പി.ജെ.ജോസഫിന് എന്തു പറ്റി, ഭരണം മാറിയത് അറിഞ്ഞില്ലേ: എംഎൽഎയ്ക്കെതിരെ മുഖ്യമന്ത്രി

pinarayi-vijayan-pj-joseph
SHARE

തൊടുപുഴ ∙ മുട്ടം വിജിലൻസ് ഓഫിസ് ഉദ്ഘാടനച്ചടങ്ങിൽ പങ്കെടുക്കാതിരുന്ന പി.ജെ.ജോസഫ് എംഎൽഎയ്ക്കെതിരെ ആഞ്ഞടിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ഒന്നിലധികം മന്ത്രിമാർ പങ്കെടുക്കുന്ന ചടങ്ങുകളിൽ ഒരു മന്ത്രി ഉദ്ഘാടനം നിർവഹിക്കുന്നതും ഒരാൾ അധ്യക്ഷത വഹിക്കുന്നതും പതിവാണ്. ഇക്കാര്യം എൽഡിഎഫ് സർക്കാർ കൊണ്ടുവന്നതല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

‘പി.ജെ.ജോസഫ് ഇപ്പോൾ മന്ത്രിയല്ല. എംഎൽഎ ആണ്. കേരളത്തിൽ ഇപ്പോൾ എൽഡിഎഫ് ആണു ഭരിക്കുന്നത്. ഭരണം മാറിയത് ജോസഫ് അറിഞ്ഞില്ലേ?  എംഎൽഎയുടെ സുഹൃത്തുക്കൾ ആരെങ്കിലുമുണ്ടെങ്കിൽ അദ്ദേഹത്തോട് ഇക്കാര്യം പറയണം. ജോസഫിന് എന്തു പറ്റി? ദീർഘകാലം എംഎൽഎയും മന്ത്രിയുമായി പ്രവർത്തിച്ച ജോസഫ് ഇത്തരം കാര്യങ്ങളിൽ അജ്ഞത നടിക്കുകയാണ്. ഒന്നിലേറെ മന്ത്രിമാർ പങ്കെടുക്കുന്ന പരിപാടികളിൽ ഒരു മന്ത്രി അധ്യക്ഷനാകും. ഇതാണു പതിവ് ചട്ടം. നാടിന്റെ പുരോഗതിക്ക് ഭരണ– പ്രതിപക്ഷം ഒരുമിച്ചു നിൽക്കേണ്ട നേരത്ത് ഇത്തരം നിലപാടുകൾ ശരിയല്ല’– മുഖ്യമന്ത്രി പറഞ്ഞു.

എതിർപ്പുള്ള ആളെ ചൂണ്ടിക്കാട്ടി പിടിപ്പിക്കുന്ന നിലപാടില്ലെന്നും അഴിമതിക്കെതിരെ എന്തു നിലപാടും വിജിലൻസിന് എടുക്കാമെന്നും ആരും ചോദ്യം ചെയ്യില്ലെന്നും തൊടുപുഴയ്ക്കു സമീപം മുട്ടത്ത് വിജിലൻസ് ആൻഡ് ആന്റി കറപ്ഷൻ ബ്യൂറോ മന്ദിരത്തിന്റെ ഉദ്ഘാടനം നിർവഹിച്ച് മുഖ്യമന്ത്രി പറഞ്ഞു. തിരുവനന്തപുരം– കാസർകോട് റെയിൽപാതയ്ക്കു സമാന്തരമായി കുറഞ്ഞ വേഗത്തിൽ ട്രെയിൻ ഓടിക്കാൻ കഴിയുന്ന പുതിയ പാതയ്ക്കു തത്വത്തിൽ അംഗീകാരമായതായി തൊടുപുഴയിൽ എൽഡിഎഫ് പൊതുസമ്മേളനത്തിൽ പിണറായി അറിയിച്ചു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LATEST NEWS
SHOW MORE
FROM ONMANORAMA