ചോറ്റാനിക്കരയിൽ പ്രസവം, ബോട്ടിന് ഒരു കോടി, 12000 ലീറ്റർ പെട്രോൾ; ദുരൂഹമായ മനുഷ്യക്കടത്ത്

boat
SHARE

കൊച്ചി ∙ ഓസ്ട്രേലിയയിലേക്കു പോകാൻ മനുഷ്യക്കടത്തു സംഘം മുനമ്പം തിരഞ്ഞെടുക്കാനൊരു കാരണമുണ്ട്; പ്രദേശത്തു വേണ്ടത്ര സുരക്ഷാക്രമീകരണങ്ങളും തീരപരിശോധനകളും കുറവാണ്. മത്സ്യബന്ധനത്തിനായി ഇവിടെ 600ൽ പരം ബോട്ടുകളാണുള്ളത്. ഇവയിൽ അധികവും മുനമ്പം തുറമുഖത്തു നിന്നാണു മത്സ്യബന്ധനത്തിനു പുറപ്പെടുന്നതെങ്കിലും കരയുടെ മറ്റു ഭാഗങ്ങളിലും അടുപ്പിക്കുന്ന ബോട്ടുകൾ നിരവധി. ഇത്തരത്തിൽ മറ്റു പ്രദേശങ്ങളിൽ അടുപ്പിച്ച ബോട്ടുകളായിരിക്കണം സംഘം ഉപയോഗിച്ചത്.

∙ 13 കുടുംബങ്ങൾ; 41 പേർ, അവരിൽ നാല് ഗർഭിണികൾ, ഒരു കൈക്കുഞ്ഞും – ഇതാണ് സംഘം. 

∙ ഡൽഹി, ചെന്നൈ വഴി ഇക്കഴിഞ്ഞ 5ന് വിമാനമാർഗം കൊച്ചിയിൽ എത്തി

∙ സാധാരണ വിനോദ സഞ്ചാരികളെ പോലെ ചേറായിയിലെ റിസോർട്ടുകളിൽ മുറിയെടുത്ത് തങ്ങി 

∙ സംഘത്തിൽ ഉൾപ്പെട്ടതെന്ന് സംശയിക്കുന്ന പൂജ എന്ന യുവതി ചോറ്റാനിക്കരയിലെ സ്വകാര്യ ആശൂപത്രിയിൽ പ്രസവിച്ചു

∙ ഡൽഹിയിൽ നിന്നെത്തിയെന്ന് ആശുപത്രിയിൽ അറിയിച്ച ഇവർ ഇക്കഴിഞ്ഞ ഒന്നാം തീയതിയാണു പ്രസവിച്ചത്

∙ ചെറായിയിലെ വിവിധ വ്യാപാര സ്ഥാപനങ്ങളിൽ നിന്ന് ഒരു മാസത്തേക്കുള്ള മരുന്നുകളും ഉണക്കിയ പഴങ്ങൾ ഉൾപ്പെടെയുള്ള ഭക്ഷ്യവസ്തുക്കളും  വാങ്ങി

∙ നാട്ടുകാർക്ക് നേരിയ സംശയത്തിനു പോലും ഇട നൽകാതെ ചെറായിയിലെ താമസം

bags-munambam
മുനമ്പത്തുനിന്നു ലഭിച്ച ബാഗുകൾ.

∙ കോവളം സ്വദേശിയിൽനിന്ന് വാങ്ങിയ ദേവമാത എന്ന ബോട്ടിൽ നാടു കടന്നു എന്ന് സംശയിക്കുന്നു 

∙ ഭക്ഷണ പദാർഥങ്ങൾ മുതൽ രണ്ടു സ്വർണവളകൾ വരെ അടങ്ങിയ ബാഗുകൾ സംഘം ഉപേക്ഷിച്ചു

∙ കൊടുങ്ങല്ലൂർ ക്ഷേത്ര നടയിൽ നിന്ന് കണ്ടെത്തിയ ബാഗുകളും ഈ സംഘത്തിന്റേതാണെന്ന് സംശയം

