കേരളത്തിൽ ത്രിപുര ആവർത്തിക്കും; പൂജ്യത്തിൽനിന്ന് സർക്കാരുണ്ടാക്കും: പ്രധാനമന്ത്രി

pm-narendra-modi-kollam
SHARE

കൊല്ലം∙ ത്രിപുരയിൽ ഇടതുഭരണത്തിനു വിരാമമിട്ട് അധികാരം പിടിച്ചതുപോലെ കേരളത്തിലും ബിജെപി സർക്കാർ രൂപീകരിക്കുമെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി. ത്രിപുരയിൽ പൂജ്യം എന്ന നിലയിൽനിന്നാണ് ബിജെപി സർക്കാർ രൂപീകരിച്ചത്. അതുതന്നെ കേരളത്തിലും സംഭവിക്കും. കേരളത്തിലെ ജനത ഉണർന്നിരിക്കുന്നു. അവർ‌ ബിജെപിയെ പ്രതീക്ഷയോടെയാണു കാണുന്നത്. ഇടതുപക്ഷത്തിന്റേയും കോൺഗ്രസിന്റേയും പരിഹാസങ്ങള്‍ ബിജെപി പ്രവർത്തകരെ ബാധിക്കില്ലെന്നും കൊല്ലം കന്റോൺമെന്റ് മൈതാനത്തു നടന്ന എൻഡിഎ മഹാസംഗമത്തിൽ പ്രധാനമന്ത്രി പറഞ്ഞു.

ശബരിമല വിഷയത്തിൽ എൽഡിഎഫിനെയും യുഡിഎഫിനെയും അദ്ദേഹം രൂക്ഷമായി വിമർശിച്ചു. ശബരിമലയിൽ കേരള സർക്കാർ കൈക്കൊണ്ട നിലപാട് ഏറ്റവും വലിയ പാപമായി ചരിത്രം രേഖപ്പെടുത്തുമെന്നും മോദി മുന്നറിയിപ്പു നൽകി. കമ്യൂണിസ്റ്റുകൾ വിശ്വാസങ്ങളെയും ഭാരതീയ സംസ്കാരത്തെയും ആധ്യാത്മികതയെയും അംഗീകരിക്കുന്നവരല്ല. പക്ഷേ, ഇത്രയേറെ വെറുപ്പോടെ ഇക്കാര്യത്തിൽ അവർ തീരുമാനം എടുക്കുമെന്നു കരുതിയില്ലെന്നും മോദി പറഞ്ഞു.

ശബരിമല വിഷയത്തിൽ യുഎഡിഎഫിനു വ്യക്തമായൊരു നിലപാടില്ലെന്നും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. ഈ വിഷയത്തിൽ അവർ പാർലമെന്റിൽ ഒന്നു പറയും. പത്തനംതിട്ടയിൽ മാറ്റിപ്പറയും. കൃത്യമായ നിലപാടു വ്യക്തമാക്കാൻ അവരെ വെല്ലുവിളിക്കുകയാണ്. വർഗീയത, അഴിമതി തുടങ്ങിയ വിഷയങ്ങളിൽ യുഡിഎഫും എൽഡിഎഫും ഒരു നാണയത്തിന്റെ രണ്ടു വശങ്ങളാണ്. രാഷ്ട്രീയ കലാപങ്ങളുണ്ടാക്കുന്നതിലും അങ്ങനെത്തന്നെ. ബിജെപിയുടെ നിലപാട് എപ്പോഴും സുവ്യക്തമാണ്. കേരളീയ സംസ്കാരത്തോടൊപ്പം നിന്ന ഒരു പാർട്ടിയുണ്ടെങ്കിൽ അത് ബിജെപി മാത്രമാണെന്നും മോദി പറഞ്ഞു.

രാജ്യം ദ്രുതഗതിയിൽ പുരോഗതിയിലേക്കു നീങ്ങിക്കൊണ്ടിരിക്കുകയാണ്. ജനങ്ങളുടെ അധ്വാനം, കഴിവ് എന്നിവകൊണ്ടു മാത്രമല്ല ഇത്. നാലു വർഷം മുൻപ് ഇന്ത്യ അതിവേഗം വളരുന്ന രാജ്യമാകുമെന്ന് ആരെങ്കിലും പ്രതീക്ഷിച്ചിരുന്നോ?. നാലു വർഷം മുൻപ് ദുർബലമായ സമ്പദ്ഘടന എന്ന നിലയിൽ നിന്ന് ഇത്രയും വളര്‍ച്ചയുണ്ടാകുമെന്ന് കരുതിയിരുന്നോ? കഴിഞ്ഞ നാലു വർഷത്തിനിടെ പുതിയ സംരംഭങ്ങൾ തുടങ്ങുന്നതിന് അനുകൂല സാഹചര്യമുള്ള കേന്ദ്രമായി ഇന്ത്യ മാറി.

