ഗർഭിണിയായിരിക്കെ പഴകിയ ഭക്ഷണം, മാനസിക പീഡനം; കരളലിയിക്കും ആൻലിയയുടെ ഡയറി

Anliya-Hygenous
SHARE

കൊച്ചി ∙ തന്റെ രൂപത്തെ പോലെ സൗന്ദര്യമുള്ള സ്വപ്നങ്ങൾ കണ്ട മിടുക്കി– ആന്‍ലിയ ഹൈജിനസ്. 25–ാം വയസില്‍, ജീവിതത്തിന്റെ വസന്തകാലത്ത് ഏറെ പീഡനങ്ങളേറ്റു മരണത്തിനു കീഴടങ്ങേണ്ടി വന്നു അവള്‍ക്ക്. ആത്മഹത്യയാണോ കൊലപാതകമാണോ എന്നു സ്ഥിരീകരിക്കാൻ കഴിയാത്തൊരു ദുരൂഹമരണം. മാതാപിതാക്കൾ വിദേശത്ത്. സാമ്പത്തിക പ്രയാസങ്ങളില്ലാത്ത കുടുംബം. ബിഎസ്‌സി നഴ്‌സിങ് പൂര്‍ത്തിയാക്കി വിദേശത്തു ജോലി കിട്ടിയതോടെ ആൻലിയ സ്വയംപര്യാപ്തയായി. വിവാഹത്തോടെ ജോലി ഉപേക്ഷിച്ചു നാട്ടിലെത്തി. എംഎസ്‌സി നഴ്‌സിങ് പൂര്‍ത്തിയാക്കണമെന്ന ആഗ്രഹം ബാക്കി. നാട്ടിൽ നല്ലൊരു ജോലി, കുഞ്ഞിനു മികച്ച വിദ്യാഭ്യാസം, വീട്, കാർ, ഭാവിയിലേക്കുള്ള സമ്പാദ്യം.. സ്വപ്നങ്ങളുടെ പട്ടിക നീളുമ്പോഴും നേടാനാകുമെന്ന ആത്മവിശ്വാസമുണ്ടായിരുന്നു ആൻലിയയ്ക്ക്.

സ്വപ്നം കാണുക മാത്രമല്ല അതെല്ലാം എഴുതിയിട്ട് സ്വയം ഓർമിപ്പിച്ചു, തയാറെടുത്തു. ഒരിക്കലും മറക്കരുതാത്ത ജീവിതാനുഭവങ്ങളും അവളുടെ ഡയറിയിൽ രേഖപ്പെടുത്തിയിരുന്നു. വിവാഹത്തിന്റെയും ഗര്‍ഭിണിയായതിന്റെയും ഓർമദിവസം, പ്രിയപ്പെട്ട ബന്ധുക്കള്‍, കൂട്ടുകാര്‍, തന്നെ മാനസിക രോഗിയാക്കാന്‍ ആശുപത്രിയില്‍ കൊണ്ടു പോയത്... തന്റെ ദുരൂഹമരണക്കേസിനു തെളിവാകുമെന്നും താനനുഭവിച്ച പീഢാനുഭവങ്ങൾ ലോകം അറിയാന്‍ വഴിയാകുമെന്നും ഓർക്കാതെ ആൻലിയ സ്വന്തം കൈപ്പടയിൽ തെളിമയോടെ എഴുതിയ കുറിപ്പുകൾ.

ആന്‍ലിയയുടെ മരണം ആത്മഹത്യയാണെന്ന നിഗമനത്തിലായിരുന്നു പൊലീസ്. ഭര്‍തൃവീട്ടില്‍ യുവതി മരിച്ചാല്‍ നിശ്ചിത വര്‍ഷങ്ങള്‍ക്കുള്ളിലാണെങ്കില്‍ ഭര്‍ത്താവിനും വീട്ടുകാര്‍ക്കെതിരെ അന്വേഷണം നടത്തണമെന്ന കോടതിവിധികൾ പരിഗണിക്കപ്പെട്ടില്ല. അന്വേഷണത്തിലെ പാളിച്ചകൾ ചൂണ്ടിക്കാട്ടി നൽകിയ പരാതിക്കു യാതൊരു വിലയും പൊലീസ് നൽകിയില്ലെന്നു സങ്കടത്തോടെ പറയുന്നു, ജോലി ഉപേക്ഷിച്ച് കേസ് നടത്താനായി മാത്രം നാട്ടിലെത്തിയ ആൻലിയയുടെ പിതാവ് മട്ടാഞ്ചേരി സ്വദേശി ഹൈജിനസ് പാറയ്ക്കൽ.

