തെരേസ മേയുടെ ബ്രെക്സിറ്റ് കരാർ പാർലമെന്റ് തള്ളി; ബ്രിട്ടനിൽ രാഷ്ട്രീയ പ്രതിസന്ധി

brexit-vote-may
SHARE

ലണ്ടൻ ∙ യൂറോപ്യൻ യൂണിയൻ (ഇയു) വിടുന്നതിന്റെ ഭാഗമായി തെരേസ മേ സർക്കാർ അവതരിപ്പിച്ച ബ്രെക്സിറ്റ് കരാർ ബ്രിട്ടിഷ് പാർലമെന്റ് വൻ ഭൂരിപക്ഷത്തോടെ തള്ളി. 432 എംപിമാർ കരാറിനെ എതിർത്തു വോട്ടു ചെയ്തപ്പോൾ 202 പേർ മാത്രമാണ് അനുകൂലിച്ചത്.

മാർച്ച് 29 നു ബ്രിട്ടൻ യൂറോപ്യൻ യൂണിയൻ വിടാനിരിക്കെ, നൂറിലേറെ ഭരണകക്ഷി അംഗങ്ങളും കരാറിനെതിരെ വോട്ട് ചെയ്തതു പ്രധാനമന്ത്രി തെരേസ മേയ്ക്ക് കനത്ത തിരിച്ചടിയായി. സർക്കാരിനെതിരെ ഇന്ന് അവിശ്വാസപ്രമേയം കൊണ്ടുവരുമെന്നു പ്രതിപക്ഷമായ ലേബർ പാർട്ടി പ്രഖ്യാപിച്ചു. എന്നാൽ, പരിഷ്കരിച്ച കരാറുമായി മുന്നോട്ടു പോകുമെന്നും ഇതിനായി  യൂറോപ്യൻ യൂണിയനുമായി വരും ദിവസങ്ങളിൽ ചർച്ച നടത്തുമെന്നും പ്രധാനമന്ത്രിയുടെ വക്താവ് അറിയിച്ചു. ഇന്നു മന്ത്രിസഭാ യോഗം വിളിക്കില്ലെന്നും വ്യക്തമാക്കി.

വ്യാപക എതിർപ്പുയർന്ന സാഹചര്യത്തിൽ കഴിഞ്ഞ മാസം 11 നു നടത്താനിരുന്ന വോട്ടെടുപ്പു തെരേസ മേ നീട്ടിവച്ചിരുന്നു. ബ്രെക്സിറ്റിനെ അനുകൂലിക്കുന്നവർക്കും യൂറോപ്യൻ യൂണിയന്റെ കരാർ വ്യവസ്ഥകളോടാണ് എതിർപ്പ്. കരാർപ്രകാരം ബ്രിട്ടൻ ഭീമമായ തുക ഇയു ബജറ്റിനു കൊടുക്കേണ്ടിവരും. അതിനാൽ, കരാറില്ലാതെ യൂറോപ്യൻ യൂണിയൻ വിടണമെന്നാണു തെരേസ മേയുടെ എതിരാളികളുടെ ആവശ്യം.

സർക്കാർ ഇനി യൂറോപ്യൻ യൂണിയനുമായി ചർച്ച ചെയ്തു പുതിയ കരാർ തയാറാക്കുകയോ കരാർ വേണ്ടെന്നു വച്ച് തുടർനടപടികളിലേക്കു പോകുകയോ അല്ലെങ്കിൽ വീണ്ടും ഹിതപരിശോധന നടത്തുകയോ ചെയ്യണം.

2016 ജൂൺ 23നാണ് ബ്രിട്ടനിൽ ഹിതപരിശോധന നടന്നത്.  യൂറോപ്യൻ യൂണിയൻ വിട്ടുപോരാൻ അനുകൂലിച്ച് 51.9 ശതമാനവും എതിർത്ത് 48.1 ശതമാനവും വോട്ടു  ചെയ്തു. 2017 മാർച്ച് 21 ന് തെരേസ മേ സർക്കാർ ബ്രെക്‌സിറ്റ് കരാർ നടപടികൾ തുടങ്ങി. യൂറോപ്യൻ യൂണിയൻ നേതാക്കളുമായി 19 മാസം നീണ്ട ചർച്ചകൾക്കൊടുവിൽ നവംബറിലാണു കരാർ രൂപമെടുത്തത്.  പിന്നാലെ കരാറിനെ എതിർത്ത് ബ്രെക്സിറ്റ് മന്ത്രി ‍‍ഡൊമിനിക് റാബ് രാജിവച്ചു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LATEST NEWS
SHOW MORE
FROM ONMANORAMA