കൊടുവള്ളി പിടിച്ചത് ലീഗിനെ ഞെട്ടിച്ച്; ഒടുവില്‍ കോടതിയില്‍ വീഴ്ത്തി

karat-razak
SHARE

കോഴിക്കോട് ∙ കൊടുവള്ളി മണ്ഡലത്തില്‍ മുസ്‌ലിം ലീഗിനെ തോല്‍പിക്കാന്‍ മുസ്‌ലിം ലീഗിനു മാത്രമേ കഴിയൂവെന്ന തിരിച്ചറിവിലാണു ലീഗ് വിട്ടെത്തിയ കാരാട്ട് റസാഖിനു സിപിഎം പിന്തുണ നല്‍കിയത്. ഇടതു സ്വതന്ത്രനായി കളത്തിലിറങ്ങിയ കാരാട്ട് റസാഖ് ജയിച്ചു കയറിയപ്പോള്‍ തകര്‍ന്നതു ലീഗിന്റെ ആത്മവിശ്വാസത്തിന്റെ കോട്ടയാണ്. ലീഗ് നിയോജക മണ്ഡലം ജനറല്‍ സെക്രട്ടറിയായിരുന്ന കാരാട്ട് റസാഖ് തല്‍സ്ഥാനം രാജിവച്ചാണു മത്സരിച്ചത്. ഫലം വന്നപ്പോള്‍ ലീഗും ഞെട്ടി, യുഡിഎഫും ഞെട്ടി. 

മുസ്‌ലിം ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി എം.എ. റസാഖിനെ കൊടുവള്ളിയിലെ സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചതോടെയാണു കാരാട്ട് റസാഖ് നേതൃത്വവുമായി ഇടഞ്ഞത്. 2011 മുതല്‍ പ്രതീക്ഷ വച്ച സീറ്റ് വഴിമാറി പോയതോടെ റസാഖ് പാര്‍ട്ടി വിട്ടു. ലീഗിനെതിരെ ഇടതു സ്വതന്ത്രനായി മത്സരിക്കാനിറങ്ങി. സിറ്റിങ് എംഎല്‍എ വി.എം.ഉമ്മറിനെ തിരുവമ്പാടിയിലേക്കു മാറ്റിയിട്ടാണ് എം.എ.റസാഖിനെ ലീഗ് കൊടുവള്ളിയില്‍ മത്സരിപ്പിച്ചത്. ഫലം വന്നപ്പോഴാകട്ട, എം.എ.റസാഖും വി.എം.ഉമ്മറും തോല്‍വിയേറ്റു വാങ്ങുകയും ചെയ്തു. 

ലീഗ് കോട്ടയായ കൊടുവള്ളി മണ്ഡലത്തില്‍ ആദ്യഘട്ട പ്രചാരണത്തില്‍തന്നെ യുഡിഎഫ് അപകടം മണത്തു. ആരോപണ, പ്രത്യാരോപണങ്ങള്‍ നിരന്നു. യുഡിഎഫും എല്‍ഡിഎഫും വാശിയോടെ കളത്തിലിറങ്ങിയപ്പോള്‍ പ്രചാരണം ചൂടുപിടിച്ചു. അത്തരമൊരു ഘട്ടത്തില്‍ നടത്തിയ പ്രചാരണത്തിനെതിരെ നല്‍കിയ ഹര്‍ജിയിലാണ് ഇപ്പോള്‍ കാരാട്ട് റസാഖ് എംഎല്‍എയുടെ തിരഞ്ഞെടുപ്പ് ഹൈക്കോടതി റദ്ദാക്കിയത്. തിരഞ്ഞെടുപ്പ് ഗോദയില്‍ അട്ടിമറിച്ച കാരാട്ട് റസാഖിനെ നിയമപ്പോരാട്ടത്തില്‍ വലിച്ചിട്ടതിന്റെ ആശ്വാസത്തിലാകും ലീഗ്. 

