിതി പ്രവര്‍ത്തകരും നാട്ടുകാരുമടങ്ങുന്ന സമിതി രൂപീകരിക്കണമെന്നു സഭാസമിതി ശുപാര്‍ശ ചെയ്തു. ഖനന പ്രദേശത്തെ ഭൂവിസ്തൃതി കുറയുന്നത് ഒഴിവാക്കാന്‍, കടല്‍ത്തീരത്ത് നിക്ഷേപിക്കപ്പെടുന്ന മണല്‍ കോരിയെടുക്കുന്ന സീവാഷിങിന് ആറു മാസത്തെ ഇടവേള നല്‍കണം. ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കി മാത്രമേ ഖനനം നടത്താവൂ.

ഖനനത്തിന്റെ ഫലമായി ഉണ്ടായ കുഴികള്‍ മണ്ണിട്ടു മൂടണം. കമ്പനി ഏറ്റെടുത്ത സ്ഥലത്തിന് ഉചിതമായ നഷ്ടപരിഹാരം നല്‍കണം. ലാഭത്തിന്റെ ഒരു വിഹിതം ഖനനം നടത്തുന്ന മേഖലയിലെ ജനങ്ങളുടെ ഉന്നമനത്തിനായി ചെലവഴിക്കണം. ഖനനം നടക്കുന്ന സ്ഥലത്തെ ഭൂവിസ്തൃതി നഷ്ടപ്പെടാതിരിക്കാന്‍ ശാസ്ത്രീയ പഠനം നടത്തി അടിയന്തര നടപടി സ്വീകരിക്കണം. പ്രദേശത്തിന്റെ പുനരുദ്ധാരണത്തിനായി മാസ്റ്റര്‍ പ്ലാന്‍ നടപ്പിലാക്കണമെന്നും സമിതി ശുപാര്‍ശ ചെയ്തു. 

അനന്തരഫലം: നിയമസഭാസമിതിയുടെ ഒരു ശുപാര്‍ശപോലും നടപ്പിലായില്ല.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LATEST NEWS
SHOW MORE
FROM ONMANORAMA