∙ ബെംഗളൂരുവിലേക്കു പോയ ആൻലിയ ആലുവാപുഴയിൽ

ആന്‍ലിയയും ജസ്റ്റിനും ചിത്രം: ഫെയ്സ്ബുക്

2018 ഓഗസ്റ്റ് 25നാണ് ആന്‍ലിയയെ കാണാതാകുന്നത്. ഭര്‍ത്താവ് ജസ്റ്റിന്റെ പരാതി കിട്ടിയപ്പോൾ, തൃശൂര്‍ റെയില്‍വെ എഎസ്‌ഐ അജിത്താണു വിവരം വിദേശത്തുള്ള മാതാപിതാക്കളെ വിളിച്ചറിയിച്ചത്. ആന്‍ലിയയെ പരീക്ഷയ്ക്കായി ബെംഗളൂരുവിലേക്കു ട്രെയിന്‍ കയറ്റി വിട്ടു എന്നായിരുന്നു ജസ്റ്റിൻ ആദ്യം പറഞ്ഞത്. പിന്നീടാണു ഭാര്യയെ കാണാനില്ലെന്നു റെയില്‍വെ പൊലീസില്‍ പരാതി കൊടുത്തത്.

ഒരു സൂചനയുമില്ലാതെ മൂന്നു ദിവസം കടന്നുപോയി. നോര്‍ത്ത് പറവൂര്‍ വടക്കേക്കര പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ പെരിയാറില്‍ യുവതിയുടെ ചീര്‍ത്ത മൃതദേഹം കണ്ടെത്തിയെന്ന വിവരം കിട്ടിയത് 28ന്. അതു ആൻലിയയുടെ മൃതദേഹമാണെന്നു സ്ഥിരീകരിച്ചു. മകളുടെ മരണവിവരമറിഞ്ഞു വിദേശത്തുനിന്നു പറന്നെത്തിയ മാതാപിതാക്കള്‍ക്കു പരിശോധനകളെല്ലാം പൂര്‍ത്തിയാക്കിയ മൃതദേഹമാണു കിട്ടിയത്.

സംസ്കാര ചടങ്ങുകളിൽ ഭര്‍ത്താവും കുടുംബവും പങ്കെടുത്തില്ല. എട്ടു മാസം പ്രായമുള്ള കുഞ്ഞിനെ മൃതദേഹം കാണിക്കാനും ഭർതൃവീട്ടുകാർ തയാറായില്ല. മകളെ കാണാതായപ്പോള്‍ ആ വിവരം തങ്ങളെ അറിയിക്കാതെ പൊലീസില്‍ മാത്രം അറിയിച്ചത് എന്തുകൊണ്ടാണെന്നു ഹൈജിനസ് ചോദിക്കുന്നു. മകളുടെ മരണവിവരം ഭര്‍ത്താവിന്റെ ബന്ധുക്കളും അയല്‍വാസികളും അറിയുന്നതു മാധ്യമങ്ങളിലൂടെയാണ്. ഈ രഹസ്യാത്മകത കൊലപാതക സാധ്യതയിലേക്കാണു വിരല്‍ ചൂണ്ടുന്നതെന്നു ഹൈജിനസ് ആരോപിക്കുന്നു.

