കൈപ്പത്തിക്കു കുത്തിയാല്‍ താമരയ്ക്ക് വീഴുമോ?: ഇല്ലെന്ന് കമ്മിഷന്‍; ഹാക്കിങ്ങില്‍ അറിയേണ്ടതെല്ലാം

Electronic-Voting-Machine-5
SHARE

തിരുവനന്തപുരം∙ ഇലക്ട്രോണിക് വോട്ടിങ് യന്ത്രങ്ങളില്‍ കൃത്രിമം കാട്ടി തിരഞ്ഞെടുപ്പില്‍ വിജയിക്കാന്‍ കഴിയുമോ? കഴിയില്ലെന്നാണു തിരഞ്ഞെടുപ്പ് കമ്മിഷനും സാങ്കേതിക വിദഗ്ധരും പറയുന്നത്. തിരഞ്ഞെടുപ്പ് ഡ്യൂട്ടിയിലുള്ളവര്‍ക്കും വോട്ടര്‍ക്കുമല്ലാതെ പുറത്തുനിന്നുള്ള ഒരാള്‍ക്കു യന്ത്രത്തില്‍ തൊടാന്‍ പോലും സാധിക്കില്ലെന്നും കമ്മിഷന്‍ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കുന്നു.

കേരളം ഉദാഹരണമായി എടുത്താല്‍, മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണറുടെ ഓഫിസാണു ബൂത്തുകളുടെ എണ്ണം അനുസരിച്ച് വോട്ടിങ് യന്ത്രങ്ങള്‍ കേന്ദ്ര തിരഞ്ഞെടുപ്പു കമ്മിഷനോട് ആവശ്യപ്പെടുന്നത്. വോട്ടിങ് യന്ത്രങ്ങള്‍ക്കു രണ്ടു യൂണിറ്റുണ്ട്. കണ്‍ട്രോള്‍ യൂണിറ്റും ബാലറ്റ് യൂണിറ്റും. വോട്ടര്‍ക്ക് ഉപയോഗിക്കാനുള്ളതാണു ബാലറ്റ് യൂണിറ്റ്. വോട്ടിങ്ങിനായി യന്ത്രത്തെ സജ്ജമാക്കാന്‍ പോളിങ് ഉദ്യോഗസ്ഥര്‍ ഉപയോഗിക്കുന്നതാണ് കണ്‍ട്രോള്‍ യൂണിറ്റ്. ആവശ്യമുള്ള കണ്‍ട്രോള്‍ യൂണിറ്റുകളുടെ 15 ശതമാനവും ബാലറ്റ് യൂണിറ്റുകളുടെ ഇരട്ടിയും സംസ്ഥാനങ്ങള്‍ സാധാരണയായി ആവശ്യപ്പെടും. ഉപകരണങ്ങള്‍ കേടായാല്‍ മാറ്റി സ്ഥാപിക്കുന്നതിനാണിത്.

എല്ലാ തിരഞ്ഞെടുപ്പുകളിലും പുതിയ യന്ത്രങ്ങള്‍ ഉപയോഗിക്കാറില്ല. മറ്റു സംസ്ഥാനങ്ങളില്‍ ഉപയോഗിച്ചശേഷം വെറുതേയിരിക്കുന്ന യന്ത്രങ്ങള്‍ ഓരോ സംസ്ഥാനത്തെയും ആവശ്യത്തിനനുസരിച്ചു വിതരണം ചെയ്യും. രാജ്യത്തെ ഓരോ വോട്ടിങ് യന്ത്രത്തിനും പ്രത്യേകം നമ്പരുണ്ട്. ഒരു യന്ത്രത്തിനുള്ള നമ്പര്‍ ആവര്‍ത്തിക്കില്ല. യന്ത്രങ്ങള്‍ ഏതു സംസ്ഥാനത്ത് ഏതു സ്റ്റോര്‍ റൂമിലാണ് ഉള്ളതെന്നു കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷന്റെ കംപ്യൂട്ടര്‍ രേഖകളില്‍നിന്നു മനസിലാക്കാനാകും.  

