‘ഗൊഗോയ് വരും, എല്ലാം ശരിയാവും’ – സുപ്രീം കോടതി: 2018 ജനുവരി 12 - 2019 ജനുവരി 10

Justice-Ranjan-Gogoi
SHARE

നിയമപുസ്തകങ്ങളുടെ സമീപത്തുകൂടി പോയിട്ടുള്ളവർക്കും പേരുകൊണ്ടെങ്കിലും പരിചിതനാണു ലോർഡ് ഡെന്നിങ്. ചോദ്യങ്ങളിലേക്കും ഏറ്റവും കൊള്ളുന്ന (most touchy) ചോദ്യമെന്നു ഡെന്നിങ് വിശേഷിപ്പിക്കുന്ന ഒരു ചോദ്യമുണ്ട്: May not the judges themselves sometimes abuse or misuse their power?

ചോദ്യം ജഡ്ജിമാരെക്കുറിച്ചായതുകൊണ്ടാണ് അതു വല്ലാതെ കൊള്ളുന്നതാകുന്നത്. അതിപ്പോൾ ഡൽഹിയിൽ പ്രസക്തമാകുന്നതു ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയിയെക്കുറിച്ച് ഉന്നയിക്കപ്പെടുന്നതുകൊണ്ടാണ്. ജസ്റ്റിസ് ഗൊഗോയ് അടുത്തിടെ എഴുതിയ ശ്രദ്ധേയമായ ചില വിധിന്യായങ്ങളാണോ അതിനു കാരണം? അല്ല. കർണാടക ചീഫ് ജസ്റ്റിസ് ദിനേശ് മഹേശ്വരിയെയും ഡൽഹി ഹൈക്കോടതിയിലെ ജസ്റ്റിസ് സഞ്ജീവ് ഖന്നയെയും സുപ്രീം കോടതിയിലേക്കു സ്ഥാനക്കയറ്റത്തിനു ശുപാർശ ചെയ്യാൻ ജസ്റ്റിസ് ഗൊഗോയ് അധ്യക്ഷനായ കൊളീജിയം തീരുമാനിച്ചതുകൊണ്ടാണ്.

തീരുമാനമുണ്ടായത് കഴിഞ്ഞ 10ന്. ചീഫ് ജസ്റ്റിസുമാരായ പ്രദീപ് നന്ദ്രജോഗിനെയും (രാജസ്ഥാൻ) രാജേന്ദ്ര മേനോനെയും (ഡൽഹി) സുപ്രീം കോടതിയിലേക്കു ശുപാർശ ചെയ്യാൻ കൊളീജിയം കഴിഞ്ഞ ഡിസംബർ 12 നു തീരുമാനിച്ചു. ആ തീരുമാനമാണു കഴിഞ്ഞയാഴ്ച തിരുത്തിയത്. ആദ്യ തീരുമാനത്തിന്റെ തിരുത്തലിനും നേതൃത്വം നൽകിയതാണ് ജസ്റ്റിസ് ഗൊഗോയ് അധികാരം ദുരുപയോഗിച്ചു എന്ന ആരോപണത്തിലേക്കു നയിച്ചിരിക്കുന്നത്. വിരമിച്ചവരും സർവീസിലുള്ളവരുമായ ചില ജഡ്ജിമാരും പ്രശാന്ത് ഭൂഷണെപ്പോലെ ചില അഭിഭാഷകരും വിഷയം പരസ്യചർച്ചയാക്കി. സുപ്രീം കോടതിയിലെ ജസ്റ്റിസ് സഞ്ജയ് കിഷൻ കൗൾ, ചീഫ് ജസ്റ്റിസിനെ രേഖാമൂലം വിയോജിപ്പ് അറിയിച്ചു; ഡൽഹി ഹൈക്കോടതിയിലെ മുൻ ജഡ്ജി കൈലാഷ് ഗംഭീർ രാഷ്ട്രപതിക്കു കത്തയച്ചു, പ്രശാന്ത് നീണ്ടൊരു ലേഖനമെഴുതി.

