വൈദികർക്കും കന്യാസ്ത്രീകൾക്കും പെരുമാറ്റച്ചട്ടം: മാധ്യമ ചർച്ചകള്‍ക്ക് അനുമതി വേണം

holy-cross
SHARE

കൊച്ചി∙  സിറോ മലബാര്‍ സഭാ സിനഡിൽ വൈദികര്‍ക്കും സന്യസ്തര്‍ക്കും കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താൻ തീരുമാനം. സഭയിൽ അച്ചടക്കം സ്ഥാപിക്കുന്നതിന്റെ ഭാഗമായാണ് നടപടി.

ആശയത്തിന്റേയോ വ്യക്തിയുടേയോ പേരില്‍ സഭയില്‍ വിഭാഗീയത സൃഷ്ടിക്കുന്നത് ഗുരുതരമായ അച്ചടക്ക ലംഘനമായി കണക്കാക്കും. ഇത് ബോധ്യപ്പെട്ടാൽ കര്‍ശന നടപടി സ്വീകരിക്കുമെന്നാണ് സിനഡ് നൽകിയിരിക്കുന്ന മുന്നറിയിപ്പ്.

ഞായറാഴ്ച പള്ളിയില്‍ വായിക്കാന്‍ സിറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി തയാറാക്കിയ സർക്കുലറിലാണ് ഇക്കാര്യങ്ങൾ വിശദീകരിക്കുന്നത്. ചാനല്‍ ചര്‍ച്ചകളിലും അഭിമുഖങ്ങളിലും പങ്കെടുക്കുന്നതിന് ഇനി സന്യസ്തർക്ക് രൂപതാ അധ്യക്ഷന്റെയൊ മേജര്‍ സൂപ്പീരിയറുടേയോ അനുമതി വാങ്ങണം.

സഭയില്‍ ഗുരുതരമായ അച്ചടക്കലംഘനം നടത്തുന്ന വ്യക്തികള്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കും. വിശദീകരണം തൃപ്തികരമല്ലെങ്കില്‍ മാതൃകാപരമായ ശിക്ഷാനടപടി സ്വീകരിക്കാനും രൂപതാധ്യക്ഷന്മാര്‍ക്കും സന്യാസസമൂഹാധികാരികള്‍ക്കും സിനഡ് നിര്‍ദേശം നല്‍കിയിട്ടുണ്ട്. 

സഭാകേന്ദ്രങ്ങളില്‍ നിന്നു നിയുക്തരാകുന്നവർ മാത്രമേ സഭയുടേയും സഭാതലവന്റേയും പേരില്‍ മാധ്യമങ്ങളില്‍ സംസാരിക്കാൻ പാടുള്ളൂ. സമരങ്ങള്‍ക്കും വ്യവഹാരങ്ങള്‍ക്കും ഇറങ്ങിപ്പുറപ്പെടുന്ന വൈദികരും സന്യസ്തരും കാനോനിക നിയമങ്ങള്‍ പാലിക്കാന്‍ ബാധ്യസ്ഥരാണ്. അതുകൊണ്ട് തന്നെ ഇക്കാര്യത്തില്‍ വരുത്തുന്ന വീഴ്ച അച്ചടക്കലംഘനമായി കണക്കാക്കും. വൈദികരോ സന്യസ്തരോ ആയി തുടരുന്നിടത്തോളം കാലം അച്ചടക്കം പാലിക്കാന്‍ ബാധ്യസ്ഥരാണെന്നും സര്‍ക്കുലറില്‍ വ്യക്തമാക്കുന്നുണ്ട്. 

ചില വൈദികരും സന്യസ്തരും സമീപകാലത്ത് നടത്തിയ പരസ്യപ്രതിഷേധങ്ങളും സമരങ്ങളും  അച്ചടക്കത്തിന്റെ എല്ലാസീമകളും ലംഘിച്ചതായാണ് സിനഡ് വിലയിരുത്തൽ. അച്ചടക്കനടപടികളെ സഭാവിരുദ്ധഗ്രൂപ്പുകളുടേയും മാധ്യമങ്ങളുടേയും പിന്തുണയോടെ പ്രതിരോധിക്കാനുള്ള പ്രവണത അംഗീകരിക്കില്ലെന്നും സര്‍ക്കുലറില്‍ പറയുന്നുണ്ട്. സീറോമലബാർ സഭയുടെ 27-ാമത് സിനഡ് സഭാ ആസ്ഥാനമായ മൗണ്ട് സെന്റ് തോമസിൽ ഒന്നാം തീയതി ആരംഭിച്ച് വെള്ളിയാഴ്ച സമാപിച്ചു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LATEST NEWS
SHOW MORE
FROM ONMANORAMA