കേരളത്തിലെ തിരഞ്ഞെടുപ്പാണെങ്കില്‍ ഇവിടെനിന്ന് ഉദ്യോഗസ്ഥര്‍ യന്ത്രമുള്ള സംസ്ഥാനത്തെത്തി തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തില്‍ യന്ത്രം സീല്‍ ചെയ്ത് വാങ്ങും. സബ് ഡിവിഷണല്‍ മജിസ്ട്രേറ്റിന്റെ സാന്നിധ്യത്തില്‍ പൊലീസ് അകമ്പടിയോടെ ട്രക്കുകളില്‍ കേരളത്തിലെത്തിക്കും. ഈ യന്ത്രങ്ങള്‍ തിരഞ്ഞെടുപ്പ് കമ്മിഷന്റെ സ്ട്രോങ് റൂമുകളില്‍ സൂക്ഷിക്കും. രാഷ്ട്രീയ പാര്‍ട്ടി അംഗങ്ങളുടേയും റവന്യൂ അധികാരികളുടേയും മാധ്യമങ്ങളുടേയും സാന്നിധ്യത്തില്‍, യന്ത്രങ്ങള്‍ ശരിയായി പ്രവര്‍ത്തിക്കുന്നുണ്ടോയെന്നു പരിശോധിക്കും. ഭാരത് ഇലക്ട്രോണിക് ലിമിറ്റഡ്, ഇലക്ട്രോണിക് കോര്‍പ്പറേഷന്‍ ഇന്ത്യ ലിമിറ്റഡ് എന്നീ സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള കമ്പനികളാണു വോട്ടിങ് യന്ത്രം നിര്‍മിക്കുന്നത്. കമ്പനി പ്രതിനിധികളും പരിശോധനയില്‍ പങ്കെടുക്കും. എല്ലാ യന്ത്രങ്ങളും പരിശോധിച്ചശേഷം തകരാറുള്ളവ പ്രത്യേക നമ്പരിട്ടു മാറ്റി വയ്ക്കും. ബാക്കിയുള്ളവ സ്ട്രോങ് റൂമിലേക്ക് മാറ്റും. 

Electronic-Voting-Machine-6

സ്ട്രോങ് റൂമിന് 24 മണിക്കൂറും പൊലീസ് സുരക്ഷ ഉണ്ടാകും. ജനാലകള്‍ ഇല്ലാത്ത കെട്ടിടത്തിലായിരിക്കും യന്ത്രങ്ങള്‍ സൂക്ഷിക്കുക. സുരക്ഷയ്ക്കു സിസിടിവി സംവിധാനവും പൊലീസുമുണ്ടാകും. രണ്ടു പൂട്ടിട്ട് സീല്‍ ചെയ്യുന്ന മുറിയുടെ താക്കോല്‍ രണ്ട് ഉദ്യോഗസ്ഥരുടെ കയ്യിലായിരിക്കും. ജില്ലാ ആസ്ഥാനങ്ങളിലേക്കു കൊണ്ടുപോകാന്‍ മുറി തുറക്കുമ്പോള്‍ രണ്ടാംഘട്ട പരിശോധന നടക്കും. രാഷ്ട്രീയ പാര്‍ട്ടികളുടെ പ്രതിനിധികളും റവന്യൂ ഉദ്യോഗസ്ഥരും പങ്കെടുക്കും. 1,000 വോട്ട് വീതം ഓരോ യന്ത്രത്തിലും രേഖപ്പെടുത്തി കാര്യക്ഷമത പരിശോധിക്കും. ഇതിനുശേഷം യന്ത്രങ്ങള്‍ ജില്ലാകേന്ദ്രങ്ങളിലേക്കു പൊലീസ് സുരക്ഷയില്‍ അയയ്ക്കും. ഏതൊക്കെ നമ്പരിലുള്ള യന്ത്രം ഏതെല്ലാം ജില്ലകളിലേക്ക് പോകണമെന്നു കംപ്യൂട്ടറാണു നറുക്കെടുപ്പിലൂടെ തീരുമാനിക്കുന്നത്.

