ഇങ്ങോട്ട് ആക്രമിച്ചാൽ കണക്കുതീർത്ത് കൊടുക്കണം: കോടിയേരി ബാലകൃഷ്ണൻ

SHARE

മലപ്പുറം ∙ വാളെടുത്തവരെല്ലാം കോമരമാകുന്ന രീതി സിപിഎമ്മിനു ചേർന്നതെല്ലെന്നും എന്നാൽ ഇങ്ങോട്ട് ആക്രമിക്കാൻ വന്നാൽ കണക്കുതീർത്ത് കൊടുക്കണമെന്നും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. ജനങ്ങളിൽനിന്ന് ഒറ്റപ്പെടുന്ന രീതികൾ മാറ്റി, സമരങ്ങൾ കാലോചിതമായി പരിഷ്കരിക്കണമെന്നും അദ്ദേഹം പറഞ്ഞു. ചങ്ങരംകുളത്ത് സിപിഎം പൊതുയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു കോടിയേരി.

ആർഎസ്എസുകാർ വ്യാപകമായി സിപിഎമ്മിന്റെ പല ഓഫിസുകളും തകർത്തു. പുതിയ നിയമം അനുസരിച്ച് ഓഫിസുകൾ ആക്രമിച്ചാൽ അങ്ങോട്ടു പണം കെട്ടിവയ്ക്കേണ്ടി വരും. ബിജെപിയുടെയും ലീഗിന്റെയും കോൺഗ്രസിന്റെയുമൊന്നും ഓഫിസ് ആക്രമിക്കാൻ ആരും പോകരുത്. കയ്യിൽ പണമുണ്ടെങ്കിൽ മാത്രം ഓഫിസ് ആക്രമിക്കാൻ പോയാൽ മതി. എന്നുവച്ച് ഇങ്ങോട്ട് ആക്രമിക്കാൻ വന്നാൽ കണക്കുതീർത്തു കൊടുത്തേക്കണം.

ചിലയിടങ്ങളിൽ സിപിഎം പ്രവർത്തകർ വാളെടുത്തവരെല്ലാം കോമരം എന്ന അവസ്ഥയുണ്ട്. അത് പാർട്ടിയെ ജനങ്ങളിൽനിന്ന് ഒറ്റപ്പെടുത്തും. സമരരീതി കാലോചിതമായി പരിഷ്കരിക്കണം. ജനങ്ങളെ പാർട്ടിയിലേക്ക് ആകർഷിക്കുന്ന രീതികൾ സ്വീകരിക്കണമെന്നും കോടിയേരി പറഞ്ഞു. ശബരിമല യുവതീപ്രവേശത്തിൽ പ്രതിഷേധിച്ച് ശബരിമല കർമസമിതി നടത്തിയ ഹർത്താലിൽ ചങ്ങരംകുളത്തെ സിപിഎം ഓഫിസ് തകർത്തിരുന്നു. സമീപത്തെ എടപ്പാൾ ജംക്‌ഷനിൽ സിപിഎം– സംഘപരിവാർ പ്രവർത്തകർ ഏറ്റുമുട്ടുകയും ചെയ്തു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LATEST NEWS
SHOW MORE
FROM ONMANORAMA