‘ദി ആക്സിഡന്റൽ പ്രൈംമിനിസ്റ്റർ’ മുഴുവൻ നുണ: മുൻ സുരക്ഷാ ഉപദേഷ്ടാവ് എം.കെ. നാരായണൻ

mk-narayanan-manmohan-singh
SHARE

കൊൽക്കത്ത∙ തിരഞ്ഞെടുപ്പു വർഷത്തിൽ കോൺഗ്രസിനെതിരെ ബിജെപി പിന്തുണയോടെ പുറത്തുവന്ന ‘ദി ആക്സിഡന്റൽ പ്രൈംമിനിസ്റ്റർ’ ചിത്രത്തിന് ആധാരമാക്കിയ പുസ്തകം മുഴുവൻ നുണയാണെന്നു മുൻ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് എം.കെ. നാരായണൻ. പുസ്തകം രചിച്ച സഞ്ജയ് ബാരു എന്ന മാധ്യമപ്രവർത്തകൻ ‘തരംപോലെ രൂപം മാറുന്നയാൾ’ ആണെന്നും നാരായണൻ കൂട്ടിച്ചേർത്തു. കൊൽക്കത്തയിൽ ഭാരത് ചേംബർ ഓഫ് കൊമേഴ്സിന്റെ പരിപാടിയിൽ പങ്കെടുക്കാൻ വന്നപ്പോഴായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

2014ലാണു ബാരുവിന്റെ പുസ്തകം ‘ദി ആക്സിഡന്റൽ പ്രൈംമിനിസ്റ്റർ: ദി മേയ്ക്കിങ് ആൻഡ് അൺമേയ്ക്കിങ് ഓഫ് മൻമോഹൻ സിങ്’ പുറത്തുവന്നത്. യുപിഎ സർക്കാരിന്റെ കാലത്ത് 2004 മുതൽ 2008 വരെ പ്രധാനമന്ത്രി മൻമോഹൻ സിങ്ങിന്റെ മാധ്യമ ഉപദേഷ്ടാവായിരുന്നു ബാരു. 2005 മുതൽ 2010 വരെ ഇന്ത്യയുടെ ദേശീയ സുരക്ഷാ ഉപദേഷ്ടാവായിരുന്നു നാരായണൻ. ഇന്ത്യ – യുഎൻ ആണവ കരാർ രൂപപ്പെടുത്തുന്നതിൽ മുഖ്യ പങ്കു വഹിച്ച നാരായണൻ പിന്നീട് ബംഗാൾ ഗവർണർ സ്ഥാനവും അലങ്കരിച്ചിരുന്നു.

‘സഞ്ജയ് ബാരുവിനെക്കുറിച്ചു സംസാരിക്കാൻ താൽപര്യപ്പെടുന്നില്ല. തരംപോലെ രൂപം മാറുന്നയാളാണ് അയാള്‍. ഒരു തേർഡ് റേറ്റ് പുസ്തകമാണ് അത്. മുഴുവൻ നുണകളും. പ്രധാനമന്ത്രിയുടെ മാധ്യമ ഉപദേഷ്ടാവിന് കാര്യമായി ഒരു പണിയുമില്ല. അയാൾ സർക്കാരിലെ വലിയൊരാളുമല്ല. സർക്കാരിന്റെ ഭാഗമായിരുന്നവരോടു ചോദിച്ചുനോക്കാം. അയാൾ ആരുമല്ല.

രണ്ടാമതും യുപിഎ സർക്കാർ അധികാരത്തിലെത്തിലെന്ന് ആരൊക്കെയോ അയാളോടു പറഞ്ഞു. അതുകൊണ്ട് 2008 ആയപ്പോൾ അയാൾ സർക്കാരിൽനിന്നു പിന്മാറി. 2014ലെ ലോക്സഭാ തിരഞ്ഞെടുപ്പു സമയത്തു പണമുണ്ടാക്കാൻ മാത്രമായി പുസ്തകം എഴുതി. പണം ഉണ്ടാക്കുന്നതിൽ അയാൾ വിജയിച്ചു. എന്നാൽ പുസ്തകത്തിൽ പറഞ്ഞിരിക്കുന്ന 80% അവകാശവാദങ്ങളും തെറ്റാണ്. ബാരുവിന്റെ കാഴ്ചപ്പാടുകളാണ് അത്. അയാളെക്കുറിച്ചു വേറെ കാഴ്ചപ്പാടാണ് ബാക്കിയുള്ളവർക്ക്’ – നാരായണൻ വ്യക്തമാക്കി.

മൻമോഹൻ സിങ്ങിന്റെ നേതൃത്വത്തെയും നാരായണൻ പ്രശംസിച്ചു. ഇടതുപക്ഷം പിന്തുണ പിൻവലിച്ചെങ്കിലും ആണവ കരാറിൽ ഉറച്ചനിലപാടിൽ അദ്ദേഹം നിന്നു. മൻമോഹൻ സിങ് അല്ലായിരുന്നെങ്കിൽ കരാർ നടക്കില്ലായിരുന്നു. യുഎൻ സുരക്ഷാസമിതി, യുഎസ് പ്രസിഡന്റ് തുടങ്ങി എല്ലാവരിൽനിന്നും അദ്ദേഹം നേടിയെടുത്ത ബഹുമാനമാണ് ആ ഇടപാടിനു കാരണം.

തിരഞ്ഞെടുപ്പിനു മുന്നോടിയായി കഴിഞ്ഞയാഴ്ച ‘ദി ആക്സിഡന്റൽ പ്രൈംമിനിസ്റ്റർ’ എന്ന ചിത്രം പുറത്തുവന്നിരുന്നു. അനുപം ഖേർ ആണ് മൻമോഹൻ സിങ് ആയി അഭിനയിച്ചത്. സഞ്ജയ് ബാരുവിന്റെ റോളിൽ അക്ഷയ് ഖന്നയും.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LATEST NEWS
SHOW MORE
FROM ONMANORAMA