∙ ഇവിടെ നിന്നാല്‍ അവര്‍ എന്നെ കൊല്ലും

Anliya-Family
ആന്‍ലിയയും കുടുംബവും. ചിത്രം: ഫെയ്സ്ബുക്

മരണത്തിനു മിനിറ്റുകള്‍ക്കു മുൻപ് ആന്‍ലിയ സഹോദരന് അയച്ച മെസേജുകളാണു ൈഹജിനസ് പൊലീസിനു സമര്‍പ്പിച്ച പ്രധാന തെളിവ്. ആൻലിയയുടെ കഷ്ടപ്പാടുകള്‍ വിവരിക്കുന്നതാണു സന്ദേശങ്ങൾ. വീട്ടില്‍നിന്നാല്‍ ജസ്റ്റിനും അമ്മയും കൂടി എന്നെ കൊല്ലും. ഞാന്‍ പൊലീസ് സ്റ്റേഷനില്‍ പോകാന്‍ നോക്കിയിട്ട് ഭർത്താവ് സമ്മതിക്കുന്നില്ല. എനിക്ക് എന്തെങ്കിലും സംഭവിച്ചാല്‍ ജസ്റ്റിനും അമ്മയും വീട്ടുകാരുമാണ് ഉത്തരവാദി, അവരെ വെറുതെ വിടരുത് എന്നെല്ലാമായിരുന്നു സന്ദേശങ്ങൾ. ബെംഗളൂരുവിലേക്ക് ഇപ്പോള്‍ പോകേണ്ട, നമുക്കു പരിഹാരം ഉണ്ടാക്കാം എന്നെല്ലാം സഹോദരന്‍ പറയുന്നുണ്ടെങ്കിലും പോകാൻ ആൻലിയ നിര്‍ബന്ധം പിടിച്ചു.

ബെംഗളൂരുവിലേക്കു ട്രെയിന്‍ കയറ്റി വിട്ടതായി ജസ്റ്റിന്‍ പൊലീസില്‍ മൊഴി നല്‍കിയിട്ടുമുണ്ട്. പക്ഷെ ഇതേ ജസ്റ്റിന്‍ റെയില്‍വേ സ്റ്റേഷനില്‍ കാണാതായെന്നാണു പരാതിയിൽ പറയുന്നത്. ആൻലിയയെ ബെംഗളൂരുവിലേക്കു കയറ്റിവിട്ടെന്നു ജസ്റ്റിൻ പറയുമ്പോൾ, എങ്ങനെ അവർ നേരെ എതിര്‍ഭാഗത്തേയ്ക്ക് സഞ്ചരിച്ചു എന്നതു ദുരൂഹമാണ്. മൂന്നു ദിവസം കഴിഞ്ഞ് മൃതദേഹം പെരിയാറിലൂടെ ഒഴുകിയതെങ്ങനെ എന്നതും ഉത്തരം കിട്ടാത്ത ചോദ്യം. മകളെ കൊന്ന് പുഴയില്‍ ഒഴുക്കിയതാണെന്നു സംശയിക്കുന്നതായി ഹൈജിനസ് പറയുന്നു.

∙ 18 പേജിൽ ആൻലിയയുടെ സങ്കടഹർജി

Anliya-Justin-1
ആന്‍ലിയയും ജസ്റ്റിനും ചിത്രം: ഫെയ്സ്ബുക്

താനനുഭവിച്ച പീഡനങ്ങള്‍ വിവരിച്ചു ആൻലിയ കടവന്ത്ര പൊലീസിന് എഴുതിയ പരാതി വീട്ടുകാര്‍ കണ്ടെടുത്തിരുന്നു. ജോലി നഷ്ടപ്പെട്ടതറിയിക്കാതെ ഭര്‍ത്താവ് തന്നെ വിവാഹം കഴിച്ചത്, ജോലി രാജി വയ്പിച്ചത്, വീട്ടിലെത്തിച്ച് ഉപദ്രവിച്ചത്.. തുടങ്ങിയ കാര്യങ്ങൾ 18 പേജിലായാണു പറയുന്നത്. വിദ്യാഭ്യാസവും ജോലിയും ഉണ്ടായിരുന്ന തന്നെ ജസ്റ്റിന്റെ കുടുംബം മാനസികമായും ശാരീരികമായും പീഡിപ്പിക്കുകയാണ്. പഠിക്കാനായി ജോലി രാജിവച്ചതിനു കുറ്റപ്പെടുത്തി. സര്‍ട്ടിഫിക്കറ്റുകള്‍ വ്യാജമാണെന്നു പറഞ്ഞു.

