മനുഷ്യക്കടത്തിന്റെ ദുരൂഹത ചൂഴ്ന്ന് ശ്രീകാന്തന്റെ വീട്; എല്ലാ മുറിയിലും ടിവി, വമ്പന്‍ വസ്ത്രശേഖരം

sreekanthan-house
SHARE

തിരുവനന്തപുരം: മുനമ്പം മനുഷ്യകടത്തുകേസിലെ മുഖ്യപ്രതിയെന്നു കരുതുന്ന തമിഴ്‌നാട് സ്വദേശി ശ്രീകാന്തന്റെ വെങ്ങാനൂരിലെ വീട്ടിലെ സിസിടിവി ക്യാമറകള്‍ കേസില്‍ നിര്‍ണായകമാകുമെന്ന വിലയിരുത്തലില്‍ പൊലീസ്.

വീട്ടില്‍ സ്ഥിരം സന്ദര്‍ശകരുണ്ടായിരുന്നുവെന്നാണ് അയല്‍വാസികള്‍ നല്‍കിയിരിക്കുന്ന മൊഴി. ഇവര്‍ നാട്ടില്‍നിന്ന്് പോയ ഏഴാം തീയതി രാത്രിയും സ്ത്രീകളും കുട്ടികളും അടക്കം ഇരുപതോളം പേര്‍ വീട്ടില്‍ എത്തിയിരുന്നു. രണ്ടു സിസിടിവി ക്യാമറകളാണ് വീട്ടിലുണ്ടായിരുന്നത്.

ഹാര്‍ഡ് ഡിസ്‌കുകള്‍ പരിശോധിച്ച് തെളിവുകള്‍ ശേഖരിക്കുന്ന നടപടി പുരോഗമിക്കുകയാണ്. ക്യാറകളില്‍നിന്ന് ശേഖരിക്കുന്ന ദൃശ്യങ്ങള്‍ ദേശീയ അന്വേഷണ ഏജന്‍സികള്‍ക്ക് കൈമാറും. ഓസ്‌ട്രേലിയന്‍ പൊലീസിനും ദേശീയ ഏജന്‍സികള്‍ വഴി വിവരം കൈമാറി. കുന്നത്തുനാട് എസ്‌ഐ: ദിലീഷിന്റെ നേതൃത്വത്തിലാണ് ശ്രീകാന്തന്റെ കോവളത്തെ ബന്ധങ്ങളെക്കുറിച്ച് അന്വേഷിക്കുന്നത്. ഇന്ന് വെങ്ങാനൂരിലെ ശ്രീകാന്തന്റെ ബന്ധു വീടുകളിലാണ് പരിശോധന നടത്തുന്നത്. 

sreekanthan-house1

ആഡംബര വീട്, എല്ലാ മുറിയിലും എല്‍ഇഡി ടിവികള്‍

മൂന്നു വര്‍ഷം മുന്‍പ് 30 ലക്ഷം രൂപയ്ക്കാണ് കോവളത്തിനടുത്ത് വെങ്ങാനൂരിലെ പരുത്തിവിളയില്‍ ശ്രീകാന്തന്‍ ഇരുനില വീട് വാങ്ങിയത്. ആഡംബര ജീവിതമാണ് നയിച്ചിരുന്നതെന്ന് നാട്ടുകാര്‍ പറയുന്നു. വീട്ടിലെ ഓരോ മുറിയിലും എല്‍ഇഡി ടിവി ഉണ്ടായിരുന്നു. പുതുതായി വാങ്ങിയ രണ്ട് എല്‍ഇഡി ടിവികളും കണ്ടെത്തി. വലിയ വസ്ത്രശേഖരവും കണ്ടെത്തിയിട്ടുണ്ട്.