അന്വേഷണം കോസ്റ്റ് ഗാർഡിന്

പ്രാദേശിക തലത്തിൽ പൊലീസ് അന്വേഷണം ശക്തമാക്കി. ഇതിനിടെ കൂടുതൽ ബാഗുകൾ കണ്ടെടുത്തു. സംഘം സഞ്ചരിച്ചതെന്നു കരുതുന്ന വാഹനങ്ങൾ കണ്ടെത്തി. പലരിൽനിന്നു മൊഴി ശേഖരിച്ചു. ഇവർ താമസിച്ച ലോഡ്ജുകളിലും പരിശോധന നടത്തി വിവരങ്ങളെടുത്തു. കടലിൽ ഇവർ സഞ്ചരിക്കുന്ന ബോട്ടുകൾ കണ്ടെത്താനുള്ള അന്വേഷണം ശക്തമാക്കി.

കോസ്റ്റ് ഗാർഡിനാണ് അന്വേഷണ ചുമതല. എന്നാൽ അവരുടെ നിർദേശാനുസരണം പിന്തുണ കൊടുക്കുന്നുണ്ടെന്നും അന്വേഷണത്തിൽ പങ്കാളികളാകുന്നുണ്ടെന്നും നാവികസേനാ വൃത്തങ്ങൾ വ്യക്തമാക്കി. എവിടെയെങ്കിലും സംശയാസ്പദമായി എന്തെങ്കിലും കണ്ടെത്താനായാൽ കൂടുതൽ സംവിധാനങ്ങൾ വിട്ടുനൽകുമെന്നും നാവികസേനാ വൃത്തങ്ങൾ പറഞ്ഞു.

കടൽ വഴി മുൻപും മനുഷ്യക്കടത്ത്

കൊച്ചി തീരത്തുനിന്ന് ബോട്ടുകളിലൂടെ വിദേശത്തേയ്ക്കുള്ള മനുഷ്യക്കടത്തിന്റെ വാർത്തകൾ നേരത്തേയും വന്നിട്ടുണ്ട്. ഇതു സംബന്ധിച്ച അന്വേഷണങ്ങൾ എങ്ങുമെത്തിയിട്ടുമില്ല. ഇത്തരത്തിൽ മനുഷ്യക്കടത്ത് നടത്തിയ സംഘത്തിന്റെയോ പിടിയിലായവരുടെയോ തെളിവുകൾ ലഭ്യമല്ലെന്ന് ഔദ്യോഗിക വൃത്തങ്ങൾ വ്യക്തമാക്കുന്നു. കൊച്ചി മനുഷ്യക്കടത്തുകാരുടെ താവളമാകുന്നു എന്നു പറയുന്നതിലും കഥയില്ലെന്നാണ് നാവികസേനാ വൃത്തങ്ങൾ വ്യക്തമാക്കുന്നത്.

മനുഷ്യക്കടത്ത് ലക്ഷ്യമിട്ട് മുനമ്പത്ത് തമ്പടിച്ചിരുന്നവരെ പൊലീസ് പിടികൂടിയിരുന്നു. ഈ സംഘത്തിൽ ബംഗ്ലദേശിൽ നിന്നുള്ളവരായിരുന്നു. ഈ അന്വേഷണം പ്രാദേശിക തലത്തിൽ പൊലീസ് നടത്തിയെങ്കിലും ഇന്റലിജൻസ് ബ്യൂറോ ഏറ്റെടുത്തതോടെ ഫയലുകൾ ക്ലോസ് ചെയ്തു. പിന്നെ കേസിന് എന്ത് സംഭവിച്ചു എന്നതിനെക്കുറിച്ച് പൊലീസിന് ധാരണയില്ല.

