രാജ്യത്തെ ഏറ്റവും ‘ചൂടേറിയ’ വർഷം 2018; പ്രളയത്തിൽ മരണം കൂടുതൽ കേരളത്തിൽ

Heat
SHARE

പത്തനംതിട്ട ∙ ആഗോള താപനഫലമായി കാലാവസ്ഥാ മാറ്റത്തിന്റെ തീവ്രത വർധിച്ചതു മൂലം മഹാപ്രളയവും പേമാരിയും മിന്നലും അതിശൈത്യവും അത്യുഷ്ണവും മൂലം രാജ്യത്ത് 2018 ൽ ഏകദേശം 1430 പേർ മരിച്ചതായി ഭൗമശാസ്ത്ര മന്ത്രാലയം. പ്രളയത്തിൽ മാത്രം 840 ൽ ഏറെ പേർ മരിച്ചു. രാജ്യത്തെ ഏറ്റവും ചൂടേറിയ ആറാമത്തെ വർഷമായി 2018 നെ പ്രഖ്യാപിച്ച് ഇന്ത്യൻ കാലാവസ്ഥാ കേന്ദ്രം (ഐഎംഡി) പുറത്തിറക്കിയ റിപ്പോർട്ടിന് അനുബന്ധമായാണ് ഈ ‘മരണ’ക്കണക്ക്.

എട്ടു സംസ്ഥാനങ്ങളെ ബാധിച്ച പ്രളയത്തിൽ ഏറ്റവും കൂടുതൽ മരണമുണ്ടായതു കേരളത്തിലാണ് – 223 പേർ. യുപി (158), മഹാരാഷ്ട്ര (139), ബംഗാൾ (116), ഒഡീഷ (77), ഗുജറാത്ത് (52), തമിഴ്നാട് (45), അസം (32) എന്നിങ്ങനെയാണു മറ്റു സംസ്ഥാനങ്ങളിലെ പ്രളയ മരണങ്ങൾ. രാജ്യത്തെ ഏറ്റവും ജനസംഖ്യയുള്ള യുപിയിൽ പ്രളയത്തിൽ മാത്രം 158 പേർ മരിച്ചപ്പോൾ ആകെ മരണം 590 ആണ്. 135 പേർ ശൈത്യതരംഗത്തിലും 116 പേർ കാറ്റിലും 92 പേർ പൊടിക്കാറ്റിലും 39 പേർ മിന്നലേറ്റുമാണു മരിച്ചത്.

ഏറ്റവും ചൂടേറിയ ആറാമത്തെ വർഷമാണെന്നു മാത്രമല്ല, രാജ്യത്തു താപനില അളന്നു തുടങ്ങിയ 1901 നു ശേഷം താപനില ഏറ്റവും ഉയർന്ന ശൈത്യകാലവുമായിരുന്നു 2018 ലേത് (0.59 ഡിഗ്രി സെൽഷ്യസ് – ജനുവരി – ഫെബ്രുവരി) എന്ന് ഭൗമശാസ്ത്ര മന്ത്രാലയം സെക്രട്ടറി ഡോ. എം.രജീവൻ ട്വിറ്ററിൽ വ്യക്തമാക്കി. പകൽ – രാത്രി താപനിലയിലും വർധനവുണ്ട്. താപതരംഗത്തിന്റെ തീവ്രത കൂടുന്നു. ഇതിന്റെ ഫലമായി വരൾച്ചാകാലം കൂടുന്നു.

എന്നാൽ ചൂടേറുന്നതിനാൽ മഴ തീവ്രമാവുന്നു. ഏഴു ചുഴലികളാണ് 2018 നെ ഉലയ്ക്കാനെത്തിയത്. ഇതിൽ നാല് എണ്ണം ബംഗാൾ ഉൾക്കടലിലും മൂന്ന് എണ്ണം അറബക്കടലിലുമായിരുന്നു. കേരളത്തിലെ പ്രളയം ഉൾപ്പെടെ അസാധാരണ കാര്യങ്ങൾ സംഭവിക്കുന്നതിനാൽ താപനം കുറയ്ക്കുന്ന പ്രകൃതിദത്ത ജീവിത ശൈലിയിലേക്കു ലോകത്തോടൊപ്പം ഇന്ത്യയും മാറണമെന്നതാണ് ഇതിലെ സന്ദേശമെന്നു ഗവേഷകർ പറയുന്നു.