മുസ്്‌ലിം ലീഗ് നേതൃത്വത്തെയാകെ ഞെട്ടിച്ചു കൊണ്ടാണ് കാരാട്ട് റസാഖ് ഇടതു സ്വതന്ത്രനായി രംഗത്തെത്തിയത്. ലീഗിന്റെ നിയോജക മണ്ഡലം ജനറല്‍ സെക്രട്ടറിയായിരുന്ന കാരാട്ട് റസാഖ് അപ്രതീക്ഷിതമായി മറുകണ്ടം ചാടിയതോടെ മല്‍സരത്തിനു മുന്‍പുതന്നെ വിജയം പ്രഖ്യാപിക്കാന്‍ കഴിയുന്ന യുഡിഎഫിന്റെ ഉറച്ച മണ്ഡലമെന്ന് അറിയപ്പെട്ടിരുന്ന കൊടുവള്ളിയില്‍ കാര്യങ്ങള്‍ കുഴഞ്ഞു മറിഞ്ഞു. റസാഖിനെ പിന്തുണയ്ക്കാന്‍ സിപിഎം ജില്ലാ സെക്രട്ടേറിയറ്റ് തീരുമാനിക്കുക കൂടി ചെയ്തതോടെ പോരാട്ടം കനത്തു. കാരാട്ട് റസാഖിനെ അനുനയിപ്പിക്കാന്‍ ലീഗ് നേതൃത്വം ശ്രമം നടത്തിയെങ്കിലും ഫലമുണ്ടായില്ല. കടുത്ത പ്രതിസന്ധിയാണ് യുഡിഎഫ് തുടര്‍ന്നു നേരിടേണ്ടിവന്നത്. എല്‍ഡിഎഫ് പിന്തുണ കൂടി ഉറപ്പായതോടെ കാരാട്ട് റസാഖ് മല്‍സര രംഗത്ത് ഉറച്ചു നില്‍ക്കാന്‍ തീരുമാനിച്ചു. മുസ്ലിം ലീഗ് അഖിലേന്ത്യ കൗണ്‍സിലര്‍ സ്ഥാനവും കൊടുവള്ളി നിയോജക മണ്ഡലം ജനറല്‍ സെക്രട്ടറി സ്ഥാനവും രാജിവച്ചതായി റസാഖ് അറിയിച്ചു. 

പി.ടി.എ. റഹീം മുസ്ലിം ലീഗ് വിട്ട ശേഷം കൊടുവള്ളിയില്‍ പാര്‍ട്ടിയെ മുന്നോട്ടു നയിച്ചിരുന്നത് കരാട്ട് റസാഖാണ്. റഹീമിനൊപ്പം മിക്കവരും ലീഗ് വിട്ടപ്പോള്‍ റസാഖിന്റെ നേതൃത്വത്തിലാണ് ഇവിടെ ലീഗ് തിരിച്ചുവരവു നടത്തിയത്. കുഞ്ഞാലിക്കുട്ടിയുടെ കേരള യാത്രയില്‍ വരെ നേതൃനിരയിലുണ്ടായിരുന്ന റസാഖ് കൊടുവള്ളിയിലെ സ്ഥാനാര്‍ഥി പ്രഖ്യാപനത്തോടെ പാര്‍ട്ടിയുമായി പിണങ്ങി. 

2011 നിയമസഭാ തിരഞ്ഞെടുപ്പില്‍ അന്തിമ സ്ഥാനാര്‍ഥി പട്ടികയില്‍ കാരാട്ട് റസാഖും വി.എം. ഉമ്മറുമായിരുന്നു ഉണ്ടായിരുന്നത്. അന്ന് ഉമ്മറിനു സീറ്റു നല്‍കിയപ്പോള്‍ അടുത്ത തവണ റസാഖിനെ പരിഗണിക്കാമെന്ന് ഉറപ്പു നല്‍കിയിരുന്നു. എന്നാല്‍, ലീഗ് സംസ്ഥാന സമിതി മുസ്ലിം ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി എം.എ. റസാഖിനെ കൊടുവള്ളിയില്‍ സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചതോടെ കാര്യങ്ങള്‍ തകിടം മറിഞ്ഞു. അതിശക്തമായ എതിര്‍പ്പുമായി പ്രാദേശിക നേതൃത്വം രംഗത്തെത്തി. സ്ഥാനാര്‍ഥി പ്രഖ്യാപനത്തിനു മുന്‍പ് നിയോജക മണ്ഡലം കമ്മിറ്റികളോട് ആലോചിക്കുന്ന കീഴ്‌വഴക്കം പാലിച്ചില്ലെന്ന് അവര്‍ ആരോപിച്ചു. 

തദ്ദേശ തിരഞ്ഞെടുപ്പില്‍ കളങ്കിതര മല്‍സരിപ്പിക്കരുതെന്ന് ആവശ്യപ്പെട്ടു റസാഖ് നല്‍കിയ കത്തു പാര്‍ട്ടി നേതൃത്വം പരിഗണിക്കാത്തതില്‍ പ്രതിഷേധിച്ചു മല്‍സര രംഗത്തു നിന്നു പിന്മാറിയിരുന്നു. പാര്‍ട്ടിയോടുള്ള പരിഭവം മാറി വീണ്ടും സജീവമായപ്പോഴാണ് എം.എ. റസാഖിന്റെ സ്ഥാനാര്‍ഥിത്വം കാരാട്ട് റസാഖിനെ ചൊടിപ്പിച്ചത്. കൊടുവള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റായിരുന്ന റസാഖ്, കൊടുവള്ളി പഞ്ചായത്തില്‍ 10 വര്‍ഷം അംഗമായിരുന്നു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LATEST NEWS
SHOW MORE
FROM ONMANORAMA