ഗര്‍ഭിണിയായ ശേഷവും പീഡനങ്ങൾ തുടർന്നു. പഴകിയ ഭക്ഷണമാണു കഴിപ്പിച്ചിരുന്നത്. കുഞ്ഞുണ്ടായ ശേഷവും ഉപദ്രവിച്ചു. കേട്ടാലറയ്ക്കുന്ന തെറികൾ വിളിക്കും. കുഞ്ഞിനെ തന്നില്‍നിന്ന് അകറ്റാന്‍ ശ്രമിച്ചു എന്നെല്ലാം പരാതിയിൽ പറയുന്നു. ജസ്റ്റിന്റെയോ വീട്ടുകാരുടെയോ ഉപദ്രവമില്ലാതെ, പേടിക്കാതെ ജീവിക്കണം. വലിയ പീഡനമാണ് അനുഭവിക്കുന്നത്. കുഞ്ഞിന് അപ്പന്‍ വേണം. ഭര്‍ത്താവ് വേണം. വേറെയാരുമില്ല. വീട്ടുകാർ നാട്ടിലില്ല. ഈ അപേക്ഷ ദയാപൂര്‍വം പരിഗണിക്കണം– പരാതിയുടെ അവസാനവാചകമായി വേദന കിനിയുന്ന ഭാഷയിൽ ആൻലിയ എഴുതി.

anliya-picture
ആൻലിയ വരച്ച ചിത്രം.

ചിത്രരചനയില്‍ താല്‍പര്യമുണ്ടായിരുന്ന ആന്‍ലിയ വരച്ച ഒരു ചിത്രം, അവരെത്രമാത്രം സങ്കടങ്ങൾക്കു നടുവിലാണു ജീവിച്ചിരുന്നതെന്നു കാണിച്ചുതരും. കരഞ്ഞുകൊണ്ട് എന്തോ എഴുതുന്ന പെണ്‍കുട്ടി. അവള്‍ക്കു ചുറ്റും കുറെ കൈകള്‍, കുറ്റപ്പെടുത്തലുകളും ചൂണ്ടലുകളും ആംഗ്യവിക്ഷേപങ്ങളും. കരയുന്ന ആ പെണ്‍കുട്ടി ആൻലിയ തന്നെയാണെന്ന് അടുപ്പമുള്ളവർക്കു മനസ്സിലാകും.

∙ എന്റെ കരളാണ് അവര്‍ പറിച്ചെടുത്തത്

‘മകളായിരുന്നു എനിക്കെല്ലാം. അവള്‍ എന്നെ സ്‌നേഹിച്ചതു പോലെ ആരും സ്‌നേഹിച്ചിട്ടുണ്ടാവില്ല. എന്റെ കരളാണ് അവര്‍ പറിച്ചെടുത്തു കളഞ്ഞത്. ജോലി ഉപേക്ഷിച്ചു നാട്ടില്‍ വന്നു നില്‍ക്കുന്നത് അവള്‍ക്കു നീതി കിട്ടാനാണ്. തെളിവുകളെല്ലാം നല്‍കിയിട്ടും പൊലീസ് ഒന്നും ചെയ്തില്ല. അവള്‍ മരിച്ചിട്ട് 150 ദിവസങ്ങളായി. മാതാപിതാക്കളായ ഞങ്ങള്‍ കയറിയിറങ്ങാത്ത ഓഫിസുകളില്ല. മുട്ടാത്ത വാതിലുകളില്ല’– ഒരച്ഛന്റെ ദുഃഖം ഹൈജിനസിന്റെ വാക്കുകളിൽ തളംകെട്ടി.

പൊലീസില്‍ പരാതി കൊടുത്തെങ്കിലും ഫലമൊന്നും ഉണ്ടായിരുന്നില്ല. മകളുടെ മരണത്തിനു കാരണക്കാരായവർ പരസ്യമായി നടക്കുമ്പോള്‍ ഒളിവിലാണെന്നാണു പൊലീസ് പറഞ്ഞത്. തൃശൂര്‍ പൊലീസ് കമ്മിഷണര്‍ക്കായിരുന്നു ആദ്യം പരാതി നല്‍കിയത്. അദ്ദേഹം ഗുരുവായൂര്‍ എസിപിക്ക് കൈമാറി. അന്വേഷണം എങ്ങുമെത്തിയില്ല. മകള്‍ക്ക് എന്തു സംഭവിച്ചു എന്നോ, ബെംഗളൂരുവിലേയ്ക്ക് ട്രെയിന്‍ കയറാന്‍ തൃശൂര്‍ റെയില്‍വേ സ്റ്റേഷന്‍ വരെ എത്തിയ മകള്‍ എങ്ങനെ ആലുവാ പുഴയിലെത്തി എന്നോ പൊലീസിനു വിശദീകരിക്കാനായില്ല.