1981 – 2010 കാലഘട്ടത്തെ അപേക്ഷിച്ചു 2018 ൽ 0.41 ഡിഗ്രിയുടെ വർധനവാണ് ഉണ്ടായിരിക്കുന്നത്. കരയോടു ചേർന്ന വായുവിലെ ചൂടാണ് അളക്കുന്നത്. 2016 ൽ ഈ വർധനവ് 0.72 ഡിഗ്രിയായിരുന്നു. ഇതാണ് റെക്കോർഡ്. ശൈത്യകാല താപനില കുറഞ്ഞതും ദേശീയ തലത്തിൽ 15 ശതമാനം മഴ കുറഞ്ഞതും തുലാമഴ കനിയാതിരുന്നതും ചൂടേറ്റത്തിനു കാരണമായി.

ഓരോ 100 വർഷത്തിലും ഇന്ത്യയിലെ ശരാശരി താപനില 0.6 ഡിഗ്രി സെൽഷ്യസ് കണ്ടു വർധിക്കുന്നതായാണു കണക്ക്. ഈ കാലയളവിൽ കൂടിയ താപനിലയിൽ ഒരു ഡിഗ്രിയുടെ വരെ വർധനവാണ് ഉണ്ടായിരിക്കുന്നത്. എന്നാൽ തണുപ്പ് കൂടുന്നുമില്ല. ആഗോള തലത്തിൽ 2018 നെ ഏറ്റവും ചൂടേറിയ നാലാമത്തെ വർഷമായി (0.98 ഡിഗ്രി വർധന) ലോക കാലാവസ്ഥാ സംഘടന പ്രഖ്യാപിച്ചതിനു പിന്നാലെയാണു കാലാവസ്ഥാമാറ്റം 2018 നെ എങ്ങനെ ബാധിച്ചു എന്ന അസാധാരണ റിപ്പോർട്ട് ഐഎംഡി പുറത്തിറക്കിയത്. ഏറ്റവും ചൂടേറിയ 15 വർഷങ്ങളിൽ 11 എണ്ണവും 2004 നും 2018 നും ഇടയിലാണെന്നും റിപ്പോർട്ട് ഓർമിപ്പിക്കുന്നു.

കഴിഞ്ഞ 25 വർഷത്തിനിടെ താപതരംഗം മൂലം രാജ്യത്ത് 26,000 പേർ മരിച്ചതായാണ് റിപ്പോർട്ട്. അര ഡിഗ്രിയുടെ വർധന താങ്ങാനുള്ള ശേഷി പോലും മനുഷ്യശരീരത്തിനില്ലാത്തതിനാൽ കർഷകരും തൊഴിലാളികളും ഉൾപ്പെടെ വെയിലത്ത് ജോലി ചെയ്യേണ്ടി വരുന്ന ജനവിഭാഗങ്ങളുടെ ജീവനു തന്നെ ഭീഷണിയാണ് ഈ സ്ഥിതിവിശേഷം. മാർച്ച് മുതൽ ജൂൺ ആദ്യം വരെ രാജ്യത്ത് താപതരംഗ അടിയന്തരാവസ്ഥ പ്രഖ്യാപിക്കേണ്ട സ്ഥിതിവന്നാൽ അത് സമ്പദ് ഘടനയെയും ഉൽപാദനത്തെയും ദോഷകരമായി ബാധിക്കും.

കൂടിയ താപനില രേഖപ്പെടുത്തിയ 6 വർഷങ്ങളും തോതും:

2016 (0.72 ഡിഗ്രി സെൽഷ്യസ്)
2009 (0.56 ഡിഗ്രി സെൽഷ്യസ്)
2017 (0.55 ഡിഗ്രി സെൽഷ്യസ്)
2010 (0.54 ഡിഗ്രി സെൽഷ്യസ്)
2015 (0.42 ഡിഗ്രി സെൽഷ്യസ്)
2018 (0.41 ഡിഗ്രി സെൽഷ്യസ്)

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LATEST NEWS
SHOW MORE
FROM ONMANORAMA