വീട്ടമ്മയ്ക്കും മക്കൾക്കുമെതിരായ ആസിഡ് ആക്രമണം: രണ്ടാനച്ഛന്‍ പിടിയിൽ

acid-attack-piravom
SHARE

കൊച്ചി∙ പിറവത്തിനടുത്ത് പാമ്പാക്കുടയിൽ വീട്ടമ്മയും രണ്ട് മക്കളും ആസിഡ് ആക്രമണത്തിന് ഇരയായ സംഭവത്തിൽ ഒരാൾ അറസ്റ്റിൽ. വീട്ടമ്മയുടെ രണ്ടാം ഭർത്താവ് മൂട്ടമലയിൽ എം.ടി. റെനി(38) ആണ് അറസ്റ്റിലായത്. കഴിഞ്ഞ ദിവസമാണു നെയ്ത്തുശാലപ്പടിയിൽ ഒറ്റമുറിയിൽ കഴിയുന്ന സ്മിതയ്ക്കും മക്കൾക്കും നേരെ ആക്രമണമുണ്ടായത്.

സ്മിതയുടെ ആദ്യ വിവാഹത്തിലെ ഭർത്താവ് മരിച്ചതിനെ തുടർന്നാണ് റെനിയെ വിവാഹം കഴിക്കുന്നത്. ആദ്യ വിവാഹത്തിലെ കുട്ടികളെ ഇയാൾ ഉപദ്രവിക്കുന്നതു പതിവായിരുന്നു. സ്മിതയ്ക്കു മറ്റു ബന്ധങ്ങളുണ്ടെന്ന് ആരോപിച്ചു വഴക്കുണ്ടാക്കുകയും ഉപദ്രവിക്കുകയും ചെയ്യാറുണ്ടായിരുന്നു. കുട്ടികളെ ഉപദ്രവിച്ചതിന് പൊലീസ് അറസ്റ്റു ചെയ്തിരുന്ന ഇയാൾ ജയിൽവാസം കഴിഞ്ഞ് ഇറങ്ങിയിട്ട് അധികം ദിവസമായിട്ടില്ല.

കടുത്ത ജീവിതപ്രയാസം നേരിട്ടിരുന്ന സ്മിതയും കുഞ്ഞുങ്ങളും നാട്ടുകാരുടെ സഹായത്താലാണു താമസിച്ചിരുന്നത്. ഇയാളുടെ ഉപദ്രവം സഹിക്കാനാവാതെ മാറിത്താമസിച്ച സ്മിതയും മക്കളും വിട്ടുപോകുമോ എന്ന ഭീതിമൂലമാണ് ആക്രമണം നടത്തിയതെന്നു പ്രതി പൊലീസിനോടു പറഞ്ഞു. ആസിഡ് ആക്രമണത്തിൽ കുഞ്ഞുങ്ങളിൽ ഒരാളുടെ കാഴ്ചശക്തി നഷ്ടപ്പെട്ടു.

കഴിഞ്ഞ ബുധനാഴ്ച ഇവർ താമസിച്ചിരുന്ന വീടിനു നേരെയും ആക്രമണമുണ്ടായി. വീട് തീയിട്ടു നശിപ്പിക്കുകയായിരുന്നു. ഈ സമയത്തു വീട്ടിനുള്ളിൽ ആരും ഇല്ലാതിരുന്നതിനാൽ ആളപായമുണ്ടായില്ല. എന്നാൽ വീട്ടുപകരണങ്ങൾ കത്തിനശിച്ചു. ആസിഡ് ആക്രമണം ഉണ്ടാകുമ്പോഴും ഇവർ ഇതേ വീട്ടിൽ തന്നെയാണു കഴിഞ്ഞിരുന്നത്. പുലർച്ചെ മൂന്നുമണിക്കു ജനലിലൂടെയാണ് അകത്തേക്ക് ആസിഡ് ഒഴിച്ചത്. സംഭവം പുറത്തറിഞ്ഞ ഉടൻ രാമമംഗലം പൊലീസ് സ്ഥലത്തെത്തി സ്മിതയെയും കുട്ടികളെയും പിറവത്ത് ഗവൺമെന്റ് ആശുപത്രിയിൽ എത്തിച്ചു പ്രാഥമിക ചികിത്സ നൽകി. തുടർന്ന് കോട്ടയം ഇഎസ്ഐ ആശുപത്രിയിലും പ്രവേശിപ്പിച്ചു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LATEST NEWS
SHOW MORE
FROM ONMANORAMA