എയ്ഡഡ് സ്കൂൾ, കോളജ് അധ്യാപക നിയമനം പിഎസ്‍സിക്ക്: സർക്കാരിന് നോട്ടിസ്

Kerala-High-Court-2
SHARE

കൊച്ചി∙ എയ്ഡഡ് സ്കൂൾ, കോളജ് അധ്യാപക നിയമനം പിഎസ്‍സിക്കു വിടണമെന്ന ഹർജിയിൽ നിലപാട് അറിയിക്കാൻ സർക്കാരിന് ഹൈക്കോടതി നോട്ടിസ് അയച്ചു. നിലവിൽ എയ്ഡഡ് സ്കൂളുകളിലും കോളജുകളിലും അധ്യാപകരെ നിയമിക്കാനുള്ള അവകാശം സ്ഥാപനങ്ങളുടെ മാനേജർമാർക്കാണ്. ഇതു മാറ്റണമെന്നും പിഎസ്‍സി വഴി നിയമനം നടത്തണമെന്നും ആവശ്യപ്പെട്ട് കൊല്ലം സ്വദേശി എം.കെ.സലീം നൽകിയ ഹര്‍ജിയിലാണു കോടതി സർക്കാരിനോടു നിലപാടു ചോദിച്ചത്.

ഈ വിഷയത്തിൽ സർക്കാറിനു സമർപ്പിച്ച നിവേദനത്തിൽ എയ്ഡഡ് കോളജുകളിലെയും സ്കൂളുകളിലെയും നിലവിലെ നിയമന രീതി മാറ്റാൻ ആലോചിക്കുന്നില്ലെന്നു മറുപടി ലഭിച്ച പശ്ചാത്തലത്തിലാണു ഹർജിക്കാരൻ കോടതിയെ സമീപിച്ചത്. നിയമനിര്‍മാണത്തിലൂടെ മാത്രമേ എയ്ഡഡ് സ്ഥാപനങ്ങളില്‍ നിയമനം നടത്താനാകൂ എന്ന് പിഎസ്‌സി കോടതിയെ അറിയിച്ചിട്ടുണ്ട്. നിയമനിര്‍മാണം വേണോയെന്നതു സര്‍ക്കാരിന്റെ നയപരമായ തീരുമാനമാണെന്നും പിഎസ്‍സി റിക്രൂട്ടിങ് ഏജന്‍സി മാത്രമാണെന്നും ഹൈക്കോടതിയിൽ ബോധിപ്പിച്ചിരുന്നു.

അധ്യാപകരെ നിയമിക്കാനുള്ള ചുമതല അതത് മാനേജുമെന്റുകൾക്കാണെങ്കിലും േകാളജ് അധ്യാപകർക്ക് ശമ്പളം നൽകുന്നത് യുജിസിയും സ്കൂൾ അധ്യാപകർക്കു ശമ്പളം നൽകുന്നതു പൊതു വിദ്യാഭ്യാസ വകുപ്പുമാണ്. 1958 ലെ കേരള വിദ്യാഭ്യാസ നിയമത്തിൽ എയ്ഡഡ്-സർക്കാർ വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്ക് അധ്യാപകരെ നിയമിക്കാനുള്ള ചുമതല സർക്കാറിനായിരുന്നു. എന്നാൽ 1960ലാണ് ഒാർഡിനൻസിലൂടെ ഇതിനു മാറ്റം വരുത്തിയത്.

വർഷങ്ങളായി തുടർന്നു വരുന്ന ഈ നയം അവസാനിപ്പിക്കണമെന്നും സർക്കാർ, എയ്ഡഡ് വ്യത്യാസമില്ലാതെ അധ്യാപക നിയമനം പിഎസ്‌സിക്കു വിടണമെന്നുമാണ് ഹര്‍ജിയിൽ ആവശ്യപ്പെട്ടിട്ടുള്ളത്. ഈ രീതി ഭരണഘടനയുടെ അന്തസത്തക്ക് വിരുദ്ധമാണെന്നാണു ഹര്‍ജിക്കാരൻ ചൂണ്ടിക്കാണിക്കുന്നത്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LATEST NEWS
SHOW MORE
FROM ONMANORAMA