സംഘത്തില്‍ 4 ഗര്‍ഭിണികളും നവജാതശിശുവും; ഇന്ധനം 10 ലക്ഷം രൂപയ്ക്ക്, താമസം ചെറായിയില്‍

munambam-human-trafikking
SHARE

കൊച്ചി∙ മുനമ്പം ഹാർബർ വഴി മത്സ്യബന്ധന ബോട്ടില്‍ ഓസ്ട്രേലിയയ്ക്കു പുറപ്പെട്ടത് 41 അംഗസംഘമെന്നു കണ്ടെത്തി. 13 കുടുംബങ്ങളിലേതായി നാലു ഗർഭിണികളും നവജാത ശിശുവും സംഘത്തിലുൾപ്പെടുന്നു. യാത്രയ്ക്കു മുൻപ് ഒരു മാസത്തേക്കുള്ള മരുന്നു ശേഖരിക്കാനും സംഘം ശ്രമിച്ചിരുന്നു. ഡൽഹി, ചെന്നൈ വഴിയെത്തിയ സംഘം ചെറായിയിലെ ലോഡ്ജിലാണ് താമസിച്ചത്. മുനമ്പത്തെ പമ്പിൽനിന്ന് 10 ലക്ഷം രൂപയ്ക്ക് 12,000 ലീറ്റർ ഇന്ധനവും സംഘം നിറച്ചു. കുടിവെള്ളം ശേഖരിക്കാൻ മുനമ്പത്തുനിന്ന് അഞ്ചു ടാങ്കറുകൾ വാങ്ങിയിരുന്നുവെന്നും കണ്ടെത്തിയിട്ടുണ്ട്.

അതേസമയം, മുനമ്പം വഴിയുള്ള മനുഷ്യക്കടത്ത് സംഘത്തിലുണ്ടായിരുന്നത് ഹിന്ദിയും തമിഴും ഇംഗ്ലീഷും സംസാരിക്കുന്നവരാണു സംഘത്തിലുണ്ടായിരുന്നതെന്നു ദൃക്സാക്ഷികൾ വ്യക്തമാക്കി. അവരുടെ പെരുമാറ്റത്തില്‍ സംശയം തോന്നിയിരുന്നില്ല. മുനമ്പത്തേക്കു പോയത് ടൂറിസ്റ്റ് ബസിലും മിനിബസിലുമായിട്ടാണെന്നും ദൃക്സാക്ഷികൾ അറിയിച്ചു.

അതേസമയം, മുനമ്പത്തെ റിസോർട്ടിൽനിന്നു കണ്ടെത്തിയ ബാഗുകളിൽ സ്വർണാഭരണങ്ങളെന്നാണു വിവരം. യാത്രക്കാര്‍ ഉപേക്ഷിച്ച ബാഗുകള്‍ തീരത്ത് കണ്ടെത്തിയതോടെയാണു മനുഷ്യക്കടത്തിനെക്കുറിച്ചു പൊലീസിനു വിവരം ലഭിച്ചത്. ശനിയാഴ്ച രാവിലെയാണ് മുനമ്പം ഹാർബറിന് സമീപം ബോട്ട് ജെട്ടിയോട് ചേർന്നുള്ള ഒഴിഞ്ഞ പറമ്പിൽ ബാഗുകൾ കൂടിക്കിടക്കുന്നതായി നാട്ടുകാരുടെ ശ്രദ്ധയിൽപെട്ടത്. പൊലീസ് സ്ഥലത്തെത്തി ബാഗുകൾ പരിശോധിച്ചപ്പോൾ ഉണക്കിയ പഴവർഗങ്ങൾ, വസ്ത്രങ്ങൾ, കുടിവെള്ളം, ഫോട്ടോകൾ, ഡൽഹിയില്‍ നിന്നു കൊച്ചിയിലേക്കുള്ള വിമാന ടിക്കറ്റുകൾ, കുട്ടികളുടെ കളിക്കോപ്പുകൾ തുടങ്ങിയവ കണ്ടെത്തി.

ബാഗുകള്‍ വിമാനത്തിൽ നിന്ന് വീണതാണെന്ന അഭ്യൂഹം പരന്നെങ്കിലും തുടർന്ന് നടത്തിയ അനേഷണത്തിലാണ് മനുഷ്യക്കടത്ത് സ്ഥിരീകരിച്ചത്. ഇവിടെ നിന്നു കടന്നവർ ശ്രീലങ്കൻ വംശജരോ, തമിഴ്‌നാട് സ്വദേശികളോ ആണെന്ന് വ്യക്തമായി. ബാഗിൽ കണ്ട രേഖകളില്‍ നിന്നു പത്ത് പേരടങ്ങുന്ന സംഘമായി സമീപപ്രദേശങ്ങളിലെ റിസോർട്ടുകളിൽ താമസിച്ചതായി പൊലീസ് കണ്ടെത്തി.

ഇവരിൽ ചിലർ ഡൽഹിയിൽ നിന്നു വിമാനമാർഗം കൊച്ചിയിലെത്തുകയായിരുന്നു. ശനിയാഴ്ച കൂടുതൽ ഇന്ധനമടിച്ച് തീരത്ത് നിന്ന് പുറപ്പെട്ട ബോട്ടിലാണ് ഇവരെ കടത്തിയതെന്നാണ് പൊലീസ് സംശയിക്കുന്നത്. തമിഴ്നാട് സ്വദേശിയുടെ ഉടമസ്ഥതയിലുള്ളതാണ് ഈ ബോട്ട്. 27 ദിവസമെടുത്താണ് ബോട്ട് ഓസ്ട്രേലിയയിലെത്തുന്നത്.

രാജ്യാന്തര ബന്ധമുള്ള മനുഷ്യക്കടത്ത് സംഘമാണ് ഇതിന് പിന്നിൽ എന്ന് പൊലീസ് പറയുന്നു. മുനമ്പത്ത് നിന്നു മത്സ്യ ബന്ധന ബോട്ടുകളിൽ പോയവർക്ക്, ഇന്ധനവും ഭക്ഷണവും ഫീഡർ ബോട്ടുകളിൽ എത്തിക്കാനുള്ള സൗകര്യവും മനുഷ്യക്കടത്തുകാർ ഏർപ്പെടുത്തും. ഇവർ പിടിച്ച മത്സ്യം ഫീഡർ ബോട്ടുകൾക്ക് കൈമാറും. ഓസ്ട്രേലിയയിൽ അനധികൃതമായി എത്തുന്നവരെ കുടിയേറ്റക്കാരായി കരുതുമെന്നതാണ് ഇവിടേക്ക് അഭയാര്‍ഥികളെ ആകര്‍ഷിക്കുന്നത്. മനുഷ്യക്കടത്ത് കണ്ടെത്തിയതിനെ തുടർന്ന് ഐബി ഉദ്യോഗസ്ഥർ സ്ഥലത്തെത്തി അന്വേഷണമാരംഭിച്ചു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LATEST NEWS
SHOW MORE
FROM ONMANORAMA