മോശം സമയം

റഫാൽ യുദ്ധവിമാന കേസിൽ വിധിന്യായമെഴുതിയതു ജസ്റ്റിസ് ഗൊഗോയിയാണ്. കൺട്രോളർ ആൻഡ് ഒാഡിറ്റർ ജനറൽ (സിഎജി) റഫാൽ ഇടപാടു പരിശോധിച്ചിരുന്നുവെന്ന് ആ വിധിയിലുള്ള തെറ്റു തിരുത്താൻ കേന്ദ്ര സർക്കാർ നൽകിയ അപേക്ഷ കോടതിക്കു കീറാമുട്ടി ആയിരിക്കുകയാണ്. ആലോക് വർമയെ സിബിഐ ഡയറക്ടർ സ്ഥാനത്തുനിന്നു നീക്കിയ രീതി മാത്രം തെറ്റെന്നു വ്യക്തമാക്കിയ വിധിന്യായവും ജസ്റ്റിസ് ഗൊഗോയിയുടേതാണ്. വർമയെ മാറ്റിയ രീതിയാണു തെറ്റെങ്കിൽ, കൊളീജിയത്തിലെ രണ്ടു പേരുകൾ മാറ്റി പുതിയ പേരുകൾ നിർദ്ദേശിക്കാൻ തീരുമാനിച്ച രീതി ശരിയോ എന്നതു പ്രസക്തമായ ചോദ്യമാണ്.

ആലോക് വർമയെ ശരിയായ രീതിയിൽ പുറത്താക്കാൻ ചേർന്ന സമിതിയിൽ ജസ്റ്റിസ് ഗൊഗോയിയുടെ പകരക്കാരനായി പങ്കെടുത്ത ജസ്റ്റിസ് എ.കെ. സിക്രി, വിരമിച്ചശേഷം തനിക്കു ലഭിക്കുമായിരുന്ന വിദേശ പദവി ഏറ്റെടുക്കുന്നില്ലെന്നു കഴിഞ്ഞ ദിവസം പറഞ്ഞു, പദവിക്കുള്ള പ്രത്യുപകാരമാണു വർമയ്ക്കെതിരെ സമിതിയിൽ ചെയ്ത വോട്ടെന്ന് വ്യാഖ്യാനിക്കപ്പെട്ടപ്പോൾ. അങ്ങനെയൊക്കെ, ഉന്നത ജുഡീഷ്യറിയുടെ സമയം സാമാന്യം മോശമായിരിക്കുമ്പോഴാണ‌ു ജസ്റ്റിസ് ഗൊഗോയ് ഉൾപ്പെട്ട പുതിയ വിവാദം. ജസ്റ്റിസ് ഗൊഗോയ് നിരാശനാക്കി എന്നാണു ചില അഭിഭാഷകർ സങ്കടം പങ്കുവച്ചത്.

പ്രതീക്ഷ നൽകുന്നവർ അതിനൊത്ത് ഉയരാത്തപ്പോഴാണു നിരാശനാക്കി എന്ന ആരോപണമുണ്ടാകുന്നത്. ജസ്റ്റിസ് ഗൊഗോയ് ചീഫ് ജസ്റ്റിസാവുന്നതോടെ ഉന്നത ജുഡീഷ്യറിയിൽ പുതിയ ആകാശവും പുതിയ ഭൂമിയുമെന്നു പ്രതീക്ഷിച്ചവരാണു നിരാശരാവുന്നത്. വാസ്തവത്തിൽ, കൊളീജിയത്തിന്റെ പുതിയ തീരുമാനം മാത്രമല്ല, റഫാൽ, വർമ കേസുകൾ കൈകാര്യം ചെയ്യപ്പെട്ട രീതിയും അതിനു കാരണമാണ്. അതായത്, ജുഡീഷ്യൽ വശത്തും ഭരണവശത്തും പലരും ജസ്റ്റിസ് ഗൊഗോയ്ക്കെതിരെ അവിശ്വാസം രേഖപ്പെടുത്തുന്ന സ്ഥിതിയായി.