സ്ഥിരീകരിക്കപ്പെടാത്ത തെളിവുകൾ

മനുഷ്യക്കടത്ത് വാർത്തകൾ കൂടുതൽ തലങ്ങളിലേയ്ക്ക് എത്തുമ്പോഴും സൂചനകൾ ഉപയോഗിച്ചുള്ള വിലയിരുത്തലുകളും നിഗമനങ്ങളുമാണുള്ളതെന്നു പൊലീസ് പറയുന്നു. ബാഗുകളും സാധനങ്ങളും പല സ്ഥലങ്ങളിൽ എന്തിന് ഉപേക്ഷിച്ചു എന്ന ചോദ്യത്തിന് ഉത്തരം തേടേണ്ടതുണ്ട്. രണ്ടുവർഷം മുൻപ് മനുഷ്യക്കടത്തിനു ശ്രമിച്ച സംഘം പിടിയിലായതുമായി ബന്ധപ്പെടുത്തിയാണ് ഓസ്ട്രേലിയയിലേയ്ക്കായിരിക്കാം സംഘം പുറപ്പെട്ടിട്ടുണ്ടാകുകയെന്നു കണക്കാക്കുന്നത്. ശ്രീലങ്കയിൽനിന്ന് ഇത്തരത്തിൽ മനുഷ്യക്കടത്ത് ഇടയ്ക്കിടെ വാർത്തയാകാറുണ്ട്. കുറച്ചെങ്കിലും സുരക്ഷിതമായി കുടിയേറാവുന്ന ഏറ്റവും അടുത്തുള്ള രാജ്യം ഓസ്ട്രേലിയ ആണ്.

ഒരു കോടിയുടെ ബോട്ട്, എട്ടര ലക്ഷത്തിന് പെട്രോൾ

ഏകദേശം 12000 ലീറ്റർ പെട്രോൾ മനുഷ്യക്കടത്തു സംഘം മുനമ്പത്തുനിന്നു വാങ്ങിയതായി കണ്ടെത്തിയിരുന്നു. ഇത്രയധികം പെട്രോൾ വാങ്ങിയപ്പോൾ എന്തുകൊണ്ട് സംശയം ഉണ്ടായില്ലെന്ന ചോദ്യമാണു നാട്ടുകാരുടേത്. 100 അടിയുടെ ബോട്ടിന് 6000 ലീറ്റർ പെട്രോൾ ടാങ്കാണ് ഉള്ളത്. ഒപ്പം അധികമായി ശേഖരിക്കുന്നതിനുള്ള സംവിധാനവും ഒരുക്കിയിട്ടുണ്ടാകും. സാധാരണ ഒരു ബോട്ടിൽ അടിക്കുന്ന പെട്രോളിന്റെ കണക്കാണ് ഇതെന്നതിനാൽ പമ്പ് ഉടമകൾക്കും സംശയമുണ്ടായിട്ടില്ല എന്നാണ് മനസിലാകുന്നത്. വലിയ ബോട്ടുകളിൽ ഭക്ഷണവും കുടിവെള്ളവുമെല്ലാം ശേഖരിക്കാൻ ഇത്തരത്തിൽ സംവിധാനങ്ങൾ ഒരുക്കാറുണ്ട്. 

100, 110 അടി വലുപ്പമുള്ള പുതിയൊരു ബോട്ട് നീറ്റിലിറക്കാൻ 1–1.10 കോടി വരെ ചെലവ് വരുമെന്നാണു കണക്ക്. എന്നാൽ 25–50 ലക്ഷം വിലവരുന്ന ബോട്ടു വാങ്ങിയാകണം സംഘം യാത്രയ്ക്ക് ഒരുങ്ങിയതെന്നാണു കരുതുന്നത്. ഇതിനിടെ തമിഴ്നാട്ടിലെ തിരുവള്ളൂർ സ്വദേശിയിൽ നിന്നാണ് ബോട്ട് വാങ്ങിയതെന്നും പ്രചരിക്കുന്നുണ്ട്. മനുഷ്യക്കടത്തു സംഘം താമസിച്ചിരുന്ന പ്രദേശത്തെ ടവറുകളിൽ പൊലീസ് പരതുന്നതു തുടരുകയാണ്. സംശയകരമായ കോളുകൾ കണ്ടെത്താൻ ഇതുവരെ സാധിച്ചിട്ടില്ല. സംഘം മൊബൈൽ ഫോൺ ഉപയോഗിച്ചിരുന്നില്ല എന്നാണു നിഗമനം. അങ്ങനെയാണെങ്കിൽ സംഘം കൃത്യമായ പദ്ധതിയുമായാണു മുനമ്പത്ത് എത്തിയതെന്ന് അനുമാനിക്കാം.