ഒടുവില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ ഇടപെടല്‍

മകളുടെ മരണം ആത്മഹത്യയാക്കി മാറ്റി ജസ്റ്റിനും കൂട്ടരും രക്ഷപെടും എന്നു മനസിലാക്കിയപ്പോഴാണു മുഖ്യമന്ത്രിയെ കണ്ട് തെളിവുകളും സങ്കട ഹര്‍ജിയും നല്‍കിയത്. എന്താണ് ചെയ്യേണ്ടതെന്നു മുഖ്യമന്ത്രി പിണറായി വിജയൻ ഇങ്ങോട്ടു ചോദിച്ചു. പൊലീസുകാര്‍ക്കെതിരെ ഞങ്ങള്‍ ഒന്നും പറഞ്ഞില്ല. ഇപ്പോള്‍ അന്വേഷിക്കുന്ന ഉദ്യോഗസ്ഥനെ മാറ്റണമെന്നേ ആവശ്യപ്പെട്ടുള്ളൂ. ആര് അന്വേഷിച്ചാലും സത്യം കണ്ടു പിടിക്കണം. മകള്‍ക്ക് നീതി ലഭിക്കണമെന്നും അറിയിച്ചു.

മാധ്യമങ്ങളില്‍ വാര്‍ത്ത വരികയും മുഖ്യമന്ത്രി ഇടപെടുകയും ചെയ്തതോടെ കേസ് അന്വേഷണം ക്രൈംബ്രാഞ്ചിനു മുന്നിലെത്തിയിട്ടുണ്ട്. തൊട്ടു പിന്നാലെ ജസ്റ്റിൻ കോടതിയില്‍ കീഴടങ്ങി. കുറെ കള്ളക്കഥകള്‍ ഫ്രെയിം ചെയ്ത് ആൻലിയ മാനസിക രോഗിയായിരുന്നു എന്ന് വരുത്തിത്തീര്‍ക്കാന്‍ അവര്‍ ശ്രമിച്ചു. യുവ വൈദികന്‍ നല്‍കിയ കള്ളമൊഴിയാണു മകളുടേത് ആത്മഹത്യയാണെന്ന് പൊലീസ് വിശ്വസിക്കാൻ കാരണം. ജസ്റ്റിന്‍ റിമാന്‍ഡിലായതോടെ അദ്ദേഹം മെസേജ് അയച്ചു, നമുക്കു കാര്യങ്ങൾ പറഞ്ഞു പരിഹരിക്കാമെന്ന്– ഹൈജിനസ് പറഞ്ഞു.

Hygenous-Parakkal-Anliya-Leela
ആന്‍ലിയ മാതാപിതാക്കള്‍ക്കൊപ്പം. ചിത്രം: ഫെയ്സ്ബുക്

കഴിഞ്ഞ ദിവസം മകന്‍ ചോദിച്ചു, പപ്പയ്ക്ക് എന്നെ വേണ്ടേ എന്ന്. വിഷമം കണ്ടിട്ടുള്ള ചോദ്യമാണ്. അത്രയ്ക്കു മകളെ സ്‌നേഹിച്ചിരുന്നു. ഇപ്പോഴുമതെ. ഭാര്യ വിദേശത്തു പോയെങ്കിലും എന്നും വിളിച്ചു കണ്ണീരൊഴുക്കും. അവള്‍ ക്ഷീണിച്ച് ഇല്ലാതെയായി– ഹൈജിനസ് വിതുമ്പി. കഴിഞ്ഞ നവംബര്‍ 24നാണ് ഭാര്യയെയും കൂട്ടി ഹൈജിനസ് മാധ്യമങ്ങള്‍ക്കു മുന്നിലെത്തിയത്. അന്ന് ഓരോ വാക്കുകള്‍ പറയുമ്പോഴും രണ്ടു പേരുടെയും കണ്ണുകള്‍ നിറഞ്ഞൊഴുകി. ഇപ്പോൾ വീണ്ടും മാധ്യമങ്ങളോടു സംസാരിക്കുമ്പോൾ മകൾക്കു നീതി ലഭിക്കുമെന്ന പ്രതീക്ഷയുടെ വെളിച്ചം ആ പിതാവിന്റെ മുഖത്തുണ്ടായിരുന്നു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LATEST NEWS
SHOW MORE
FROM ONMANORAMA