പാർട്ടി ഓഫിസുകൾ ജനാധിപത്യത്തിന്റെ ഭാഗം; റെയ്ഡ് നടക്കാറില്ല: ചൈത്രയെ തള്ളി മുഖ്യമന്ത്രി

pinarayi-chaitra
SHARE

തിരുവനന്തപുരം∙ സിപിഎം തിരുവനന്തപുരം ജില്ലാ കമ്മിറ്റി ഓഫീസ് റെയ്ഡ് ചെയ്ത എസ്പി ചൈത്ര തെരേസാ ജോണിന്റെ നടപടിയെ വിമര്‍ശിച്ചു മുഖ്യമന്ത്രി പിണറായി വിജയന്‍. രാഷ്ട്രീയ പ്രവർത്തകരെ ഇകഴ്ത്തിക്കാട്ടാൻ ശ്രമം നടക്കുന്നതായി മുഖ്യമന്ത്രി പറഞ്ഞു. അത്തരത്തിലുള്ളൊരു നീക്കമായിരുന്നു സിപിഎം ജില്ലാകമ്മിറ്റി ഓഫിസിലെ റെയ്ഡ്. രാഷ്ട്രീയ പാർട്ടി ഓഫിസുകളിൽ സാധാരണ റെയ്ഡ് നടക്കാറില്ലെന്നും മുഖ്യമന്ത്രി നിയമസഭയിൽ പറഞ്ഞു. 

പാർട്ടി ഓഫിസുകൾ ജനാധിപത്യത്തിന്റെ ഭാഗമാണ്. അന്വേഷണങ്ങളോടു രാഷ്ട്രീയ പാർട്ടികൾ സഹകരിക്കാറുണ്ട്. പൊലീസ് റെയ്ഡ് സംബന്ധിച്ച് സിപിഎം നൽകിയ പരാതി ഡിജിപി അന്വേഷിക്കും. എല്ലാ പാർട്ടികൾക്കും സ്വതന്ത്രമായി പ്രവർത്തിക്കാൻ സാധിക്കണം. ഇതാണ് സർക്കാർ നയം. വ്യത്യസ്തമായ സമീപനമുണ്ടായാൽ യുക്തമായ നടപടിയെടുക്കും.

പൊതു പ്രവര്‍ത്തനത്തെ അംഗീകരിക്കാനും ബഹുമാനിക്കാനും കഴിയുകയെന്നതു ജനാധിപത്യസമൂഹത്തിന്റെ ആധാരശിലകളില്‍ ഒന്നാണ്. അതിനു ഭംഗംവരുത്തുന്ന ഒരു പ്രവര്‍ത്തനവും ആരില്‍നിന്നും ഉണ്ടാകാന്‍ പാടില്ല. ഈ പൊതുസമീപനമാണ് കേരളം പോലുള്ള ജനാധിപത്യസമൂഹങ്ങളില്‍ പുലര്‍ന്നുപോന്നിട്ടുള്ളത്. ആ സമീപനമാണ് സര്‍ക്കാര്‍ പൊതുവില്‍ സ്വീകരിച്ചിട്ടുള്ളതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

പാർട്ടി ഓഫിസിലെ റെയ്ഡ് നിയമവിരുദ്ധമല്ല

പൊലീസ് സ്റ്റേഷനിലേക്കു കല്ലേറ് നടത്തിയ ആക്രമികളെ കണ്ടെത്തുന്നതിന് സിപിഎം ഓഫിസ് റെയ്ഡ് നടത്തിയ നടപടി നിയമവിരുദ്ധമല്ലെന്ന് അന്വേഷണ റിപ്പോർട്ട്. എഡിജിപി മനോജ് എബ്രഹാമാണ് എസ്പി ചൈത്ര തെരേസ ജോണിന് അനുകൂലമായി റിപ്പോർട്ട് നൽകിയത്.

ചൈത്രയ്ക്കെതിരെ നടപടിയെടുക്കണമെന്നു ശുപാർശയില്ല. അതേസമയം ക്രമസമാധാന പ്രശ്ന സാധ്യത മുൻനിര്‍ത്തി ചൈത്രയ്ക്കു ജാഗ്രത പുലർത്താമായിരുന്നെന്നും റിപ്പോർട്ടിൽ പരാമർശമുണ്ട്. സിപിഎം ഓഫിസിൽ കുഴപ്പങ്ങളുണ്ടാക്കാൻ ശ്രമിച്ചിട്ടില്ല. പാർട്ടി ഓഫിസ് റെ‍യ്ഡ് നടത്തുന്ന കാര്യം മേലുദ്യോഗസ്ഥരെ അറിയിക്കാമായിരുന്നു. പരിശോധനാ സമയത്ത് അന്വേഷണ ഉദ്യോഗസ്ഥൻ ഒപ്പമുണ്ടായിരുന്നുവെന്നും എഡിജിപി വ്യക്തമാക്കി.

റിപ്പോർട്ട് എഡിജിപി ഡിജിപിക്ക് കൈമാറി. അതേസമയം എസ്പി ചൈത്രയ്ക്കെതിരായ നീക്കം പൊലീസിന്റെ ആത്മവീര്യം തകർക്കുന്നതാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LATEST NEWS
SHOW MORE
FROM ONMANORAMA