ആലപ്പാട്ട് സീ വാഷ് നിർത്തും; ശാസ്ത്രീയ ഖനനം തുടരും, സമരക്കാരുമായി ചർച്ച നടത്തും

alappad-mineral-sand
SHARE

തിരുവനന്തപുരം∙ കൊല്ലം ജില്ലയിലെ ആലപ്പാട് പഞ്ചായത്തിലെ കരിമണൽ ഖനന പ്രശ്നത്തിൽ നടപടികളുമായി സർക്കാർ. സീ വാഷ് നിർത്തിവയ്ക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ വിളിച്ച ഉദ്യോഗസ്ഥതല ‌യോഗത്തിൽ തീരുമാനമായി. ഖനനത്തിന്റെ പ്രത്യാഘാതം പഠിക്കുന്നതിനു വിദഗ്ധസമിതിയെ നിയോഗിക്കും. അടിയന്തരമായി റിപ്പോർട്ട് സമർ‌പ്പിക്കുന്നതിനും സമിതിക്കു നിർദേശം നൽകും.

അതേസമയം ശാസ്ത്രീയമായിട്ടുള്ള ഖനനം പ്രദേശത്തു തുടരും. ഖനനം നിരീക്ഷിക്കുന്നതിന് ജില്ലാ കലക്ടറും ജനപ്രതിനിധികളുമടങ്ങിയ സമിതി രൂപീകരിച്ചു. നിയമസഭാ പരിസ്ഥിതി സമിതിയുടെ ശുപാർശ പ്രകാരമാണു നടപടി. ആലപ്പാട് സമരം ചെയ്യുന്നവരുമായി സർക്കാർ ചർച്ച നടത്തുമെന്നു മുഖ്യമന്ത്രി അറിയിച്ചു. വ്യവസായ മന്ത്രി ഇ.പി. ജയരാജൻ സമരക്കാരുമായി രണ്ട് ദിവസത്തിനകം ചർച്ച നടത്തും.

ആലപ്പാട്ട് സീ വാഷ് നിർ‌ത്തി വയ്ക്കണമെന്നു സമരക്കാർ നേരത്തേ ആവശ്യമുന്നയിക്കുന്നുണ്ട്. ഇത് അംഗീകരിച്ചാണ് സർക്കാർ തീരുമാനം.  ആലപ്പാട് പഞ്ചായത്തിലെ ഖനന പ്രശ്നത്തിൽ‌ നേരത്തേ ഹൈക്കോടതി സര്‍ക്കാരിന് നോട്ടിസ് അയച്ചിരുന്നു. സര്‍ക്കാര്‍ നിയോഗിച്ച സമിതിയുടെ പഠനറിപ്പോര്‍ട്ടിലെ ശുപാര്‍ശകള്‍ നടപ്പാക്കുന്നതുവരെ ഖനനം നിരോധിക്കണമെന്നാവശ്യപ്പെട്ട് കെ.എം. ഹുസൈൻ എന്നയാൾ നല്‍കിയ ഹർജിയിലാണ് നോട്ടിസ് അയച്ചത്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LATEST NEWS
SHOW MORE
FROM ONMANORAMA