ജില്ലകളിലെത്തുന്ന യന്ത്രങ്ങള്‍ സ്ട്രോങ് റൂമുകളില്‍ സൂക്ഷിക്കും. ഇവിടെനിന്നും നറുക്കെടുപ്പിലൂടെ യന്ത്രങ്ങള്‍ മണ്ഡലം തലത്തിലേക്കു കൈമാറും. അവിടെ മൂന്നാംഘട്ട കാര്യക്ഷമതാ പരിശോധന നടക്കും. പിന്നീട് പൊലീസ് കാവലില്‍ സ്ട്രോങ് റൂമുകളില്‍ സൂക്ഷിക്കുന്ന യന്ത്രത്തിന്റെ സുരക്ഷാ മേല്‍നോട്ടം ഗസ്റ്റഡ് ഓഫിസര്‍ക്കായിരിക്കും. റൂം നിശ്ചിത അകലത്തില്‍നിന്ന് ദിവസവും പരിശോധിക്കാന്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ നിയോഗിച്ച പ്രതിനിധികളെ അനുവദിക്കും. ഇതിനായി പ്രത്യേക റജിസ്റ്റര്‍ സൂക്ഷിക്കും. ബൂത്തുകളിലേക്ക് ഏതൊക്കെ നമ്പരിലുള്ള യന്ത്രം അയയ്ക്കണമെന്നും കംപ്യൂട്ടര്‍ പ്രോഗ്രാമാണ് തീരുമാനിക്കുന്നത്.

Electronic-Voting-Machine-7

രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികളുടേയും ഉദ്യോഗസ്ഥരുടേയും സാന്നിധ്യത്തിലുള്ള പരിശോധനയ്ക്കുശേഷം യന്ത്രങ്ങള്‍ ബൂത്ത് തലത്തിലുള്ള സ്ട്രോങ് റൂമുകളിലേക്കു മാറ്റും. കണ്‍ട്രോള്‍ യൂണിറ്റിലും ബാലറ്റ് യൂണിറ്റിലും പുറമേനിന്നുള്ള ഇടപെടല്‍ ഉണ്ടാകാതിരിക്കാന്‍ യന്ത്രങ്ങളില്‍ സീലിങ് നടത്തിയശേഷമാണു മാറ്റുന്നത്. ത്രിതല സുരക്ഷയാണു ബൂത്തു തലത്തിലെ സ്ട്രോങ് റൂമുകളിലുള്ളത്. കേന്ദ്രസേന സ്ട്രോങ് റൂമിനു കാവല്‍ നില്‍ക്കും. 100 മീറ്റര്‍ ചുറ്റളവില്‍ സംസ്ഥാന പൊലീസ് കാവലുണ്ടാകും. ഇതിനു പുറത്ത് ലോക്കല്‍ പൊലീസിന്റെ പട്രോളിങ് ഉണ്ടാകും. സ്ട്രോങ് റൂമില്‍ ഇലക്ട്രിക്ക് സര്‍ക്യൂട്ട് പാടില്ലെന്നു നിബന്ധനയുണ്ട്. സ്കൂളുകളിലാണ് യന്ത്രങ്ങള്‍ സൂക്ഷിക്കുന്നതെങ്കില്‍ മുറിയുടെ ജനലുകളും വാതിലുകളും അഴി അടിച്ചശേഷം സീല്‍ ചെയ്യും. താക്കോല്‍ റിട്ടേണിങ് ഓഫിസറുടെ കൈയ്യിലായിരിക്കും. 