നഗരത്തിലെ പ്രമുഖ വസ്ത്രശാലയില്‍നിന്ന് വന്‍തുകയ്ക്ക് വസ്ത്രം വാങ്ങിയതിന്റെ ബില്ലും പൊലീസിന് ലഭിച്ചു. ശ്രീകാന്തന്റെ അടുപ്പക്കാരനായ സെല്‍വത്തിന്റെ പാസ്‌പോര്‍ട്ട്, ബാങ്ക് രേഖകള്‍ ചെക്ക് എന്നിവ വീട്ടില്‍നിന്ന് കണ്ടെത്തി. ശ്രീലങ്കയില്‍നിന്ന് കുടിയേറിയവരെന്നാണ് പൊലീസ് പറയുന്നത്. 

തമിഴ് സംസാരിക്കുന്ന സന്ദര്‍ശകര്‍, നാട്ടുകാരുമായി ബന്ധമില്ല

മൂന്നു വര്‍ഷം മുന്‍പ് വീട് വാങ്ങുമ്പോള്‍ തുണികച്ചവടമാണ് ജോലിയെന്നാണ് ശ്രീകാന്തന്‍ അയല്‍ക്കാരോട് പറഞ്ഞിരുന്നത്. ശ്രീകാന്തനും 9 വയസുള്ള പെണ്‍കുട്ടിയും ഭാര്യാമാതാവെന്ന് പരിചയപ്പെടുത്തിയ വയോധികയുമാണ് വീട്ടില്‍ താമസിച്ചിരുന്നത്.

ഭാര്യ ബെംഗളൂരുവില്‍ ജോലി ചെയ്യുന്നു എന്നാണ് നാട്ടുകാരോട് പറഞ്ഞിരുന്നത്. തമിഴ് സംസാരിക്കുന്ന ഇവര്‍ അയല്‍ക്കാരോട് അധികം സംസാരിച്ചിരുന്നില്ല. ഇന്നോവ കാറില്‍ രാത്രി വൈകിയാണ് ശ്രീകാന്തന്‍ വീട്ടിലെത്തിയിരുന്നതെന്ന് നാട്ടുകാര്‍ പൊലീസിനോട് പറഞ്ഞു. വീട്ടില്‍ സ്ഥിരം സന്ദര്‍ശകരുണ്ടായിരുന്നു. തമിഴ്‌നാട്ടില്‍ നിന്നുള്ള ബന്ധുക്കളാണെന്ന് അടുത്തുള്ള കടയുടമയോട് സൂചിപ്പിച്ചിരുന്നു. 

ഏഴാം തീയതി രാത്രി 9.30ന്‌ശേഷം വീടിനു മുന്നില്‍ വലിയ വാഹനമെത്തി. വാഹനം വളരെ നേരം കാത്തുകിടന്നതിനുശേഷമാണ് വീട്ടിലുണ്ടായിരുന്നവര്‍ വാഹനത്തിലേക്ക് കയറിയത്. ഇരുപതോളംപേര്‍ സംഘത്തിലുണ്ടായിരുന്നു എന്നാണ് പൊലീസിന് ലഭിച്ചിരിക്കുന്ന വിവരം.

എറണാകുളത്തേക്ക് പോകുന്നു എന്നാണ് അയല്‍ക്കാരോട് പറഞ്ഞത്. ശ്രീകാന്തന്റെ ബന്ധുക്കള്‍ വെങ്ങാനൂരില്‍ വീട് വാടകയ്‌ക്കെടുത്തിരുന്നു. ഇവിടെനിന്ന് പൊലീസ് വിവരങ്ങള്‍ ശേഖരിക്കുന്നുണ്ട്. ശ്രീകാന്തനും പൊലീസ് കസ്റ്റഡിയിലുള്ള അനില്‍കുമാറും സാമ്പത്തിക ഇടപാടുകള്‍ നടത്തിയിരുന്ന കോവളത്തെ ബാങ്കിലും പൊലീസ് പരിശോധന നടത്തി.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LATEST NEWS
SHOW MORE
FROM ONMANORAMA