ജസ്റ്റിസ് ഗൊഗോയിയിൽ പലരും പ്രതീക്ഷവയ്ക്കാൻ പല കാരണങ്ങളുണ്ട്:

∙ നേരിട്ടും അല്ലാതെയും പലവിധ ആരോപണങ്ങൾക്കു വിധേയനായ ചീഫ് ജസ്റ്റിസ് ദീപക് മിശ്രയ്ക്കുശേഷമാണ് ജസ്റ്റിസ് ഗൊഗോയ് സ്ഥാനമേറ്റത്. ജുഡീഷ്യറിക്ക് ജസ്റ്റിസ് മിശ്രയുടെ കാലത്തുണ്ടായ വിശ്വാസ്യത്തകർച്ച പരിഹരിക്കാൻ ജസ്റ്റിസ് ഗൊഗോയ് മുൻകൈയെടുക്കുമെന്ന പ്രതീക്ഷയുണ്ടായി.

∙ ചീഫ് ജസ്റ്റിസ് മിശ്രയ്ക്കെതിരെ കഴിഞ്ഞ വർഷം ജനുവരി 12നു പത്രസമ്മേളനം നടത്തിയ നാലു പേരിൽ ഒരാളാണ് ജസ്റ്റിസ് ഗൊഗോയ്. അവരിൽ സുപ്രീം കോടതിയിൽ അവശേഷിക്കുന്ന ഏക വ്യക്തി. പത്രസമ്മേളനത്തിന്റെ പേരിൽ ജസ്റ്റിസ് ഗൊഗോയിയ്ക്കു ചീഫ് ജസ്റ്റിസ് സ്ഥാനം ലഭിക്കാതിരിക്കുമോയെന്ന് സഹജഡ്ജിമാരിൽ ചിലർപോലും ആശങ്കപ്പെട്ടിരുന്നു.

∙ പത്രസമ്മേളനത്തിൽ ജസ്റ്റിസ് ഗൊഗോയിയും മറ്റു ജഡ്ജിമാരും പറഞ്ഞ വാക്കുകൾക്ക് – രാജ്യത്തിന്റെ നിലനിൽപിന്, ജനാധിപത്യം സംരക്ഷിക്കാൻ, നിയമവാഴ്ച സംരക്ഷിക്കാൻ, ഭാവി തലമുറയുടെ വിചാരണയ്ക്കു വിധേയരാവാതിരിക്കാൻ തുടങ്ങിയവ – വലിയ പ്രാധാന്യം കൽപിക്കപ്പെട്ടു. ജുലൈ 12ന് ജസ്റ്റിസ് ഗൊഗോയ്, റാംനാഥ് ഗോയങ്ക അനുസ്മരത്തിൽ നടത്തിയ പ്രഭാഷണത്തിലെ വാക്കുകളും ഇത്തരത്തിൽ പ്രതീക്ഷയുടെ ഗ്രാഫ് ഉയർത്തിയവയാണ്.

∙ പത്രസമ്മേളന ജഡ്ജിമാർ ചീഫ് ജസ്റ്റിസ് മിശ്രയെ സർക്കാരിന്റെ പക്ഷത്താണു നിർത്തിയത്. കൊളീജിയത്തിന്റെ ചില തീരുമാനങ്ങൾ സർക്കാർ അംഗീകരിക്കാതിരുന്നപ്പോൾ, ചീഫ് ജസ്റ്റിസ് മിശ്രയ്ക്കും അതിൽ പങ്ക് ആരോപിക്കപ്പെട്ടു.

പിന്നീട്, കഴിഞ്ഞ നിയമസഭാ തിര‍ഞ്ഞെടുപ്പിൽ എൽഡിഎഫ് പറഞ്ഞ മുദ്രാവാക്യംപോലൊന്നാണ് പലരും മുന്നോട്ടുവച്ചത്: ഗൊഗോയ് വരും, എല്ലാം ശരിയാവും. അങ്ങനെ സംഭവിക്കുന്നില്ലെന്ന വിലയിരുത്തലുണ്ടായിരിക്കുന്നു. അത് ചീഫ് ജസ്റ്റിസ് ഗൊഗോയിയെ സമ്മർദ്ദത്തിലാക്കുമോ? അങ്ങനെ വിശ്വസിക്കാൻ പ്രേരിപ്പിക്കുന്നതല്ല ചരിത്രവും വർത്തമാനങ്ങളും – കണ്ടതും കേൾക്കുന്നതും.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LATEST NEWS
SHOW MORE
FROM ONMANORAMA