തിരഞ്ഞെടുപ്പ് ദിവസം യന്ത്രത്തിനു തകരാറില്ലെന്നു രാഷ്ട്രീയപാര്‍ട്ടികളുടേയും ഉദ്യോഗസ്ഥരുടേയും മാധ്യമങ്ങളുടേയും സാന്നിധ്യത്തില്‍ ഉറപ്പുവരുത്തും. യന്ത്രത്തിനു തകരാറുണ്ടായാല്‍ പരിഹരിക്കാന്‍ ഓരോ സ്ഥലത്തും ഉദ്യോഗസ്ഥരുണ്ടാകും. വോട്ടെടുപ്പിനു ശേഷം യന്ത്രങ്ങള്‍ സ്ട്രോങ് റൂമിലേക്കു പൊലീസ് കാവലില്‍ മാറ്റും. റൂം വീണ്ടും സീല്‍ ചെയ്യും. പിന്നീട് വോട്ടെണ്ണല്‍ ദിവസവും സുരക്ഷാപരിശോധനകള്‍ ആവര്‍ത്തിക്കും. വോട്ടെണ്ണലിനുശേഷം രണ്ടു മാസംവരെ യന്ത്രങ്ങള്‍ സ്ട്രോങ് റൂമില്‍ സൂക്ഷിക്കും. തിരഞ്ഞെടുപ്പ് സംബന്ധിച്ച പരാതി നല്‍കാനുള്ള കാലാവധി രണ്ടു മാസമാണ്. ഇതിനുശേഷം യന്ത്രങ്ങള്‍ അടുത്ത സംസ്ഥാനത്തേക്ക് പൊലീസ് കാവലില്‍ കൊണ്ടുപോകും. മറ്റു സംസ്ഥാനങ്ങളില്‍ തിരഞ്ഞെടുപ്പ് ഉടനെ ഇല്ലെങ്കില്‍ അതുവരെ സംസ്ഥാനത്തുതന്നെ സൂക്ഷിക്കും. നിശ്ചിത കാലയളവില്‍ സുരക്ഷാ പരിശോധന നടത്തും.

∙ യന്ത്രങ്ങളില്‍ ഹാക്കിങ് സാധ്യമാണോ?

കഴിയില്ലെന്നാണു തിരഞ്ഞെടുപ്പ് കമ്മിഷന്‍ പറയുന്നത്. സാങ്കേതിക വിദഗ്ധരും ഇതു ശരിവയ്ക്കുന്നു. വോട്ടിങ് യന്ത്രങ്ങള്‍ ബന്ധിപ്പിക്കുന്നതു കേബിളുകള്‍ വഴിയാണ്. പുറമേനിന്നുള്ള ഒന്നിനും യന്ത്രങ്ങളുമായി ബന്ധമില്ല. അതായത്, വൈഫൈ, ബ്ലൂടൂത്ത്, ഇന്റര്‍നെറ്റ് തുടങ്ങിയ ബന്ധങ്ങള്‍ യന്ത്രവുമായില്ല. ഉപകരണവുമായി ബന്ധമില്ലാതെ എങ്ങനെ ഹാക്കിങ് സാധ്യമാകുമെന്നു സാങ്കേതിക വിദഗ്ധര്‍ ചോദിക്കുന്നു. 2006വരെ നിര്‍മിച്ച ഇലക്ട്രോണിക് വോട്ടിങ് മെഷീനുകള്‍ (ഇവിഎം) എം 1(മോഡല്‍ വണ്‍) ഹാക്ക് ചെയ്യാന്‍ കഴിയില്ലെന്നു ഇലക്ഷന്‍ കമ്മിഷന്‍ പറയുന്നു.

2006 മുതല്‍ 2012 വരെയുള്ള കാലഘട്ടത്തില്‍ നിര്‍മിച്ച എം 2 ഇവിഎമ്മുകളില്‍ സാങ്കേതിക പരിശോധനാ സമിതിയുടെ നിര്‍ദേശപ്രകാരം പ്രത്യേക സുരക്ഷാസംവിധാനം ഉള്‍പ്പെടുത്തിയിരുന്നു. പ്രത്യേക കോഡിങ് ഉള്ളതിനാല്‍ യന്ത്രത്തില്‍ അമര്‍ത്തുമ്പോള്‍ ഇവിഎമ്മില്‍നിന്ന് സെന്‍ട്രല്‍ കണ്‍ട്രോളിങ് യൂണിറ്റിലേക്ക് സന്ദേശം കൈമാറപ്പെടും. തുടര്‍ച്ചയായി ബട്ടനുകളില്‍ അമര്‍ത്തുന്നത് യന്ത്രസംവിധാനം തിരിച്ചറിഞ്ഞ് പ്രതിരോധിക്കും.

∙ യന്ത്രം നിര്‍മിക്കുന്ന കമ്പനികള്‍ക്കു തട്ടിപ്പ് നടത്താന്‍ കഴിയുമോ?