ലോകത്തെ ഏറ്റവും വലിയ ആരോഗ്യ സുരക്ഷാ പദ്ധതി ഇന്ത്യയിൽ നടപ്പാക്കും എന്ന് നാലു വർഷം മുൻപ് ആരെങ്കിലും കരുതിയോ? 50 കോടി ജനങ്ങളെ ഉൾക്കൊള്ളുന്ന ആയുഷ്മാൻ ഭാരത് പദ്ധതി നടപ്പാക്കി. കേന്ദ്രസർക്കാർ അധികാരത്തിൽ വന്നശേഷം ഉണ്ടായ ഈ മാറ്റം അദ്ഭുതാവഹമാണ്. കേരളത്തിലെ ജനങ്ങൾക്കു വേണ്ടിയാണു കേന്ദ്രസർക്കാർ പകലും രാത്രിയും പ്രവർത്തിക്കുന്നത്. എന്നാൽ, കേരളത്തിലെ സമാധാനാന്തരീക്ഷത്തിനു വിഘാതം സൃഷ്ടിച്ച് എൽഡിഎഫും യുഡിഎഫും ഈ നാടിനെ വർഗീയതയുടെയും അഴിമതിയുടെയും തടവിലാക്കി. അധികാരക്കൊതി മൂത്തതോടെ ജനങ്ങളുടെ ശബ്ദം കേൾക്കാൻപോലും അവർ മറന്നു.

യുഡിഎഫും ഇടതുപക്ഷവും ലിംഗനീതിയുടെ കാര്യത്തിൽ വലിയ വീരവാദം മുഴക്കിയിരുന്നു. എന്നാൽ മുത്തലാഖ് നിരോധനത്തെ ഇവർ എതിർക്കുകയാണ്. ഇസ്‍ലാമിക രാഷ്ട്രങ്ങളിൽ ഇതു നിരോധിച്ചിട്ടുണ്ട്. പക്ഷേ വോട്ട് ബാങ്ക് നോക്കി എൽഡിഎഫും യുഡിഎഫും ഇത് അംഗീകരിക്കാൻ തയാറാകുന്നില്ല. അഴിമതി, ജാതീയത എന്നീ കാര്യങ്ങളിൽ‌ ഇവർക്ക് ഒരേ നിലപാടാണ്. കേരളത്തിന്റെ സംസ്കാരിക അടിത്തറ നശിപ്പിക്കുന്നത് ഇരുവരുമാണ്. യുഡിഎഫിന്റെയും എൽഡിഎഫിന്റെയും പേരുകള്‍ വ്യത്യസ്തമാണ്. പക്ഷേ അവർ യുവാക്കളെ അവഗണിക്കുന്നു, ജനങ്ങളെ വഞ്ചിക്കുന്നു, ഇക്കാര്യങ്ങളിലെല്ലാം അവർ ഒന്നാണ്.

രാജ്യത്തു പരിവർത്തനം ഉണ്ടാക്കുന്നതിൽ‌ കേന്ദ്രസർക്കാർ നിർണായക പങ്ക് വഹിക്കുന്നു. കാർഷിക വിളകളുടെ താങ്ങുവിലയുടെ കാര്യത്തിൽ എല്ലാ പാർട്ടികളും സംസാരിക്കാറുണ്ട്. പക്ഷേ ഒന്നും നടന്നിട്ടില്ല. എൻഡിഎ സർക്കാരാണ് ഇക്കാര്യത്തിൽ തീരുമാനമെടുത്തത്. കര്‍ഷകരുടെ വരുമാനം 2022 ഓടെ ഇരട്ടിയാക്കാനുള്ള വലിയ പദ്ധതിക്ക് സർക്കാർ രൂപം നൽകിയിട്ടുണ്ട്. വായ്പ, ജലസേചന സൗകര്യം, സാങ്കേതിക വിദ്യ എന്നിവ കർഷകർക്ക് എളുപ്പത്തില്‍ ലഭ്യമാക്കാനുള്ള നീക്കമാണിത്. മധ്യപ്രദേശിലും രാജസ്ഥാനിലും ബിജെപി സർക്കാർ അധികാരം ഒഴിഞ്ഞതോടെ യൂറിയയ്ക്കു വേണ്ടി ക്യൂ നിൽക്കുന്ന കർഷകരുടെ വലിയ നിരയാണു കണ്ടത്. കൊല്ലത്തെ കശുവണ്ടി കർഷകർക്കു വേണ്ടി എൽഡിഎഫും യുഡിഎഫും എന്തെങ്കിലും ചെയ്തിട്ടുണ്ടോ?. കേരളത്തിൽ ബിജെപി സർക്കാർ വന്നാൽ ഇക്കാര്യമായിരിക്കും നടപ്പാക്കുക.

എല്ലാവരോടുമൊപ്പം, എല്ലാവർക്കും വികസനം എന്നതാണു ഞങ്ങളുടെ നയം. ഗൾഫ് നാടുകളിലുൾപ്പെടെയുള്ള കേരളത്തിലെ ജനങ്ങൾക്കു വേണ്ടി എൻഡിഎ സർക്കാർ പ്രവർത്തിക്കുന്നു. കേരളത്തിലുള്ളവർ മറ്റു രാജ്യങ്ങളിൽ കുടുങ്ങിയപ്പോൾ തിരികെയെത്തിക്കാൻ സർ‌ക്കാർ എന്ന രീതിയിൽ എല്ലാം ചെയ്തു. നഴ്സുമാർ ഐഎസ് പിടിയിലായപ്പോഴും ഫാദർ ടോം ഉഴുന്നാലിൽ ഭീകരരുടെ പിടിയിലായപ്പോഴും മോചനത്തിനു മുൻകയ്യെടുത്തതു കേന്ദ്രസർക്കാരാണെന്നും പ്രധാനമന്ത്രി പറഞ്ഞു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LATEST NEWS
SHOW MORE
FROM ONMANORAMA