തങ്ങിയതിന് കൂടുതൽ തെളിവുകൾ

മനുഷ്യക്കടത്ത് സംഘം കേരളത്തിൽ തങ്ങിയതിന്റെ കൂടുതൽ വിവരങ്ങൾ പുറത്തു വരുന്നുണ്ട്. കൊടുങ്ങല്ലൂർ തെക്കേ നടയിൽ ഇവർ  ഉപേക്ഷിച്ചതെന്നു കരുതുന്ന ബാഗുകൾ കണ്ടെത്തി. നേരത്തേ കണ്ടെത്തിയ ബാഗുകൾ മുനമ്പം സ്റ്റേഷനിൽ പൊലീസ് പരിശോധിച്ചിരുന്നു. എറണാകുളം ചോറ്റാനിക്കരയിൽ ഒരു ആശുപത്രിയിൽ സംഘത്തിലെ യുവതി പ്രസവിച്ചതായും മറ്റുമുള്ള വിവരങ്ങൾ പുറത്തുവരുന്നുണ്ട്. സംഘം പുറപ്പെട്ടിട്ട് രണ്ടു ദിവസം മാത്രമേ പിന്നിട്ടിട്ടുള്ളൂ എന്നതിനാൽ പുറംകടലിൽ കണ്ടെത്താനാകുമെന്ന പ്രതീക്ഷയുണ്ട്.

സുരക്ഷിതമായ ബോട്ട്, ആവശ്യത്തിന് ഇന്ധനം, ഭക്ഷണം, പരിചിതരായ നാവികർ ഇവയുണ്ടെങ്കിൽ ബോട്ടു വഴി ഓസ്ട്രേലിയയിലെത്താം എന്നു നാവികരംഗത്തുള്ളവർ പറയുന്നു. യാത്ര വളരെ അപകട സാധ്യതകൾ നിറഞ്ഞതാണ്. കടൽ മാർഗം യാത്ര ചെയ്ത് പരിചയമില്ലാത്തവരാണെങ്കിൽ അപകടം കൂടും. ബോട്ട് തകരാർ, പ്രക്ഷുബ്ധമായ കടൽ, കൊള്ളക്കാർ തുടങ്ങിയ വലിയ ഭീഷണികളാണു കാത്തിരിക്കുന്നത്.

കൃത്യസമയത്തു ലക്ഷ്യത്തിൽ എത്താനായില്ലെങ്കിൽ ഇന്ധനവും ഭക്ഷണവും തീർന്നുപോകാം. യാത്രയ്ക്കിടെയുണ്ടാകുന്ന രോഗങ്ങളും പകർച്ചവ്യാധികളും മരുന്നുകൾ ലഭ്യമല്ലാത്തതും കൂട്ടമരണത്തിനു വരെ ഇടയാക്കിയേക്കാം. രാജ്യാന്തര കപ്പൽ നിയമങ്ങളുടെ കാർക്കശ്യം നിമിത്തം എത്തപ്പെടുന്ന രാജ്യങ്ങളിൽ സ്വീകരിക്കാത്ത സാഹചര്യവുമുണ്ടാകാം.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LATEST NEWS
SHOW MORE
FROM ONMANORAMA