Electronic-Voting-Machine-3

ഇല്ലെന്നാണു തിരഞ്ഞെടുപ്പ് കമ്മിഷന്‍ പറയുന്നത്. കര്‍ശനമായ സുരക്ഷാ മാനദണ്ഡങ്ങള്‍ ഇക്കാര്യത്തില്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. നിര്‍മാണത്തിനുശേഷം സംസ്ഥാനങ്ങളില്‍നിന്ന് സംസ്ഥാനങ്ങളിലേക്കും ജില്ലകളിലേക്കും യന്ത്രങ്ങള്‍ കൈമാറപ്പെടും. യന്ത്രങ്ങള്‍ ഏതു സംസ്ഥാനത്തിലാണെന്നോ ഏതു സ്ഥാനാര്‍ഥി ഏതു ചിഹ്നത്തില്‍ മത്സരിക്കുമെന്നോ കണ്ടെത്താന്‍ നിര്‍മാതാക്കള്‍ക്ക് കഴിയില്ല. സോഫ്റ്റ്‌വെയര്‍ ഉപയോഗിച്ച് ഓരോ മെഷീനും ഏതു സ്ഥലത്താണുള്ളതെന്നു കണ്ടെത്തി നിരീക്ഷിക്കാനും തിരഞ്ഞെടുപ്പ് കമ്മിഷനു സംവിധാനമുണ്ട്. പുറത്തുള്ള രാജ്യങ്ങളില്‍ നിര്‍മിച്ച വോട്ടിങ് യന്ത്രങ്ങള്‍ ഇന്ത്യയിലെ തിരഞ്ഞെടുപ്പിന് ഉപയോഗിക്കാറില്ല. തദ്ദേശ സ്ഥാപനങ്ങള്‍ നടത്തുന്ന തിരഞ്ഞെടുപ്പില്‍ അവര്‍ വാങ്ങുന്ന ഇവിഎമ്മുകളാണ് ഉപയോഗിക്കുന്നത്. സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷനാണ് ചുമതല. അതിന്റെ സുരക്ഷയുമായി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷനു ബന്ധമില്ല.

∙ ചിപ്പുകള്‍ ഘടിപ്പിച്ച് യന്ത്രങ്ങളില്‍ തട്ടിപ്പ് നടത്താന്‍ കഴിയുമോ?

Electronic-Voting-Machine-2

ഇല്ല. കണ്‍ട്രോള്‍ യൂണിറ്റിലുള്ള ഉദ്യോഗസ്ഥന്‍ വോട്ടര്‍ക്കു സമ്മതിദാന അവകാശം രേഖപ്പെടുത്താന്‍ ബാലറ്റ് യൂണിറ്റ് സജ്ജമാക്കും. വോട്ടര്‍ വോട്ട് രേഖപ്പെടുത്തുന്നതുവരെ കണ്‍ട്രോള്‍ യൂണിറ്റിലെ ബട്ടനുകള്‍ പ്രവര്‍ത്തനരഹിതമാകും. വോട്ടര്‍ വോട്ട് രേഖപ്പെടുത്തിയാല്‍ ആ സന്ദേശം ബാലറ്റ് യൂണിറ്റ് കണ്‍ട്രോള്‍ യൂണിറ്റിന് കൈമാറും. സന്ദേശം ലഭിച്ചാല്‍ ബാലറ്റ് യൂണിറ്റിലെ ലൈറ്റ് കത്തും. ആദ്യത്തെ വോട്ട് മാത്രമേ കണ്‍ട്രോള്‍ യൂണിറ്റ് രേഖപ്പെടുത്തൂ. രണ്ടാമതും വോട്ടര്‍ യന്ത്രത്തില്‍ അമര്‍ത്തിയാല്‍ വോട്ടായി രേഖപ്പെടുത്തില്ല. അതായത് വോട്ടറുടെ ഒരു വോട്ട് മാത്രമേ രേഖപ്പെടുത്താന്‍ കഴിയൂ. ഏതെങ്കിലും സാങ്കേതികവിദ്യ ഉപയോഗിച്ച് തുടര്‍ച്ചയായി വോട്ട് െചയ്യാന്‍ കഴിയില്ല.

2006 വരെയുള്ള കാലഘട്ടത്തില്‍ നിര്‍മ്മിക്കുകയും 2014 വരെ ഉപയോഗിക്കുകയും ചെയ്ത എം 1 യന്ത്രങ്ങള്‍ ഉപേക്ഷിക്കാന്‍ തിരഞ്ഞെടുപ്പ് കമ്മിഷന്‍ 2014ല്‍ തീരുമാനിച്ചിരുന്നു. പ്രത്യേക സുരക്ഷാ മാനദണ്ഡങ്ങളനുസരിച്ചാണ് യന്ത്രങ്ങള്‍ നശിപ്പിച്ചത്. 2013നുശേഷം നിര്‍മിച്ച എം 3 ഗണത്തിലെ യന്ത്രങ്ങള്‍ക്ക് പുറമേനിന്നുള്ള കടന്നുകയറ്റങ്ങളെ സ്വയം തിരിച്ചറിയാനുള്ള ശേഷിയുണ്ട്. യന്ത്രം ആരെങ്കിലും തുറന്നാല്‍ പ്രവര്‍ത്തനം നിലയ്ക്കും. ഹാര്‍ഡ്‌വെയറിലെയും സോഫ്റ്റ്‌വെയറിലേയും മാറ്റങ്ങള്‍ യന്ത്രം തിരിച്ചറിയും. വണ്‍ ടൈം പ്രോഗ്രാമബിള്‍ (ഒടിപി) സംവിധാനത്തിലധിഷ്ഠിതമായ സോഫ്റ്റുവെയര്‍ ആയതിനാല്‍ പുറമേനിന്ന് ആര്‍ക്കും മാറ്റങ്ങള്‍ വരുത്താന്‍ സാധിക്കില്ല. ആരെങ്കിലും ഇടപെട്ടാല്‍ യന്ത്രം പ്രവര്‍ത്തനരഹിതമാകും. 2,000 കോടി രൂപയാണ് ഈ ഇനത്തിലെ യന്ത്രങ്ങള്‍ നിര്‍മിക്കാന്‍ മാറ്റിവച്ചിരിക്കുന്നത്. 

ബൂത്തുകളിലെല്ലാം 'വിവിപാറ്റ്'; വോട്ട് ആര്‍ക്കെന്ന് 'കാണാം'

രാജ്യത്തെ മുഴുവന്‍ ബൂത്തുകളിലും വിവിപാറ്റ് (വോട്ടര്‍ വെരിഫൈഡ് പേപ്പര്‍ ഓഡിറ്റ് ട്രയല്‍) മുഖ്യ തിരഞ്ഞെടുപ്പു കമ്മിഷന്‍ ഉറപ്പാക്കും. കൃത്യതയും സുതാര്യതയും ഉറപ്പാക്കുകയാണു ലക്ഷ്യം. ബെംഗളൂരുവിലെ ഭാരത് ഇലക്ട്രോണിക്‌സ് ലിമിറ്റഡും ഹൈദരാബാദിലെ ഇലക്ട്രോണിക്‌സ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യ ലിമിറ്റഡും ചേര്‍ന്ന് ഇതുവരെ 9.45 ലക്ഷം വിവിപാറ്റുകള്‍ നിര്‍മിച്ചുകഴിഞ്ഞു. വോട്ട് ആര്‍ക്കു ചെയ്തുവെന്ന് വിവി പാറ്റ് മെഷീനില്‍ കാണാന്‍ കഴിയും. എന്നാല്‍, തിരുത്താന്‍ അവസരമില്ല. ചിഹ്നം ഉള്‍പ്പെടെയുള്ള സ്ലിപ്പ് ഏഴു സെക്കന്‍ഡ് കഴിയുമ്പോള്‍ വിവി പാറ്റ് യന്ത്രത്തില്‍ വീഴും. വോട്ടിങ് പൂര്‍ത്തിയായെന്നു ചുരുക്കം. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LATEST NEWS
SHOW MORE
FROM ONMANORAMA